boat-race-
boat race

തിരുവനന്തപുരം: ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ നടത്തിപ്പിന് സർക്കാരിന്റെ മേൽനോട്ടത്തിൽ കമ്പനി രൂപീകരിക്കുന്നതിന് മന്ത്രിസഭായോഗത്തിന്റെ അംഗീകാരം.

തദ്ദേശീയരും വിദേശീയരുമായ വിനോദസഞ്ചാരികളെ സംസ്ഥാനത്തേക്ക് ആകർഷിക്കുന്നതിനായി കേരള വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ബോട്ട് ലീഗിന്റെ സുഗമമായ നടത്തിപ്പിനാണ് കമ്പനി. ഐ.പി.എൽ മാതൃകയിൽ ആവേശകരമായ രീതിയിൽ വള്ളംകളി മത്സരങ്ങൾ നടത്തുന്നത് വള്ളംകളിക്ക് വലിയ പ്രോത്സാഹനമാകും. നിലവിലുള്ള ചുണ്ടൻ വള്ളംകളികൾ ഉൾപ്പെടുത്തിക്കൊണ്ടാണ് ലീഗ് നടത്തുന്നത്.

ബോട്ട് ലീഗിന്റെ നടത്തിപ്പിനായി ഏജൻസിയെ തിരഞ്ഞെടുക്കാൻ ടെക്നിക്കൽ ഇവാല്യുവേഷൻ കമ്മിറ്റി രൂപീകരിച്ച് കൺസോർഷ്യം ഉണ്ടാക്കിയിരുന്നു. വിനോദ സഞ്ചാര വകുപ്പിന് നേരിട്ട് ചാമ്പ്യൻസ് ബോട്ട് ലീഗ് സംഘടിപ്പിക്കുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ട് കണക്കിലെടുത്താണ് സർക്കാരിന്റെ മേൽനോട്ടത്തിൽ കമ്പനി രൂപീകരിക്കുന്നതെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി. ടൂറിസം മന്ത്രി, ധനമന്ത്രി, ടൂറിസം സെക്രട്ടറി, ധനകാര്യ സെക്രട്ടറി, കെടിഐഎൽ ചെയർമാൻ എന്നിവരാണ് കമ്പനി ഡയറക്ടർ ബോർഡ് അംഗങ്ങൾ.

ഐ.പി.എൽ ക്രിക്കറ്റ് മത്സരങ്ങളിലെ വീറും വാശിയും ജലമേളകളിലേക്ക് കൊണ്ടുവരുമ്പോൾ ഇന്നേ വരെ കണ്ട വള്ളംകളി മത്സരങ്ങളുടെ രീതി തന്നെ മാറും. വിദേശികളടക്കമുള്ള വലിയ ജനപങ്കാളിത്തം ലീഗ് മത്സരങ്ങൾക്ക് ഉണ്ടാകുന്ന തരത്തിലാണ് ചാമ്പ്യൻസ് ബോട്ട് ലീഗ് സംഘടിപ്പിക്കുന്നത്. ആചാരാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട ജലോത്സവങ്ങൾ നടക്കുന്ന ദിവസങ്ങളിൽ മത്സരമുണ്ടാവില്ല. ജല മഹോത്സവങ്ങളായി മാറുന്ന ഓരോ പ്രദേശത്തെയും ലീഗ് മത്സരങ്ങൾ നാട്ടിലെ വള്ളംകളി ടീമുകൾക്ക് പ്രചോദനമാകും. ടീമുകൾക്ക് സ്‌പോൺസർഷിപ്പ് ഉണ്ടാകുന്നതിനുള്ള സാധ്യതയും തേടാനാകും.

മൂന്ന് മാസം നീളുന്ന സി.ബി.എൽ.ൽ ഒമ്പത് ടീമുകളാണ് മാറ്റുരയ്ക്കുന്നത്. 12 വാരാന്ത്യങ്ങളിലെ 12 വേദികളിലായി, 12 മത്സരങ്ങളുണ്ടാവും. ആഗസ്റ്റ് 10 മുതൽ നവംബർ ഒന്ന് വരെയാണ് മത്സരങ്ങൾ.

ആഗസ്റ്റ് പത്തിന് ആലപ്പുഴ പുന്നമടക്കായലിൽ നെഹ്രു ട്രോഫി വള്ളം കളിക്കൊപ്പമാണ് ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ആദ്യ മത്സരം. നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ കൊല്ലത്തു നടക്കുന്ന പ്രസിഡന്റ്സ് ബോട്ട് റെയ്സിനൊപ്പം സമാപിക്കും.

പുളിങ്കുന്ന്, ആലപ്പുഴ(ആഗസ്റ്റ് 17), താഴത്തങ്ങാടി, കോട്ടയം(ആഗസ്റ്റ് 24), പിറവം, എറണാകുളം(ഓഗസ്റ്റ് 31), മറൈൻ ഡ്രൈവ്, എറണാകുളം(സെപ്റ്റംബർ 7), കോട്ടപ്പുറം, തൃശൂർ(സെപ്റ്റംബർ 21), പൊന്നാനി, മലപ്പുറം(സെപ്റ്റംബർ 28), കൈനകരി, ആലപ്പുഴ(ഒക്ടോബർ 05), കരുവാറ്റ, ആലപ്പുഴ(ഒക്ടോബർ 12), കായംകുളം, ആലപ്പുഴ(ഒക്ടോബർ 19), കല്ലട, കൊല്ലം(ഒക്ടോബർ 26) എന്നിങ്ങനെയാണ് മത്സര തീയതികൾ. ഉച്ചതിരിഞ്ഞ് 2.30 മുതൽ 5 മണിവരെയാണ് മത്സരങ്ങൾ. ജേതാക്കൾക്ക് 25 ലക്ഷം രൂപയാണ് സമ്മാനത്തുക. രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 15, 10 ലക്ഷം രൂപ വീതം സമ്മാനമായി ലഭിക്കും.