ഇന്ത്യയുടെ രണ്ടാം ചന്ദ്രയാൻ യാത്ര ഒന്നാം യാത്രയെക്കാൾ വെല്ലുവിളികൾ നിറഞ്ഞതും കൂടുതൽ നേട്ടങ്ങൾ ലക്ഷ്യമാക്കിയുമുള്ളതാണ്. ചന്ദ്രയാൻ 2 ദൗത്യത്തിന്റെ തുടക്കം മുതൽ അതിന്റെ അണിയറയിലെ പ്രധാനികളിലൊരാളാണ് തിരുവനന്തപുരം വി.എസ്.എസ്.സി ഡയറക്ടറും രാജ്യത്തെ പ്രമുഖ ബഹിരാകാശ ശാസ്ത്രജ്ഞരിൽ ഒരാളുമായ എസ്. സോമനാഥ്. കൊല്ലം ടി.കെ.എം.എൻജിനിയറിംഗ് കോളേജിലും ബാംഗ്ളൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസിലും പഠനം പൂർത്തിയാക്കി 1985 ൽ ഐ.എസ്.ആർ.ഒയിലെത്തിയ സോമനാഥ് ഇന്ത്യയ്ക്ക് സ്വന്തമായി ഉപഗ്രഹവിക്ഷേപണ സംവിധാനവും റോക്കറ്റ് സാങ്കേതികവിദ്യയും കരസ്ഥമാക്കുന്നതിൽ മുൻനിര പങ്കുവഹിച്ച വിദഗ്ദ്ധനാണ്. ചന്ദ്രയാൻ 2 ന്റെ വിജയകരമായ വിക്ഷേപണത്തിന് ശേഷം അദ്ദേഹം കേരളകൗമുദിയുമായി സംസാരിച്ചപ്പോൾ:-
ചന്ദ്രയാൻ 2 ന്റെ തുടക്കം വൻ വിജയമായിരുന്നോ?
അതെ. ജൂലായ് 15ന് വിക്ഷേപിക്കാനായിരുന്നു ലക്ഷ്യമിട്ടത്. ചില സാങ്കേതിക പ്രശ്നങ്ങൾ മൂലം ഒരാഴ്ച വൈകി. എന്നിരുന്നാലും ദൗത്യം നിർദ്ദിഷ്ട സമയത്ത് തന്നെ പൂർത്തിയാക്കും. ജി.എസ്.എൽ.വി റോക്കറ്റ് ഉപയോഗിച്ച് ജൂലായ് 22ന് നടത്തിയ വിക്ഷേപണം പ്രതീക്ഷിച്ചതിലും വിജയമായിരുന്നു. ചന്ദ്രയാൻ 2 സെപ്തംബർ ഏഴിന് വെളുപ്പിന് എത്തുമെന്ന രീതിയിലാണ് പ്ളാൻ ചെയ്തിരിക്കുന്നത്.
വിക്ഷേപണം വൈകിയത് മൂലമുളള സമയനഷ്ടം എങ്ങനെ പരിഹരിക്കും.?
