ഗതാഗത നിയമലംഘനങ്ങൾക്ക് കനത്ത പിഴശിക്ഷയ്ക്കുള്ള വ്യവസ്ഥകൾ ഉൾക്കൊള്ളുന്ന മോട്ടോർ വാഹന നിയമഭേദഗതിബിൽ ലോക്സഭ കഴിഞ്ഞദിവസം പാസാക്കുകയുണ്ടായി. ഗതാഗതമേഖലയിൽ സമൂലമാറ്റങ്ങളാണ് ഭേദഗതി നിയമംകൊണ്ടു ലക്ഷ്യമാക്കുന്നത്. രാഷ്ട്രീയത്തിന് അതീതമായി ഭേദഗതി ബില്ലിന് ലോക്സഭയിൽ പൊതുവെ മികച്ച പിന്തുണയാണ് ലഭിച്ചത്. ദേശീയ ഗതാഗതനയം നടപ്പാക്കുമ്പോൾ ഇഷ്ടമില്ലാത്ത വ്യവസ്ഥകൾ സംസ്ഥാനങ്ങൾക്ക് തിരസ്കരിക്കാമെന്ന് ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരി സഭയിൽ വ്യക്തമാക്കിയിരുന്നു. എങ്കിലും സംശയദൃഷ്ടിയോടെയാണ് പ്രതിപക്ഷം ഇതിനെ കാണുന്നത്. മോട്ടോർ വാഹന ഭേദഗതി ബിൽ ഇനി രാജ്യസഭ കൂടി പാസാക്കേണ്ടതുണ്ട്. അവിടെയും വലിയ എതിർപ്പുയരാൻ ഇടയില്ലാത്തതിനാൽ ബിൽ സുഗമമായി കടമ്പ കടക്കുമെന്ന് പ്രതീക്ഷിക്കാം.
രാജ്യത്ത് ഒാരോ വർഷവും അരലക്ഷത്തിലേറെപ്പേരാണ് റോഡപകടങ്ങളിൽ മരണമടയുന്നത്. അതിന്റെ പലമടങ്ങു വരും അപകടങ്ങളിൽ പരിക്കേൽക്കുന്നവരുടെ സംഖ്യ. അഭൂതപൂർവമായ വാഹനപ്പെരുപ്പം രാജ്യത്ത് എവിടെയും പൊതുനിരത്തുകൾക്ക് ഉൾക്കൊള്ളാനാകാത്ത വിധമായിക്കഴിഞ്ഞു. വാഹനപ്പെരുപ്പത്തിനൊപ്പം അപകടങ്ങളും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഗതാഗത നിയമങ്ങൾ കർക്കശമാക്കാൻ കേന്ദ്രസർക്കാർ കൈക്കൊണ്ട തീരുമാനത്തിന് പ്രധാന നിമിത്തമായത് റോഡപകടങ്ങളിലുണ്ടായിക്കൊണ്ടിരിക്കുന്ന വൻവർദ്ധന തന്നെയാണ്. ആരോഗ്യകരമായ ഡ്രൈവിംഗ് സംസ്കാരത്തിൽ നിന്ന് രാജ്യത്തെ പൊതുനിരത്തുകൾ ഇപ്പോഴും ഏറെ അകലെയാണ്. അതുകൊണ്ടാണ് അപകടങ്ങളും മരണങ്ങളും അനിയന്ത്രിതമായി വർദ്ധിക്കുന്നത്. മുഷ്കും താന്തോന്നിത്തവും മര്യാദകേടും പുറത്തെടുക്കാനുള്ള ഇടങ്ങളായി നിരത്തുകൾ മാറുമ്പോൾ അപകടനിരക്ക് ഉയർന്നില്ലെങ്കിലേ അത്ഭുതമുള്ളൂ.
മോട്ടോർവാഹന നിയമത്തിലെ പുതിയ ഭേദഗതികൾ പ്രകാരം എല്ലാത്തരം നിയമലംഘനങ്ങൾക്കും കനത്ത തോതിലാണ് പിഴ. മദ്യപിച്ച് വാഹനം ഒാടിച്ചാൽ പതിനായിരം രൂപയാണ് ശിക്ഷ. വാഹനാപകടങ്ങൾക്കുള്ള പ്രധാന കാരണങ്ങളിലൊന്ന് മദ്യപിച്ച് വാഹനം ഒാടിക്കുന്നതാണെന്ന് നിരവധി പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. പിഴത്തുകയിലുണ്ടാകുന്ന വൻവർദ്ധന നിയമലംഘകരെ പിടികൂടാൻ നിയോഗിക്കുന്ന നിയമപാലകരെ വഴിതെറ്റിക്കുന്ന സാഹചര്യം ഉണ്ടാകാതെ നോക്കണം. നല്ലൊരു തുക കൈക്കൂലിയായി നൽകി നിയമത്തിന്റെ പിടിയിൽ നിന്ന് ഉൗരിപ്പോകാനുള്ള പ്രവണത മനുഷ്യസഹജവുമാണ്. ഏറ്റവും കൂടുതൽ കൈക്കൂലി കൈമറിയുന്ന മേഖലകളിലൊന്നാണ് നിരത്തുകളിലെ വാഹനപരിശോധന. അമിതവേഗം, ഡ്രൈവിംഗിനിടെ മൊബൈൽ ഉപയോഗം, ലൈസൻസ് ഇല്ലാതെ വാഹനം ഒാടിക്കൽ തുടങ്ങിയ കുറ്റങ്ങൾക്ക് പുതിയ നിയമപ്രകാരം പിഴ അയ്യായിരം രൂപയാണ്. ചരക്കുവണ്ടികൾ അമിതഭാരം കയറ്റിയാൽ ഭേദഗതി നിയമം നടപ്പാകുന്നതോടെ പിഴ രണ്ടായിരം രൂപയിൽ നിന്ന് ഇരുപതിനായിരം രൂപയായി ഉയരും. ആംബുലൻസുകൾക്കും അതുപോലുള്ള വാഹനങ്ങൾക്കും വഴി കൊടുക്കാതിരിക്കുന്നതും കൂടിയ പിഴ ക്ഷണിച്ചുവരുത്തുന്ന കുറ്റമായി പരിഗണിക്കും. പതിനായിരം രൂപയാണ് ഇതിനുള്ള പിഴശിക്ഷ. ഇതുപോലെ ഹെൽമറ്റ് / സീറ്റ് ബെൽറ്റ് ലംഘനങ്ങൾക്കും പിഴ പത്തിരട്ടിയായി ഉയരും. നിലവിൽ നൂറുരൂപ നൽകേണ്ടിടത്ത് പുതിയ നിയമമനുസരിച്ച് ആയിരം രൂപയാകും.
