തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് സംഭവവുമായി ബന്ധപ്പെട്ട് കേരള സർവകലാശാലയുടെയും പി.എസ്.സിയുടെയും പരീക്ഷാനടത്തിപ്പുകളെപ്പറ്റി ഉയർന്ന ആരോപണങ്ങളിൽ വേറെ അന്വേഷണം വേണമെന്ന പ്രതിപക്ഷ ആവശ്യം മുഖ്യമന്ത്രി പിണറായി വിജയൻ തള്ളി. ഉത്തരക്കടലാസ് വിഷയത്തിൽ സർവകലാശാലയുടെ അന്വേഷണം ഗൗരവത്തോടെ നടക്കുന്നുണ്ട്. പി.എസ്.സിയുടെ കാര്യത്തിൽ അന്വേഷിക്കാൻ ഒന്നുമില്ല. അന്വേഷണമാവശ്യപ്പെടുന്നവർ എന്തിനെക്കുറിച്ചാണ് അന്വേഷിക്കേണ്ടതെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
വലിയ ആക്ഷേപമുണ്ടായ സാഹചര്യത്തിലും ഇനിയും എന്തെങ്കിലും ശ്രദ്ധിക്കേണ്ടതുണ്ടോ എന്നറിയാനുമാണ് പി.എസ്.സി ഇപ്പോൾ ആഭ്യന്തര വിജിലൻസിനെക്കൊണ്ട് അന്വേഷണം തീരുമാനിച്ചിരിക്കുന്നത്. യൂണിവേഴ്സിറ്റി കോളേജ് സംഭവത്തിൽ നിലവിൽ പൊലീസ് അന്വേഷണം നടക്കുന്നുണ്ട്. അതിലെന്തെങ്കിലും കുറവുണ്ടെങ്കിലല്ലേ മറ്റ് അന്വേഷണം വേണ്ടതുള്ളൂ എന്ന്, ഡി.ജി.പി പ്രഖ്യാപിച്ച ക്രൈംബ്രാഞ്ച് അന്വേഷണം ഇനിയും ആരംഭിക്കാത്തതിനെപ്പറ്റി വാർത്താലേഖകർ ചോദിച്ചപ്പോൾ മുഖ്യമന്ത്രി പറഞ്ഞു.
പി.എസ്.സിയുടെ കാര്യത്തിലായാലും യൂണിവേഴ്സിറ്റി കോളേജിന്റെ കാര്യത്തിലായാലും യോഗ്യതയ്ക്ക് ചേരാത്ത എന്തെങ്കിലും നടക്കുന്നുവെങ്കിൽ തിരുത്തും. പൊലീസ് റാങ്ക് പട്ടികയുമായി ബന്ധപ്പെട്ട് പി.എസ്.സിയിൽ അന്വേഷിക്കാൻ ഒന്നുമില്ല. യൂണിവേഴ്സിറ്റി കോളേജിലെ രണ്ട് വിദ്യാർത്ഥികൾ കോളേജിൽ പരീക്ഷ എഴുതി റാങ്ക് പട്ടികയിലിടം നേടിയെന്ന പ്രചാരണം ശരിയല്ലെന്ന് എല്ലാവർക്കും ബോദ്ധ്യമായതാണെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ സംഘടനകൾക്കും പ്രവർത്തിക്കാനാവണം
കോളേജിൽ എല്ലാ സംഘടനകൾക്കും ആളുകളുണ്ടെങ്കിൽ പ്രവർത്തനാവകാശം ഉണ്ടാകണമെന്നതാണ് സർക്കാർ നിലപാടെന്ന് മുഖ്യമന്ത്രി പറഞ്ഞു. വർഷങ്ങളായി മുപ്പതോളം റാങ്കുകൾ നേടുന്ന അടിസ്ഥാനവിഭാഗത്തിലെ കുട്ടികൾ പഠിക്കുന്ന കലാലയമാണ് യൂണിവേഴ്സിറ്റി കോളേജ്. ബിരുദത്തിന് 75ഉം പി.ജിക്ക് 95ഉം ശതമാനമാണ് കഴിഞ്ഞതവണത്തെ വിജയം. രാജ്യത്തെ കോളേജുകളിൽ 23-ാം സ്ഥാനമാണതിന്. നിരവധി പ്രതിഭാധനർ പഠിച്ച യൂണിവേഴ്സിറ്റി കോളേജിനെ കൂടുതൽ തിളക്കത്തോടെ ഉയർത്താനാകും സർക്കാർ ശ്രമിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.