തിരുവനന്തപുരം: അംബികയും ലളിതയും അജിതയുമൊക്കെ വെട്ടിത്തുറന്നു പ്രതിഷേധം രേഖപ്പെടുത്തി. മറ്റ് പല സ്ത്രീകളും തുറന്നു പറഞ്ഞു - ശബരിമല സ്ത്രീപ്രവേശനത്തിൽ പാർട്ടിയും സർക്കാരും സ്വീകരിച്ച നിലപാട് ശരിയല്ല.
ഗൃഹസന്ദർശനത്തിന്റെ ഭാഗമായി ഗൗരീശപട്ടത്തെ വീടുകളിലെത്തിയ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോടാണ് സ്ത്രീകൾ പ്രതിഷേധം അറിയിച്ചത്.
നമ്മളോടു എന്തെങ്കിലും പറയാനുണ്ടോ? വിമർശനങ്ങളും പറയാൻ മടിക്കേണ്ട.... വീടുകളിൽ കയറുമ്പോൾ ചിരിച്ചുകൊണ്ടാണ് കോടിയേരിയുടെ ചോദ്യം. ചിലരൊക്കെ പ്രത്യേകിച്ച് ഒന്നുമില്ലെന്ന് പറയും. മറ്റു ചിലർ പ്രശ്നങ്ങളുടെ കെട്ടഴിക്കും.
ഇന്നലെ രാവിലെ പതിനൊന്നോടെയാണ് കോടിയേരി ഗൗരീശപട്ടം മഹാദേവ ക്ഷേത്രത്തിനു മുന്നിൽ കാറിൽ വന്നിറങ്ങിയത്. ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, ജില്ലാ കമ്മിറ്റി അംഗം പദ്മകുമാർ, ഏരിയാ സെക്രട്ടറി സി. ലെനിൻ, ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് വിനീത്, പി.കെ.എസ് ജില്ലാ സെക്രട്ടറി റസൽ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. ആദ്യം 'ഗൗരീശ' എന്ന വീട്ടിലാണ് കയറിയത്. കോർപറേഷനിൽ നിന്ന് വിരമിച്ച വത്സലകുമാരിയും മരുമകൾ അർച്ചനയും ചേർന്ന് സ്വീകരിച്ചു. എന്തെങ്കിലും പറയാനുണ്ടോ എന്ന ചോദ്യത്തിന് ഒന്നുമില്ലെന്നായിരുന്നു ആദ്യത്തെ മറുപടി. 'ചേട്ടനുണ്ടായിരുന്നെങ്കിൽ എന്തെങ്കിലും ചോദിച്ചേനെ' എന്ന് അർച്ചന.
ശേഷം രാമചന്ദ്രൻ നായരുടെ വീട്ടിലേക്ക്. ''സർക്കാർ നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ട്. ഒന്നു രണ്ടു കാര്യങ്ങളിൽ നന്മയെല്ലാം ഇല്ലാതാകുകയാണ്''. ''ആർദ്രം, ലൈഫ് പദ്ധതികളൊക്കെ നല്ലതാണ്. അതിനിടയ്ക്ക് ഒരു ലാത്തിച്ചാർജും മർദ്ദനവുമൊക്കെ വരുമ്പോൾ ഇതൊക്കെ മങ്ങുന്നു അല്ലേ ? കോടിയേരി ചോദിച്ചപ്പോൾ രാമചന്ദ്രൻ നായർ തലകുലുക്കി.
'ചേട്ടൻ ഉദ്ദേശിച്ചത് ഏതൊക്കെയാണ്?' ഒന്ന് - ശബരിമല. അതെന്താ വ്യക്തമായി ചോദിക്കാത്തത്? 'അതെങ്ങനെ തുറന്നു പറയും!'
ഞാനൊരു പാർട്ടി അംഗമാണ് സഖാവേ... എന്നു പറഞ്ഞാണ് അടുത്തവീട്ടിലെ സുനിൽകുമാർ ഭാര്യ ശാരദാദേവിക്കൊപ്പം കോടിയേരിയെ സ്വീകരിച്ചത്. 'ശബരിമല സുപ്രീംകോടതി വിധിക്ക് ശേഷമുള്ള സംഭവങ്ങൾ കാരണം പാർട്ടി അനുഭാവികളുടെ മാനസികാവസ്ഥ മാറിയിട്ടുണ്ട്. വോട്ടു ചോദിക്കുമ്പോൾ ചിലരൊക്കെ കയർക്കുന്നുണ്ട്'- അടുത്ത വീട്ടിലെ അംബിക, ലളിത സഹോദരിമാരുടെ പരാതിയും ശബരിമലയാണ്. ശബരിമലയിൽ സ്ത്രീകൾ ഇത്രയും കാലം പോയില്ലല്ലോ. ഇനിയും പോകണ്ട. 50 കഴിഞ്ഞ് പോകാമല്ലോ...
വഴിയിൽ വച്ചാണ് വീട്ടമ്മയായ അജിത ശബരിമല വിഷയം ശ്രദ്ധയിൽ പെടുത്തിയത്. ദൈവത്തെ തൊട്ടുകളിക്കരുത് - അജിത പറഞ്ഞു.
പ്രദേശത്തെ 450 കുടുംബങ്ങൾക്ക് ഡ്രെയിനേജ് ലൈനില്ലാത്തത് ആദ്യം കോടിയേരിയെ അറിയിച്ചത് രാജശേഖരൻ നായരും പ്രമീളാദേവിയുമാണ്. നിവേദനം എത്തിക്കാനും പ്രശ്നം പരിഹരിക്കാമെന്നും ഉറപ്പു നൽകി.
പൊട്ടിക്കരഞ്ഞാണ് തങ്കമണി സങ്കടം പറഞ്ഞത്. സ്വന്തമായി ഒന്നുമില്ല. വീടിനായി ലൈഫ് മിഷൻ വഴി അപേക്ഷ നൽകിയിട്ടും പഞ്ചായത്ത് കൈവിട്ടു. ഇവരുടെ പ്രശ്നം പരിഹരിക്കാൻ കോടിയേരി പ്രവർത്തകരോടു നിർദ്ദേശിച്ചു.