nadapatha

കിളിമാനൂർ: കിളിമാനൂർ പബ്ലിക് മാർക്കറ്റിന് മുന്നിലുള്ള നടപ്പാത തടസപ്പെടുത്തി പാറ പൊടി നിക്ഷേപിച്ചിരിക്കുന്നത് അപകടങ്ങൾക്ക് കാരണമാകുന്നു. തിരക്കേറിയ കിളിമാനൂർ - പുതിയകാവ് റോഡിൽ മാർക്കറ്റിന് എതിർവശത്തായിട്ടാണ് ഒരു മാസമായി പാറപ്പൊടി നിക്ഷേപിച്ചിരിക്കുന്നത്. ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് ഈ നടപ്പാതയിലൂടെ കടന്നുപോകുന്നത്. രണ്ടടിയിലേറെ ഉയരത്തിൽ പാറപ്പൊടി കൂനയായി കിടക്കുന്നത് കാരണം കാൽനടയാത്രക്കാർ റോഡിൽ ഇറങ്ങിയാണ് നടക്കുന്നത്. ജില്ലയിലെ പ്രധാന മാർക്കറ്റാണ് കിളിമാനൂരിലേത്. ഇവിടെ ചന്ത ദിവസങ്ങളിൽ വിദൂര നാടുകളിൽ നിന്നു പോലും ആയിരക്കണക്കിനാളുകളാണ് എത്തുന്നത്. കൂനയായി കിടക്കുന്ന പാറ പൊടിയ്ക്ക് മുകളിലൂടെ കയറി ഇറങ്ങുന്ന കാൽനടയാത്രക്കാരിൽ പലരും റോഡിലേക്ക് തെന്നി വീഴുന്നു. കഴിഞ്ഞ ദിവസം ഇത്തരത്തിൽ റോഡിലേക്ക് തെന്നി വീണ വൃദ്ധൻ വാഹനത്തിന് അടിയിൽ പെടാതിരുന്നത് ഭാഗ്യം കൊണ്ട് മാത്രമാണ്. അടിയന്തരമായി പാറ പൊടി നീക്കം ചെയ്യണം എന്നാണ് നാട്ടുകാരുടെ ആവശ്യം.