pinarayi-vijayan

തിരുവനന്തപുരം: സി.പി.ഐ എറണാകുളം ജില്ലാ കൗൺസിലിന്റെ നേതൃത്വത്തിൽ കൊച്ചി ഐ.ജി ഓഫീസിലേക്ക് കഴിഞ്ഞ ദിവസം നടത്തിയ മാർച്ചിന് നേരെയുണ്ടായ പൊലീസ് ലാത്തിച്ചാർജിൽ മൂവാറ്റുപുഴ എം.എൽ.എ എൽദോ എബ്രഹാമിന് തല്ല് കൊണ്ടത് നിർഭാഗ്യകരമായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ഇത് സാധാരണഗതിയിൽ നടക്കേണ്ടതല്ല. അവിടെ എന്താണ് സംഭവിച്ചത് എന്ന് മനസിലാക്കാനായി ജില്ലാ കളക്ടറെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ചശേഷം ഫലപ്രദമായ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം, ഇടതുമുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സി.പി.ഐക്ക് പൊലീസിന്റെ ചൂടറിയേണ്ടി വന്നതിലുള്ള പാർട്ടി അണികളുടെ വികാരം മന്ത്രിസഭായോഗത്തിൽ ചില സി.പി.ഐ മന്ത്രിമാർ ഉന്നയിച്ചതായി അറിയുന്നു. എം.എൽ.എയും പാർട്ടി ജില്ലാസെക്രട്ടറിയും അടക്കമുള്ളവർക്കെതിരായ പൊലീസ് നടപടി ശരിയായില്ലെന്ന വിമർശനമാണുയർത്തിയത്. ജില്ലാ കളക്ടറോട് റിപ്പോർട്ട് ചോദിച്ചിരിക്കുകയല്ലേ, അതു വരട്ടെ എന്ന മറുപടി മുഖ്യമന്ത്രിയും നൽകിയതോടെ ചർച്ച അവസാനിപ്പിച്ചു.

പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട അന്വേഷണകമ്മിഷന്റെ റിപ്പോർട്ട് ലഭിച്ചിട്ടുണ്ടെന്ന് വാർത്താലേഖകരുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. അത് പരിശോധിച്ചു വരികയാണ്. തിരുവനന്തപുരം വിമാനത്താവള നടത്തിപ്പിന്റെ കാര്യത്തിൽ സംസ്ഥാനസർക്കാർ ഇപ്പോഴും പ്രതീക്ഷയിലാണ്. സർക്കാർ നിയന്ത്രണത്തിലുള്ള കമ്പനി രൂപീകരിച്ച് ഏറ്റെടുക്കുകയാണ് ലക്ഷ്യം.