aneesh

ചിറയിൻകീഴ്: വധശ്രമം ഉൾപ്പടെ നിരവധി കേസുകളിലെ പ്രതി പൊലീസ് പിടിയിൽ. ആറ്റിപ്ര കുളത്തൂർ തൃപ്പാദപുരം ലളിതാഭവനിൽ പശ അനീഷ് എന്നു വിളിക്കുന്ന അനീഷ് (34) ആണ് പിടിയിലായത്. വീട്ടിൽ അതിക്രമിച്ചു കയറി കോളിച്ചിറ സ്വദേശി രാജേഷിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലടക്കം കഴക്കൂട്ടം, കഠിനംകുളം, തുമ്പ തുടങ്ങിയ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ട്. പ്രതിയുടെ ഭാര്യയുടെ ആദ്യ ഭർത്താവിന്റെ മകളെ കോളിച്ചിറ സ്വദേശി രാജേഷിന്റെ ഒത്താശയോടെയാണ് ഓട്ടോ ഡ്രൈവർ സ്നേഹിച്ച് വിളിച്ചുകൊണ്ടു പോയതെന്നും ഇതിലുള്ള വിരോധമാണ് കൊലപാതക ശ്രമത്തിനു പിന്നിലെന്നും പൊലീസ് പറഞ്ഞു. അടിപിടി, ഗുണ്ടാ പ്രവർത്തനം, കൊലപാതകം, വധശ്രമം തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ ഇയാൾ ഒളിവിൽ കഴിയവേയാണ് ചിറയിൻകീഴ് പൊലീസ് അറസ്റ്റ് ചെയ്തത്. ചിറയിൻകീഴ് പൊലീസ് ഇൻസ്പെക്ടർ സജീഷ്, എസ്.ഐ വിനീഷ്, സി.പി.ഒ മാരായ ബൈജു, ശരത്, സുൽഫിക്കർ, ഉണ്ണിക്കൃഷ്ണൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.