റോഡ് സുരക്ഷ ഉറപ്പാക്കി അപകടങ്ങൾ പരമാവധി നിയന്ത്രിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് മോട്ടോർവാഹന നിയമത്തിലെ സുപ്രധാന ഭേദഗതികൾ നിയമലംഘനങ്ങൾക്കുള്ള ശിക്ഷ വർദ്ധിപ്പിക്കുന്നതിനൊപ്പം അപകടത്തിനിരയാകുന്നവർക്ക് ചില പരിരക്ഷകളും നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇടിച്ചിട്ട് രംഗത്തുനിന്ന് നിഷ്ക്രമിക്കുന്ന ഡ്രൈവർമാർ വർദ്ധിച്ചുവരുന്ന കാലമാണിത്. ദൃക്സാക്ഷികളായി സമീപത്ത് ആരുമില്ലെങ്കിൽ അപകടത്തിൽപ്പെട്ട ആളെ വഴിയിൽത്തന്നെ ഉപേക്ഷിച്ച് വാഹനവുമായി കുതിച്ചു പായുന്നവർ ഏറെയാണ്. ഇത്തരം സംഭവങ്ങളിൽ അപകടത്തിനിരയായവർക്ക് രണ്ടുലക്ഷം രൂപവരെ നഷ്ടപരിഹാരം സർക്കാർ നൽകും. അതുപോലെ അപകടത്തിൽപ്പെട്ടവരെ ഉടൻ ആശുപത്രിയിലെത്തിക്കുന്ന ആൾക്കാർക്ക് പൊലീസ് മുറകളിൽ നിന്ന് പൂർണസംരക്ഷണവും ഉറപ്പാക്കും. ഇരകൾക്ക് ആശുപത്രികളിൽ ഉടൻ പണം നൽകാതെ തന്നെ ആവശ്യമായ ചികിത്സയും ലഭിക്കും.
എന്തെല്ലാം സംക്ഷണ വ്യവസ്ഥകൾ വന്നാലും അപകടനിരക്ക് കുറയണമെങ്കിൽ വാഹനം ഒാടിക്കുന്നവർ തന്നെ മനസ് വയ്ക്കണം. വാഹനം ഒാടിക്കാനുള്ള പരിശീലനത്തിൽ ഏർപ്പെടുന്ന ഘട്ടം മുതൽ തന്നെ റോഡ് നിയമങ്ങളെക്കുറിച്ചും സുരക്ഷിത ഡ്രൈവിംഗിനെക്കുറിച്ചും പൊതുനിരത്തിൽ അവശ്യം പാലിക്കേണ്ട മര്യാദകളെക്കുറിച്ചും മികച്ച രീതിയിലുള്ള ബോധവത്കരണം ആവശ്യമാണ്. ഗതാഗതനിയമം കർക്കശമാക്കിയതു കൊണ്ടുമാത്രം അപകടങ്ങൾ കുറയണമെന്നില്ല. നിയമപരിഷ്കാരത്തിനൊപ്പം തന്നെ റോഡുകളുടെ അവസ്ഥ മെച്ചപ്പെടുത്താനും അടിയന്തര നടപടികൾ വേണം. സാങ്കേതിക മികവുള്ള റോഡുകൾ അപകടനിരക്ക് നല്ല തോതിൽ കുറയ്ക്കും. രാജ്യത്തെ ഹൈവേകളിൽ മാത്രം പതിനാലായിരം അപകടമേഖലകളാണ് കണ്ടെത്തിയിട്ടുള്ളത്. ഇൗ നിരത്തുകൾ അപകടമുക്തമാക്കും വിധം പുനരുദ്ധരിക്കാൻ ലോകബാങ്ക് സഹായത്തോടെ 14000 കോടിരൂപയുടെ പദ്ധതി നടപ്പാക്കുമെന്ന് ഗതാഗതമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. അടിയന്തരമായി അത് പൂർത്തിയാക്കുന്നതിലും മന്ത്രിയുടെ ഇടപെടലുണ്ടാകണം.