pinu

 നിസാൻ കേരളം വിടുമെന്ന പ്രചരണം വസ്‌തുതാവിരുദ്ധം

തിരുവനന്തപുരം: വികസനത്തിന്റെ ഭാഗമായി നിക്ഷേപം പുതിയ മേഖലകളിലേക്ക് ആകർഷിക്കാൻ സംസ്ഥാന സർക്കാർ നല്ല മുൻഗണനയാണ് നൽകുന്നതെന്നും നിസാൻ കമ്പനി കേരളം വിടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിന്റെ വികസനത്തെ പിന്നോട്ടടിക്കുന്നതും സമൂഹത്തെ തെറ്രിദ്ധരിപ്പിക്കുന്നതുമായ വസ്‌തുതാവിരുദ്ധ പ്രചരണങ്ങളിൽ ഒന്നാണ് നിസാൻ കേരളം വിടുമെന്നതെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.

വികസനത്തിലെ പുതിയ കാഴ്‌ചപ്പാടിന്റെ ഭാഗമായാണ് നിസാൻ കമ്പനിയെ സർക്കാരും നാടും സ്വാഗതം ചെയ്‌തത്. കമ്പനിയുടെ പ്രവർത്തനം പൂർണതോതിൽ ആരംഭിക്കാൻ അവർ ചില ആവശ്യങ്ങൾ മുന്നോട്ടുവച്ചിരുന്നു. സർക്കാർ നടത്തിയ ചർച്ചയുടെ ഫലമായി കമ്പനി പ്രവർത്തനം ആരംഭിച്ചു. നിസാന് വിവിധ കാര്യങ്ങൾക്കായി സർക്കാരുമായി ബന്ധപ്പെടാൻ പ്രത്യേക സംവിധാനം വേണമെന്ന ആവശ്യം വ്യവസായ-വാണിജ്യ വകുപ്പ് ഡയറക്‌ടർ കെ. ബിജുവിനെ അതിനായി നിയമിച്ചതിലൂടെ പരിഹരിച്ചു.

പദ്ധതിയുമായി ബന്ധപ്പെട്ട ഏത് വിഷയത്തിനും നിസാന് ഇദ്ദേഹത്തെ ബന്ധപ്പെടാം. കമ്പനി വിപുലീകരണത്തിന് ടെക്നോപാർക്കിന് പുറമേ കിൻഫ്രയിലും ടെക്നോപാർക്കിലെ അതേ വ്യവസ്ഥകളോടെ സ്ഥലം വേണമെന്ന ആവശ്യവും അംഗീകരിച്ചു. ഇതിന്റെ ഏകോപനത്തിനും കെ. ബിജുവിനെ ചുമതലപ്പെടുത്തി. നിസാൻ ഉപയോഗിക്കുന്ന ഇൻഫോസിസിന്റെ സ്ഥലത്തിന് സ്റ്റാമ്പ് ഡ്യൂട്ടിയിലും രജിസ്ട്രേഷൻ ഫീസിലും ഇളവ് വേണമെന്ന ആവശ്യവും അംഗീകരിച്ചു. ആറ്റിപ്ര വില്ലേജിലെ കാമ്പസ് രണ്ടിലെ സ്ഥലം നൽകാനും നടപടിയെടുത്തു.

പശ്ചാത്തലസൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി ഹോട്ടലുകൾ, ആശുപത്രികൾ, സ്‌കൂളുകൾ, പാർപ്പിട സൗകര്യം, വിനോദകേന്ദ്രം, ഗതാഗതസംവിധാനം, മാലിന്യ സംസ്കരണകേന്ദ്രങ്ങൾ തുടങ്ങിയവ സംബന്ധിച്ച ആവശ്യവും കമ്പനി ഉന്നയിച്ചിരുന്നു. ഇക്കാര്യം ഗൗരവമായി പരിശോധിക്കാൻ ടാസ്‌ക് ഫോഴ്സിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് കൂടുതൽ അന്താരാഷ്ട്ര, ആഭ്യന്തര വിമാനങ്ങൾ വേണമെന്ന ആവശ്യവും അവരുന്നയിച്ചിരുന്നു. ഇക്കാര്യം സിവിൽ ഏവിയേഷൻ സെക്രട്ടറിയുമായി ചർച്ച ചെയ്‌തു. പാർലമെന്റ് സമ്മേളനത്തിന് ശേഷം സിവിൽ ഏവിയേഷൻ സെക്രട്ടറിയെ പങ്കെടുപ്പിച്ച് തിരുവനന്തപുരത്ത് വിമാനക്കമ്പനികളുടെ യോഗം വിളിക്കും. ഇതിനായി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദുഷ്‌പ്രചരണം

നാടിന് ആപത്ത്

നിസാൻ കമ്പനി കേരളം വിടുന്നുവെന്ന ദുഷ്പ്രചരണങ്ങൾ നാടിനുണ്ടാക്കുന്ന ആപത്ത് എന്താണെന്ന്, പ്രചരണങ്ങൾക്ക് പിന്നിലുള്ളവർ മനസിലാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കക്ഷിരാഷ്ട്രീയത്തിന് അതീതമായി കേരളത്തിന്റെ വികസനകാര്യത്തിൽ എല്ലാ വിഭാഗം ജനങ്ങളും ഒരുമിച്ച് നിൽക്കണം. കേരളത്തിന്റെ വികസനമെന്നത് വരും തലമുറയ്ക്ക് കൂടിയുള്ളതാണ്. സർക്കാരിനോട് ലേശം വിരോധമുണ്ട് എന്നതുകൊണ്ട് വികസനത്തിന് അത് തടസമാകരുത്. ഇക്കാര്യത്തിൽ മാദ്ധ്യമങ്ങൾക്ക് വലിയ സംഭാവന ചെയ്യാനാകുമെന്നും അദ്ദേഹം പറഞ്ഞു.