നെടുമങ്ങാട്: പ്രതീക്ഷകൾക്കും കാത്തിരിപ്പിനും അവസാനം, ജില്ലയിലെ കാർഷിക, വിനോദ സഞ്ചാര ഭൂപടത്തിൽ പുത്തൻപ്രതീക്ഷകളുമായി ചെല്ലഞ്ചിയിലും ചിപ്പൻചിറയിലും നിർമ്മാണം പൂർത്തിയായ പാലങ്ങൾ ഇന്ന് വൈകിട്ട് മന്ത്രി ജി. സുധാകരൻ നാടിന് സമർപ്പിക്കും. വാമനപുരം, ചിറ്റാർ നദികളുടെ കരയിലുള്ള കർഷകർക്ക് അവരുടെ ഉത്പന്നങ്ങൾ വിപണികളിലെത്തിക്കാൻ കഴിയുന്നില്ലെന്ന പരാതിക്ക് ഇതോടെ പരിഹാരമാകും. ശിവഗിരി - പൊന്മുടി തീർത്ഥാടന, വിനോദ സഞ്ചാര മേഖലയിൽ പുത്തൻസാദ്ധ്യതകൾക്ക് പുതിയ പാലങ്ങൾ അവസരമൊരുക്കും. മലയോരവാസികളുടെ ഒരു നൂറ്റാണ്ടത്തെ സ്വപ്‌നമാണ് പൂവണിയുന്നത്. ഒമ്പത് വർഷം മുമ്പ് അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ മുൻകൈ എടുത്ത് ആരംഭിച്ച പാലങ്ങളുടെ നിർമ്മാണം നബാർഡിന്റെ പിന്മാറ്റവും വനംവകുപ്പിന്റെ തടസവാദവും കാരണം താളം തെറ്റിയെങ്കിലും ഡി.കെ. മുരളി എം.എൽ.എയുടെ ഇടപെടലിലാണ് പാലംപണി പൂർത്തിയാക്കാനായത്. എൽ.ബി.എസ് ശാസ്ത്രസാങ്കേതിക കേന്ദ്രം രൂപകല്പന നിർവഹിച്ച രണ്ടുപാലവും സഞ്ചാരികളുടെ മനം കവരുന്നതാണ്.
ചെല്ലഞ്ചിപ്പാലം
---------------------------
37.06 മീറ്റർ വീതം നീളമുള്ള 4 സ്‌പാനുകളിലായി മൊത്തം 148.24 മീറ്റർ നീളം
7.50 മീറ്റർ വീതിയുള്ള നടപ്പാതകളും ഇരുകരകളിലുമായി 650 മീറ്റർ അപ്രോച്ച് റോഡും
നിർമാണച്ചെലവ് 14.5 കോടി രൂപ
2010 ജൂലായിൽ തറക്കല്ലിട്ടു. നബാർഡിന്റെ സഹായത്തോടെ 11 കോടി രൂപ അനുവദിച്ചാണ് പണി ആരംഭിച്ചത്. കൺസ്ട്രക്‌ഷൻ കോർപറേഷനായിരുന്നു ചുമതല. നിർമ്മാണം ഇഴഞ്ഞതോടെ എൽ.ഡി.എഫ് സർക്കാർ പുനർ ദർഘാസ് ക്ഷണിച്ച് 12 കോടി രൂപയ്ക്ക് പുതിയ കരാർ നൽകി. ഇതിനിടെയാണ് അപ്രതീക്ഷിതമായി നബാർഡ് ഫണ്ടിംഗിൽ നിന്നു പിന്മാറിയത്. മന്ത്രി ജി. സുധാകരൻ ഇടപെട്ട് നിർമ്മാണം സർക്കാർ ഏറ്റെടുത്തതാണ് അനുഗ്രഹമായത്. പാലത്തിനായി സ്ഥലം നൽകിയ കർഷകർക്ക് നഷ്ടപരിഹാരം നൽകാനും മന്ത്രിയുടെ നിർദ്ദേശപ്രകാരം 1.95 കോടി രൂപ അനുവദിച്ചു.
ചിപ്പൻചിറ പാലം
-------------------------
17 മീറ്റർ വീതം നീളമുള്ള 3 സ്‌പാനുകളിലായി മൊത്തം 51 മീറ്റർ നീളം
ഇരുവശത്തും 1.50 മീറ്റർ വീതം വീതിയുള്ള നടപ്പാത
250 മീറ്റർ നീളത്തിൽ അപ്രോച്ച് റോഡ്
നിർമ്മാണച്ചെലവ് 6.97 കോടി രൂപ
സി.പി. രാമസ്വാമി അയ്യരുടെ കാലത്ത് നിർമ്മിച്ച പഴയ ഇരുമ്പുപാലത്തിന് പകരം ഇതിനു സമാന്തരമായാണ് പുതിയ പാലം നിർമ്മിച്ചത്. മുൻ എം.എൽ.എ കോലിയക്കോട് കൃഷ്‌ണൻനായർ മുൻകൈ എടുത്ത് 2010ൽ തുടക്കമിട്ടു. എന്നാൽ വനഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് വനം-റവന്യു വകുപ്പുകൾ തമ്മിലുണ്ടായ തർക്കം തിരിച്ചടിയായി. മന്ത്രി ജി. സുധാകരന്റെ ഇടപെടൽ ഇവിടെയും തുണയായി. ഓപ്പൺ ഫൗണ്ടേഷൻ, കോൺക്രീറ്റ് പിയറുകൾ, ആർ.സി.സി ബീം, സ്ലാബ് എന്നിവ ചേർന്നതാണ് ഘടന. ചെങ്കോട്ട റോഡിലെ ഗതാഗത തടസം ഇനി ഒഴിവാകും.
കേരളകൗമുദിക്ക് അഭിനന്ദനം: ഡി.കെ. മുരളി എം.എൽ.എ
രണ്ടു പാലങ്ങളെയും സംബന്ധിച്ച ജനാഭിലാഷം മാറിമാറി വന്ന സർക്കാരുകളുടെ ശ്രദ്ധയിൽ കൊണ്ടുവന്നതിലും നിർമ്മാണഘട്ടത്തിലെ പിഴവുകൾ ചൂണ്ടിക്കാട്ടുന്നതിലും വസ്‌തുതാപരമായ വാർത്തകളാണ് കേരളകൗമുദി പ്രസിദ്ധീകരിച്ചതെന്ന് ഡി.കെ. മുരളി എം.എൽ.എ പറഞ്ഞു. നബാർഡ് ചെല്ലഞ്ചി പദ്ധതി ഉപേക്ഷിച്ചപ്പോൾ സർക്കാരിനെക്കൊണ്ട് പദ്ധതി ഏറ്റെടുപ്പിക്കുന്നതിലും കർഷകർക്ക് നഷ്ടപരിഹാരം നൽകാൻ അടിയന്തരനടപടി സ്വീകരിപ്പിച്ചതിലും മന്ത്രി ജി. സുധാകരൻ സ്‌തുത്യർഹമായ പങ്കാണ് വഹിച്ചത്. മുൻ എം.എൽ.എമാരായ പിരപ്പൻകോട് മുരളി, ജെ. അരുന്ധതി, കോലിയക്കോട് കൃഷ്ണൻനായർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു എന്നിവരുടെ ഇടപെടലും ശ്രദ്ധേയമാണ്.