cctv

വിതുര: പൊൻമുടി - വിതുര - നെടുമങ്ങാട് റോഡരികിൽ വർദ്ധിച്ചു വരുന്ന മാലിന്യനിക്ഷേപം തടയാൻ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി വിതുര യൂണിറ്റ് രംഗത്തെത്തി. വിതുര - പൊൻമുടി റോഡിലും, ചായം - ചാരുപാറ റോഡിലും, വിതുര - ചായം റോഡിലുമായി 25 സി.സി ടിവി കാമറകൾ സ്ഥാപിക്കുമെന്ന് ഏകോപനസമിതി വിതുര യൂണിറ്റ് പ്രസിഡന്റ് ജെ. മാടസ്വാമിപിള്ള, സെക്രട്ടറി എ.ആർ. സജീദ്, ട്രഷറർ എം.എസ്. രാജേന്ദ്രൻ എന്നിവർ അറിയിച്ചു. വിതുര മേഖലയിൽ വർദ്ധിച്ചുവരുന്ന മാലിന്യനിക്ഷേപത്തെ കുറിച്ച് കേരളകൗമുദി ചൊവ്വാഴ്ച വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. പ്രശ്നത്തിന്റെ തീവ്രത കണക്കിലെടുത്താണ് ഏകോപനസമിതി കാമറകൾ സ്ഥാപിക്കാൻ തീരുമാനമെടുത്തത്. വിനോദസഞ്ചാരത്തിന് പേരുകേട്ട പൊന്മുടി റോഡിലും ഉപറോഡുകളിലും മാലിന്യം നിറഞ്ഞത് സഞ്ചാരികളെയും നാട്ടുകാരെയും ഒരുപോലെ ദുരിതത്തിലാക്കുന്നുവെന്നും, റോഡരികിലെ മാലിന്യം ചീഞ്ഞഴുകി ദുർഗന്ധം വമിക്കുന്നുവെന്നും, പകർച്ചവ്യാധികൾ വ്യാപിക്കുന്നതായും വാർത്തയിൽ ചൂണ്ടിക്കാട്ടിയിരുന്നു. പൊൻമുടി - തിരുവനന്തപുരം സംസ്ഥാനപാതയിലും, ചാരുപാറ, ചായം, പാലോട് റോഡിലുമാണ് വ്യാപകമായി മാലിന്യം നിക്ഷേപിക്കുന്നത്. മാസങ്ങളായി ഇത് തുടരുകയാണ്. ഇറച്ചി വേസ്റ്റ് കാക്കയും മറ്റും കൊത്തി വലിച്ച് കിണറുകളിൽ കൊണ്ടിടുന്നുണ്ട്. അടുത്തിടെ തൊളിക്കോട് പഞ്ചായത്തിലെ പുളിമൂട്ടിൽ രണ്ട് വീടുകളിലെ കിണറുകളിൽ ഇറച്ചി വേസ്റ്റ് നിക്ഷേപിച്ച സംഭവവും അരങ്ങേറി. മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ പഞ്ചായത്ത് അധികൃതർ നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ നിരവധി തവണ ആവശ്യപ്പെട്ടിട്ടും നടപടികൾ സ്വീകരിച്ചില്ല. വർഷങ്ങളായി നിലനിൽക്കുന്ന മാലിന്യ പ്രശ്നത്തിന് സി.സി ടിവി കാമറകൾ സ്ഥാപിക്കുന്നതോടെ പരിഹാരമാകുമെന്നാണ് പ്രതീക്ഷ. വ്യാപാരികളുടെയും, നാട്ടുകാരുടെയും സഹകരണത്തോടെയാണ് കാമറകൾ സ്ഥാപിക്കുന്നത്. വർദ്ധിച്ചുവരുന്ന അപകടങ്ങളും, മോഷണവും, സാമൂഹ്യവിരുദ്ധശല്യവും, ലഹരിവില്പനയും തടയാൻ കാമറ സ്ഥാപിക്കുന്നതോടെ കഴിയുമെന്ന് ഭാരവാഹികൾ പറഞ്ഞു.