oda

ചിറയിൻകീഴ്: ഓടയ്ക്ക് സ്ളാബില്ലാത്തത് മൂലം പാലകുന്ന്-ഈഞ്ചയ്ക്കൽ റോഡിലെ യാത്രക്കാർ അപകടഭീഷണിയിൽ. ഒരുമാസം മുമ്പ് ഓട നവീകരണത്തിന്റെ ഭാഗമായി മാറ്റിവച്ച സ്ലാബുകൾ പുനഃ സ്ഥാപിക്കാത്തതാണ് യാത്രക്കാരെ ദുരിതത്തിലാക്കുന്നത്.

തന്മൂലം റോഡിനിരകിൽ താമസിക്കുന്നവർക്ക് വാഹനങ്ങൾ റോഡിലിറക്കാനോ, വീട്ടിലേക്ക് കയറ്റിയിടാനോ സാധിക്കാത്ത സ്ഥിതിയാണ്. ഓട നിർമാണവുമായി ബന്ധപ്പെട്ട് ഒരാഴ്ചത്തെ സാവകാശത്തിനുള്ള അറിയിപ്പാണ് അധികൃതർ നൽകിയിരുന്നത്. ഇതനുസരിച്ച് പലരും നാലു ചക്ര വാഹനങ്ങളെ സമീപത്തെ ബന്ധുവീടുകളിലും ചിലർ വീട്ടിൽ തന്നെയും പാർക്ക് ചെയ്തു. എന്നാൽ ഒരുമാസമായിട്ടും ഓടയിലെ സ്ലാബ് ഇളക്കിമാറ്റിയതല്ലാതെ മറ്റ് ജോലികളൊന്നും നടന്നില്ല. ഇത് നാട്ടുകാരെ രോഷാകുലരാക്കിയിരിക്കയാണ്. അതേസമയം, പുതുവീട് ജംഗ്ഷൻ മുതൽ ഈഞ്ചയ്ക്കൽ ആറുവരെയുള്ള ഭാഗത്തെ ഓട നവീകരണം പൂർത്തിയാക്കിയിരുന്നു.

ഓട നവീകരണം എത്രയും വേഗം പൂർത്തിയാക്കി ജനങ്ങളുടെ ദുരിതങ്ങൾ അവസാനിപ്പിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.