എട്ടു ദിവസം നഷ്ടമായി എന്ന് പറയാനാവില്ല. ചന്ദ്രനിലേക്ക് ഇവിടെ നിന്ന് നാലുലക്ഷം കിലോമീറ്റർ ദൂരമുണ്ട്. നാം ബഹിരാകാശത്ത് കൂടി നേരിട്ട് യാത്ര ചെയ്താൽ അഞ്ച് ദിവസം കൊണ്ട് അവിടെയെത്താം. എന്നാൽ ചെലവ് കുറഞ്ഞ രീതിയിൽ അൽപം സമയമെടുത്താലും ദൗത്യം വിജയിപ്പിക്കുന്നതാണ് നമ്മുടെ മിഷൻ തന്ത്രം. ഭൂമിയുടെ ചുറ്റും ഭ്രമണപഥത്തിൽ അത് പടിപടിയായി ഉയർത്തിക്കൊണ്ടുവന്ന് ഏറ്റവും കുറച്ച് ഇന്ധനം മാത്രം ചെലവ് ചെയ്ത് ചന്ദ്രനിൽ എത്തുന്ന സാങ്കേതിക വിദ്യയാണത്. ഭൂമിയുടെ ഗുരുത്വാകർഷണം മാത്രം എടുത്ത് ചന്ദ്രനിൽ എത്തുന്ന ഒരു സൂത്രം. നേരിട്ട് നാം വെലോസിറ്റി ഉപയോഗിച്ച് ചന്ദ്രനിലെത്താൻ ശ്രമിച്ചാൽ കൂടുതൽ ഇന്ധനം ചെലവാകും. അങ്ങനെയാണ് പണ്ട് അപ്പോളോയും മറ്റും പോയ്ക്കൊണ്ടിരുന്നത്. വലിയ ഭീമാകാരമായ റോക്കറ്റ് ഉപയോഗിച്ച് അവർ അത് ചെയ്തുകൊണ്ടിരുന്നത്. പേടകത്തിൽ മനുഷ്യരുണ്ടെങ്കിൽ അങ്ങനെ മാത്രമേ പോകാനാകൂ. എന്നാൽ മനുഷ്യരില്ലാതെ പേടക ദൗത്യങ്ങളിൽ നിരവധി ദിവസമെടുത്ത് പോകാനാകും. നാം ഭൂമിക്ക് ചുറ്റും 23 ദിവസം ഭ്രമണം ചെയ്യും. അതിനർത്ഥം അത്രയും തവണ ഭൂമിയെ ചുറ്റുന്നു എന്നല്ല. തുടക്കത്തിൽ ഭൂമിയെ ഒരുവട്ടം ചുറ്റാൻ പേടകത്തിന് ഒരു ദിവസമെടുക്കും. പിന്നീട് ഭ്രമണപഥം ഉയർത്തുമ്പോൾ ഭൂമിയെ ചുറ്റുന്നതിന്റെ എണ്ണം കുറയും. ചന്ദ്രനിലേക്കുള്ള ദൈർഘ്യത്തിന്റെ മൂന്നിലൊന്നിലെത്തുമ്പോൾ ഏകദേശം അഞ്ചോ, ആറോ ദിവസം കൊണ്ട് മാത്രമേ പേടകം ഭൂമിയെ ഒരു തവണ ചുറ്റുകയുള്ളൂ. അങ്ങനെ ഭ്രമണപഥം ഉയർത്താൻ അഞ്ച് തവണ മാത്രമാണ് കഴിയുക. അത് ഏറ്റവും ഫലപ്രദമായ ഒരു ഘട്ടത്തിൽ മാത്രം കുറച്ച് ഉൗർജ്ജം ചെലവഴിച്ചായിരിക്കും നിർവഹിക്കുക. അതായത് എവിടെയെല്ലാം ചെലവ് കുറയ്ക്കാനുകുമോ അവിടെയെല്ലാം കുറച്ച് കൊണ്ടാണ് ചന്ദ്രദൗത്യം നിർവഹിക്കുന്നത്.
സമയനഷ്ടം ദൗത്യത്തിന് പ്രതിസന്ധിയല്ല എന്നാണോ ?
സമയം നഷ്ടമാകുന്നില്ല. നമുക്ക് ആവശ്യത്തിന് സമയമുണ്ട്. ഇൗ സമയത്തിനുള്ളിൽ ചന്ദ്രനിലെത്തുന്ന സമയം നിശ്ചയിച്ചിട്ടുണ്ട്. ആ ദിവസം തന്നെ ചന്ദ്രനിലെത്തും. ചന്ദ്രയാൻ 2 ചന്ദ്രനിൽ എത്തുന്ന സമയത്തിന് പ്രത്യേകതയുണ്ട്. അത് 'സിദറിയൽ" ദിവസമാണ്. അതായത് ചന്ദ്രനിലെ പകൽ ദിവസം. ചന്ദ്രനിലെ ഒരു പകലിലൂടെ ഭൂമിയിലെ പതിനഞ്ച് ദിവസക്കാലം നമുക്ക് ഗവേഷണ പര്യവേഷണങ്ങൾക്ക് ലഭിക്കും. പകൽ കിട്ടുന്നു എന്നതിന്റെ നേട്ടം സൂര്യപ്രകാശം കിട്ടുന്നു എന്നതാണ്. അത് ഉൗർജ്ജ ഉത്പാദനത്തിന് അനുകൂലമാണ്. പകൽ തുടങ്ങുന്ന ദിവസം രാവിലെ തന്നെ അവിടെയെത്തണം. അങ്ങനെയാണ് സെപ്തംബർ ഏഴ് നിശ്ചയിച്ചിരിക്കുന്നത്. ഒാർബിറ്റ് ഉയർത്തുന്ന രീതി മാറ്റിയാൽ നഷ്ടപ്പെടുന്ന സമയം ക്രമീകരിച്ച് നിശ്ചിതദിവസം തന്നെ എത്തിക്കാനുമാകും.
