a-vijayaraghavan

തിരുവനന്തപുരം: ഉത്തരമൊന്നും എഴുതാത്ത കടലാസ് ഉത്തരക്കടലാസല്ലെന്നും അതിന് വെള്ളക്കടലാസിന്റെ വില മാത്രമേയുള്ളൂവെന്നും എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ പറഞ്ഞു. ഇതൊന്നും തിരിച്ചറിയാത്തവരാണ് ചാനലുകളിൽ ചർച്ച നടത്തുന്നതെന്നും ഇത്തരം വിഷയങ്ങളൊന്നും അത്ര ഗൗരവമുള്ളതല്ലെന്നും ശമ്പള പരിഷ്‌കരണ നടപടികൾ ത്വരിതപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഗസറ്റഡ് ഓഫീസർമാർ നടത്തിയ രാജ്ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്യവെ അദ്ദേഹം പറഞ്ഞു.

മാദ്ധ്യമങ്ങളുടെ കള്ളക്കഥകൾക്ക് മുന്നിൽ എൽ.ഡി.എഫ് മുട്ടുമടക്കില്ല. യൂണിവേഴ്‌സിറ്റി കോളേജിലെ സംഭവത്തെക്കുറിച്ച് മാദ്ധ്യമങ്ങൾ എന്തൊക്കെ കഥകളാണിറക്കിയത്. ഇടതുപക്ഷത്തെ ഇല്ലാതാക്കാൻ കളവ് മാത്രമാണ് മാദ്ധ്യമങ്ങൾ പ്രചരിപ്പിക്കുന്നത്. കോൺഗ്രസുകാർ ബി.ജെ.പിയിൽ ചേരാനുള്ള മുഹൂർത്തം നോക്കിയിരിക്കുന്നവരാണ്. കർണാടകയിൽ 16 കോൺഗ്രസ് എം.എൽ.എമാരാണ് ബി.ജെ.പിയിലേക്ക് ചാടിയത്. രാഹുൽഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് പ്രചരിപ്പിച്ചതും ഇതേ മാദ്ധ്യമങ്ങളാണ്. എ.ഐ.സി.സി ഓഫീസിൽ കോൺഗ്രസിന്റെ കൊടി പിടിക്കാൻ ഒരാളില്ലാത്ത അവസ്ഥയാണുള്ളതെന്നും വിജയരാഘവൻ പരിഹസിച്ചു. കെ.ജി.ഒ.എ സൗത്ത് ജില്ലാ പ്രസിഡന്റ് കെ. മുരളി അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്‌ ഡോ. കെ.ടി. ശ്രീലതകുമാരി, ജനറൽ സെക്രട്ടറി ടി.എസ്. രഘുലാൽ, എം. ഷാജഹാൻ, കെ. സുരേഷ്‌കുമാർ, പി.എസ്. പ്രിയദർശൻ തുടങ്ങിയവർ സംസാരിച്ചു.