kadu-moodiya-nilayil

കല്ലമ്പലം : മടവൂർ, കല്ലമ്പലം കെ.എസ്.ഇ.ബി സെക്ഷനുകളുടെ പരിധിയിൽ കാടുമൂടിയ നിലയിലുള്ള ട്രാൻസ്‌ഫോർമറുകൾ അപകടഭീഷണി ഉയർത്തുന്നു. ഇതിന് പുറമേ യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് പലയിടത്തും ട്രാ൯സ്‌ഫോർമറുകൾ സ്ഥാപിച്ചിട്ടുള്ളതെന്നും ആക്ഷേപമുണ്ട്. ട്രാ൯സ്‌ഫോർമറിന്റെ അടിയിലെ ഫ്യൂസുകളിൽ കേബിൾ ഘടിപ്പിച്ചിരിക്കുന്ന ഭാഗത്തെ ലെഗ്സിൽ ഇ൯സുലേഷ൯ ടേപ്പ് ചുറ്റുകയോ ഫ്യൂസുകൾ മറയുന്ന രീതിയിൽ സുരക്ഷാ കവർ ഉറപ്പിക്കുകയോ ചെയ്യാറില്ലെന്നും ഇതിൽ ചുറ്റുന്ന വള്ളിപടർപ്പുകൾ റോഡിലേക്ക് വളർന്നിറങ്ങുമ്പോൾ മഴക്കാലത്ത് ഇതുവഴി നടന്നുപോകുന്നവർക്ക് ഷോക്കേൽക്കാ൯ സാദ്ധ്യതയേറെയാണെന്നും നാട്ടുകാർ പറയുന്നു. പല ട്രാ൯സ്‌ഫോർമറുകളുടെയും സമീപം മദ്രസകൾ, അംഗ൯വാടികൾ, എൽ.പി - യു.പി സ്കൂളുകൾ എന്നിവ സ്ഥിതി ചെയ്യുന്നുണ്ട്. മടവൂർ കെ.എസ്.ഇ.ബിയുടെ പരിധിയിലെ മുട്ടിയറ, കിടത്തിച്ചിറ പ്രദേശങ്ങളിൽ വൈദ്യുതി കമ്പികളിൽ തട്ടി നിൽക്കുന്ന മരച്ചില്ലകൾ വെട്ടിമാറ്റുന്നില്ലെന്നും നാട്ടുകാർ പരാതിപ്പെട്ടു. കോട്ടറകോണത്ത് കഴിഞ്ഞ ദിവസം തേക്ക് മരം കടപുഴകി സ്റ്റേ കമ്പിയിൽ വീണതിനെ തുടർന്ന് രണ്ട് പോസ്റ്റുകൾ അപകടകരമാംവിധം ചാഞ്ഞിരുന്നു. ഭയന്ന നാട്ടുകാർ പോസ്റ്റുകൾ കയർ ഉപയോഗിച്ച് മരത്തിൽ കെട്ടി നിറുത്തിയശേഷം മടവൂർ| കെ.എസ്.ഇ.ബി ഒാഫീസിൽ അറിയിച്ചിട്ടും ജീവനക്കാർ എത്തിയില്ലെന്ന് ആരോപണമുണ്ട്.