ചന്ദ്രയാൻ 2 പ്രയാണത്തിൽ നേരിടുന്ന വെല്ലുവിളികൾ എന്തൊക്കെയാണ് ?
നേരത്തെ ചന്ദ്രനിലെത്തിയാൽ കൂടുതൽ ദിവസം അവിടെ നിൽക്കാനാകും. എന്നാൽ കൂടുതൽ ദിവസം ഭ്രമണപഥത്തിൽ നിൽക്കുമ്പോഴുള്ള പ്രധാന വെല്ലുവിളി എന്തെന്നാൽ 'വാനെലൻ ബർത്തപ്പ് സോൺ" ആണ്. ഏകദേശം പതിനായിരം കിലോമീറ്റർ മേലെ ഭൂമിയിൽ ചുറ്റിക്കൊണ്ടിരിക്കുന്ന വൈദ്യുതി കാന്തിക ആകർഷണവലയമാണത്. വളരെ ശക്തിയേറിയ മേഖലയാണിത്. ഉപഗ്രഹങ്ങൾ അത് ക്രോസ് ചെയ്യുമ്പോൾ ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്ക് കേടുവരും. ഉപഗ്രഹങ്ങൾ അയയ്ക്കുമ്പോൾ ഇൗ മേഖല ക്രോസ് ചെയ്യാതിരിക്കാൻ ശ്രദ്ധിച്ചുകൊണ്ടാണ് അത് കൈകാര്യം ചെയ്യുന്നത്. ഗ്രഹാന്തരദൗത്യം നടത്തുമ്പോൾ ഇത് ഒഴിവാക്കാനാവില്ല. 40,000 കിലോമീറ്റർ മേലെ നമ്മുടെ പേടകം ചുറ്റുമ്പോൾ രണ്ടുതവണ ഇൗ മേഖലയിലൂടെ കടന്നുപോകേണ്ടിവരും. അത് പ്രധാനവെല്ലുവിളിയാണ്. അത് കണക്കിലെടുത്താണ് പേടകത്തിലെ ടോട്ടൽ റേഡിയേഷൻ ശക്തിപ്പെടുത്തിയിരിക്കുന്നത്. മറ്റൊന്ന് ഇത്തരം സാഹചര്യങ്ങൾ അതിജീവിക്കാനും ഭ്രമണപഥം ഉയർത്താനും വാർത്താവിനിമയബന്ധം മുറിയാതെ നിലനിറുത്താനും വലിയതോതിൽ മനുഷ്യപ്രയത്നവും ശ്രദ്ധയും അനിവാര്യമാണ്. അതും ഒരു പ്രധാന വെല്ലുവിളിയാണ്. കൂടുതൽ സമയം ഇതിന് വേണ്ടി ചെലവാക്കണം. എന്നാൽ ഇതിന് നേട്ടവുമുണ്ട്. ഇത്തരത്തിൽ സദാജാഗരൂകരായി ഇരിക്കുന്നത് കൊണ്ട് പിഴവുകൾ പെട്ടെന്ന് കണ്ടെത്താനും തിരുത്താനും കഴിയും.
ഭൂമിയുടെ ആകർഷണവലയത്തിൽ നിന്നുകൊണ്ട് തന്നെ ചന്ദ്രന്റെ ആകർഷണവലയത്തിലേക്ക് തെന്നിമാറുന്നതും ഏറെ വെല്ലുവിളികൾ നിറഞ്ഞതാണ്. സൂക്ഷ്മായി നിർവഹിക്കേണ്ട കാര്യമാണത്. ചന്ദ്രന്റെ അറുപതിനായിരം കിലോമീറ്റർ അടുത്തെത്തുമ്പോഴാണ് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് എത്തുക. ഇതിന് പുറമെ ചന്ദ്രന്റെ, ഭൂമിക്ക് മറുപുറമുള്ള വശത്തെത്തുമ്പോൾ ഭൂമിയുമായി ചന്ദ്രയാനുള്ള ബന്ധം മുറിയും. ഇത് പുനഃസ്ഥാപിച്ച് നിലനിറുത്തേണ്ടതും വെല്ലുവിളിയാണ്. അതെല്ലാം മറികടക്കാനുള്ള മുൻകരുതലുകളെടുത്തിട്ടുണ്ട്.
