തിരുവനന്തപുരം: ഹൈക്കോടതിയിലെ 42 സീനിയർ ഗവ. പ്ലീഡർമാരുടെ കാലാവധി 28 മുതൽ ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ താത്കാലികമായി നീട്ടാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാരിന്റെ സ്റ്റാൻഡിംഗ് കോൺസൽമാരായ സി.കെ. ശശി, നിഷെ രാജൻ ഷോങ്കർ എന്നിവരുടെ നിയമന കാലാവധിയും 23 മുതൽ ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ താത്കാലികമായി നീട്ടി.

നാല് വനിതാ പൊലീസ് സ്റ്റേഷനുകൾ

വനിതാ പൊലീസ് സ്റ്റേഷനുകളില്ലാത്ത പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കാസർകോട് റവന്യൂ ജില്ലകളിൽ ഓരോന്ന് വീതം സ്ഥാപിക്കും. ഇതിനായി സി.ഐ - 1, എസ്.ഐ - 2, വനിതാ സീനിയർ സി.പി.ഒ - 5, വനിതാ സി.പി.ഒ - 10, ഡ്രൈവർ പി.സി - 1 എന്നിങ്ങനെ 19 തസ്‌തികകൾ സൃഷ്ടിക്കും. എസ്.ഐ, 3 സീനിയർ വനിതാ സി.പി.ഒ, 10 വനിതാ സി.പി.ഒ എന്നീ തസ്‌തികകൾ പുനർവിന്യാസത്തിലൂടെ ആയിരിക്കും.

ഓഖി ദുരന്തത്തിൽ തിരുവനന്തപുരം ജില്ലയിൽ മരിക്കുകയോ കാണാതാവുകയോ ചെയ്‌ത മത്സ്യത്തൊഴിലാളികളിൽ ഭൂരഹിതരോ ഭവനരഹിതരോ ആയ 32 പേർക്ക് ഭൂമി വാങ്ങി വീട് നിർമ്മിക്കുന്നതിനും, ഭവനരഹിതരായ ആറ് പേർക്ക് വീട് നിർമ്മിക്കുന്നതിനുമായി 3.44 കോടി രൂപ അനുവദിക്കും. നിപ വൈറസ് ബാധയുടെ ഇൻഡക്‌സ് കേസായി മരിച്ച സാബിത്തിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അഞ്ചു ലക്ഷം രൂപ അനുവദിക്കും.

13 എൽ.എ ജനറൽ ഓഫീസുകളിലുൾപ്പെട്ട 318 തസ്തികകൾക്ക് തുടർച്ചാനുമതി നൽകും. സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയിലെ (എസ്.സി.ഇ.ആർ.ടി) അക്കാഡമിക് വിഭാഗത്തിൽ നേരിട്ട് നിയമനം ലഭിച്ച ആറ് ജീവനക്കാർക്ക് നിലവിലുള്ള ശമ്പള സ്‌കെയിൽ, സംസ്ഥാന ജീവനക്കാരുടെ ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെടുത്തി പരിഷ്‌കരിക്കും.