ആറ്റിങ്ങൽ: പ്രഖ്യാപനങ്ങൾക്കൊടുവിൽ ആറ്റിങ്ങൽ സ്റ്റീൽ ഫാക്ടറിക്ക് വീണ്ടും പുതുജീവൻ. സ്റ്റീൽ ഫാക്ടറിയിൽ ടൂൾ റൂം സ്ഥാപിക്കുമെന്ന് ബി. സത്യൻ എം.എൽ.എ അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ മിനിസ്ട്രി ഒഫ് മൈക്രോ, സ്‌മാൾ ആൻഡ് മീഡിയം എന്റർപ്രൈസസിന് (എം.എസ്.എം.ഇ) സംസ്ഥാന വ്യവസായ വകുപ്പ് സമർപ്പിച്ച രൂപരേഖയുടെ അടിസ്ഥാനത്തിലാണ് പദ്ധതിക്ക് അനുമതി ലഭിച്ചത്. കേന്ദ്ര സർക്കാരിന്റെ അധീനതയിലുള്ള സ്റ്റീൽ ഫാക്ടറി അടഞ്ഞുകിടക്കുന്നതിനെക്കുറിച്ച് കേരളകൗമുദി പലതവണ വാർത്ത നൽകിയിരുന്നു. സ്റ്റീൽ ഫാക്ടറി തുറന്ന് പ്രവർത്തിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എം.എൽ.എ നിയമസഭയിൽ സബ്മിഷൻ അവതരിപ്പിച്ചിരുന്നു. എം.എസ്.എം.ഇയുടെ പി.പി.ഡി.സി പ്രിൻസിപ്പൽ ഡയറക്ടർ പനീർസെൽവം ആഗസ്റ്റിൽ ആറ്റിങ്ങലിൽ നേരിട്ടെത്തി പദ്ധതിയുടെ അന്തിമ രൂപരേഖ തയ്യാറാക്കും. സ്റ്റീൽ ഫാക്ടറിയുടെ തുടർ പ്രവർത്തനങ്ങളെ സംബന്ധിച്ച് ഇന്നലെ രാവിലെ വ്യവസായ വകുപ്പ് ഡയറക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിലാണ് എം.എസ്.എം.ഇ അധികൃതർ ടൂൾ റൂം സ്ഥാപിക്കുമെന്ന് അറിയിച്ചത്.
പദ്ധതിത്തുക - 20 കോടി
---------------------
സംരംഭകർക്ക് മെഷീനറികൾ, ഉത്പാദന സാമഗ്രികൾ എന്നിവ നിർമ്മിക്കുന്ന കേന്ദ്രം യാഥാർത്ഥ്യമാക്കാൻ ഇതിലൂടെ സാധിക്കും.
- ബി. സത്യൻ എം.എൽ.എ