ചന്ദ്രയാൻ രണ്ടിന്റെ പ്രധാന നേട്ടമെന്താണ്. ജനങ്ങൾക്ക് അത് എങ്ങനെയാണ് പ്രയോജനപ്പെടുക ?
നേട്ടം പലവിധത്തിലാണ്. അത് ശാസ്ത്രജ്ഞന്റെ വീക്ഷണകോണിലും പൗരന്റെ വീക്ഷണകോണിലുമൊക്കെ കാണാം. ശാസ്ത്രജ്ഞന്റെ കണ്ണിലൂടെ നോക്കിയാൽ ഇൗ ദൗത്യത്തിലൂടെ ചന്ദ്രനെകുറിച്ച് കൂടുതൽ അറിവ് ലഭിക്കും. ചന്ദ്രനെകുറിച്ച് റഷ്യയ്ക്കും മറ്റും ഇപ്പോൾത്തന്നെ അറിയാമല്ലോ എന്ന് ചോദിച്ചാൽ അവർക്കറിയാവുന്നത് നമുക്ക് അറിയില്ല. എന്നതാണ് ഉത്തരം. അവരാരും അത്തരം അറിവുകൾ നമുക്ക് തരാറില്ല. ഉദാഹരണത്തിന് ചന്ദ്രന്റെ ഗുരുത്വാകർഷണം നമുക്ക് അറിയില്ല. നമ്മുടെ ദൗത്യത്തിന് തുടക്കമിട്ടപ്പോൾ നാം അത്തരം വിവരങ്ങൾ അവരിൽ നിന്ന് വാങ്ങുകയായിരുന്നു. അവർ അത് പൂർണമായും നൽകിയെന്ന് വരില്ല. അവർ നൽകിയ വിവരങ്ങൾ സ്വീകരിച്ചാണ് നാം ഇപ്പോൾ ഇത് ചെയ്തത്. എന്നാൽ നാം നേരിട്ട് ഇത്തരം ദൗത്യങ്ങൾ വിജയിപ്പിക്കുമ്പോൾ ആ രീതിയിൽ ചന്ദ്രനെക്കുറിച്ചുള്ള നിരവധി ശാസ്ത്രീയ വിവരങ്ങൾ നമുക്ക് ലഭിക്കും.
ചന്ദ്രന്റെ ഒരു മാപ്പ് നമുക്ക് നിർമ്മിക്കാം. ഒന്നാം ചാന്ദ്രദൗത്യത്തിൽ ജലം കണ്ടെത്താൻ നമുക്കായി. ഇക്കുറി പതിനാല് തരത്തിലുള്ള വിവിധ ശാസ്ത്ര കണ്ടെത്തലുകൾ കൈക്കലാക്കാൻ നമുക്കാകുമെന്നാണ് പ്രതീക്ഷ. ശാസ്ത്രമേഖലയ്ക്ക് അത് വലിയ പ്രയോജനമാണ്. ശാസ്ത്രഅറിവുകൾ കൊണ്ട് എന്ത് പ്രയോജനം എന്ന ചോദ്യം ഉണ്ടാകാം. എന്നാൽ എന്തെങ്കിലും നേട്ടം ആഗ്രഹിച്ചല്ല ശാസ്ത്ര അറിവുകളുണ്ടാക്കുന്നത്. അത് സമൂഹത്തിന് വേറൊരു തരത്തിൽ പ്രയോജനം ചെയ്യുമെന്നതിനാലാണ്. കണ്ടെത്തുക എന്നതാണ് പ്രധാനം. എന്തിന് ബ്ളാക്ക് ഹോളിനെ കുറിച്ച്, ഭൂമിയുടെ ഉത്ഭവം. പ്രോട്ടോൺ പ്രതിഭാസം എന്നിവയൊക്കെ പഠിക്കുന്നു എന്ന് ചോദിച്ചാൽ അത് മനുഷ്യരാശിക്ക് ആത്യന്തിക നേട്ടമുണ്ടാക്കുമെന്നതാണ് ഉത്തരം. ഇതിന് പുറമെ സാമ്പത്തിക, സാമൂഹിക നേട്ടങ്ങളും ചന്ദ്രയാനിലൂടെ ലഭിക്കും. അടുത്ത കാലത്ത് ചന്ദ്രനിലേക്ക് യാത്ര പോകാൻ രാജ്യാന്തരതലത്തിൽ തന്നെ താത്പര്യം വർദ്ധിച്ചു. യൂറോപ്പ്, ജപ്പാൻ, അമേരിക്ക, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങൾ ചാന്ദ്രപദ്ധതികളൊരുക്കിക്കഴിഞ്ഞു. ഇന്ത്യയെ സംബന്ധിച്ച് സ്പെയ്സ് സയൻസ് വളരെ പ്രധാന്യമുള്ളതാണ്. നമ്മുടെ ഭാവിക്കായി വളരെ ക്രിയാത്മകമായി ഇൗ രംഗത്ത് ചുവടുറപ്പിക്കേണ്ടതുണ്ട്. നമുക്കും മറ്റ് രാജ്യങ്ങൾക്കൊപ്പം ചന്ദ്രനിൽ അവകാശം സ്ഥാപിക്കേണ്ടതുണ്ട്.
അത് അവിടെ നിന്ന് എന്തെങ്കിലും കൊണ്ടുവരാനല്ല. മറിച്ച് ഭാവിയിൽ ചന്ദ്രൻ വലിയൊരു റിസോഴ്സായി മാറും. ഭാവി പര്യവേക്ഷണങ്ങൾ നടത്താനുള്ള വലിയൊരു ബേയ്സ് ആയി ചന്ദ്രൻ മാറും. അപ്പോൾ അത് പ്രയോജനപ്പെടും. ചൊവ്വയിലേക്ക് മിഷൻ നടത്തുമ്പോൾ ലോംഗ് മാർച്ച്, സ്പെയ്സ് എക്സ് എന്നിവയ്ക്ക് ചന്ദ്രൻ ഇടത്താവളമായി മാറും. ഇന്ത്യയ്ക്കും അത്തരം ആവശ്യങ്ങളുണ്ടാകും. ഭാവിയിൽ നമ്മുടെ കമ്മ്യൂണിക്കേഷന് ചന്ദ്രൻ വലിയ ഘടകമായിമാറും. ജി.പി.എസ് എന്നിവ ചന്ദ്രനെ അടിസ്ഥാനമാക്കിയാവും ഭാവിയിൽ പ്രവർത്തിക്കുക.
സാമൂഹ്യരംഗത്ത് ചന്ദ്രയാൻ രാജ്യത്തുണ്ടാക്കിയ ചലനം വലുതാണ്. അഭിമാനകരമായ കാര്യമായാണ് സാധാരണക്കാർ പോലും അതിനെ കാണുന്നത്. നമുക്കും ഇതെല്ലാം ആകുമെന്ന ഒരു ജനതയുടെ ആത്മവിശ്വാസമാണത്. ശാസ്ത്രകഴിവിനെ ഉയർത്തിക്കാണിക്കുന്നത് സമൂഹത്തിൽ പൊതുവെയും വിദ്യാർത്ഥികളിൽ സവിശേഷമായും വലിയ ശാസ്ത്രാഭിമുഖ്യവും പ്രതീക്ഷയും ഉണ്ടാക്കും. മുടക്കുന്ന പണത്തെക്കാൾ വലിയ നേട്ടമാണിതെല്ലാം. രാജ്യത്തിന്റെ ശക്തി ശാസ്ത്രമാണ്. സാമ്പത്തികം, സാമൂഹ്യം ജീവിതനിലവാരം എന്നിവ അതിനെ ബാധിക്കുന്നു. ഭാവിയിൽ അത് എങ്ങനെ കൂടുതൽ പ്രയോജനപ്രദമാകുന്നു എന്നത് കണ്ടറിയേണ്ട കാര്യമാണ്.