തിരുവനന്തപുരം: 2018-ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണവും ജെ.സി.ഡാനിയേൽ പുരസ്കാര വിതരണവും 27 ന് വൈകിട്ട് ആറിന് തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തിൽ നടക്കുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ.ബാലൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

മലയാള സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് സർക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്കാരമായ ജെ.സി.ഡാനിയൽ അവാർഡ് ഷീലയ്ക്ക് നൽകും. മലയാളസിനിമയിൽ ആദ്യമായി അവാർഡ് ഏർപ്പെടുത്തിയ 1969 ൽ മികച്ച നടിക്കുള്ള അവാർഡ് ലഭിച്ചതും ഷീലയ്ക്കായിരുന്നു.

മികച്ച ചിത്രത്തിനുള്ള അവാർഡു നേടിയ 'കാന്ത'ന്റെ സംവിധായകനും നിർമ്മാതാവുമായ സി. ഷെരീഫ്, സംവിധായകൻ ശ്യാമപ്രസാദ്, മികച്ച നടനുള്ള അവാർഡ് പങ്കിട്ട ജയസൂര്യ, സൗബിൻ ഷാഹിർ, നടി നിമിഷ, സ്വഭാവ നടൻ ജോജു ജോർജ്, സ്വഭാവ നടിമാരായ സാവിത്രി ശ്രീധരൻ, സരസ ബാലുശേരി, ഗായകൻ വിജയ് യേശുദാസ്, സംഗീതസംവിധായകൻ വിശാൽ ഭരദ്വാജ് തുടങ്ങി നിരവധിപേർ അവാർഡുകൾ ഏ​റ്റുവാങ്ങും. ചലച്ചിത്ര, രചനാ വിഭാഗങ്ങളിലായി 44 പേർക്കാണ് അംഗീകാരങ്ങൾ നൽകുന്നത്. മുതിർന്ന ചലച്ചിത്ര പ്രതിഭകളെ ആദരിക്കും.

ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ കെ.കൃഷ്ണൻകുട്ടി, രാമചന്ദ്രൻ കടന്നപ്പള്ളി, എ.കെ.ശശീന്ദ്രൻ, വി.എസ്.സുനിൽകുമാർ, കടകംപള്ളിസുരേന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ശശിതരൂർ എം.പി, സുരേഷ് ഗോപി എം.പി തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് സംഗീത സംവിധായകൻ ബിജിബാൽ നയിക്കുന്ന സംഗീതപരിപാടി നടക്കും. ചലച്ചിത്ര അക്കാഡമി ചെയർമാൻ കമൽ, സെക്രട്ടറി മഹേഷ് പഞ്ചു എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.