വെള്ളറട: തിരുവന്നതപുരത്ത് പൂവാറിൽ നിന്ന് ഒരുമാസം മുമ്പ് കാണാതായ യുവതിയുടെ മൃതദേഹം സൈനികനായ കാമുകന്റെ പുരയിടത്തിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. പൂവാർ പുത്തൻകട ജോയി സദനത്തിൽ രാജന്റെ (മോഹൻ) മകൾ രാഖിമോളുടെ (30) മൃതദേഹമാണ് അമ്പൂരി തട്ടാംമുക്കിൽ അഖിലേഷ് നായരുടെ നിർമ്മാണത്തിലിരിക്കുന്ന വീടിനു പിന്നിലെ പുരയിടത്തിൽ ആഴത്തിൽ കുഴിച്ചുമൂടിയ നിലയിൽ കണ്ടത്.
കൊല നടത്തിയെന്ന് പൊലീസ് സംശയിക്കുന്ന അഖിലേഷിനായി തിരച്ചിൽ തുടരുന്നു. നാട്ടിലുള്ള ഇയാളുടെ സുഹൃത്ത് ആദർശിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു വരികയാണ്. ചോദ്യംചെയ്യലിൽ ആദർശാണ് കൊലപാതക വിവരം പൊലീസിനോട് വെളിപ്പെടുത്തിയതും, മൃതദേഹം കുഴിച്ചിട്ടസ്ഥലം കാണിച്ചുകൊടുത്തതും. പുരയിടത്തിന്റെ മൂലയിൽ നാലടി താഴ്ചയുള്ള കുഴിയിൽ ഉപ്പു വിതറി, അതിലാണ് മൃതദേഹം മൂടിയിരുന്നത്. കൊലയ്‌ക്ക് കൂടുതൽ പേരുടെ സഹായമുണ്ടായിരുന്നോ എന്ന് അന്വേഷിക്കുന്നതയേള്ളൂ. സൈനികനായ അഖിലേഷ് നായരെ അന്വേഷിച്ച് പൊലീസ് സംഘം ഇന്ന് ഇയാൾ ജോലിചെയ്യുന്ന ഡൽഹിക്കു തിരിക്കും.
സിവിൽ എൻജിനിറിംഗുകാരിയായ രാഖിമോൾ എറണാകുളത്ത് സ്വകാര്യ കേബിൾ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞ ജൂൺ 21 നു വൈകിട്ട് ആറുമണിയോടെ വീട്ടിൽ നിന്നിറങ്ങിയ രാഖിയെക്കുറിച്ച് പിന്നീട് ഒരു വിവരവും ലഭിച്ചിരുന്നില്ല. എറണാകളുത്തെ ഹോസ്റ്റലിൽ ആയിരിക്കുമെന്നു കരുതിയ വീട്ടുകാർ, ദിവസങ്ങൾക്കു ശേഷവും ഫോൺകാൾ പോലുമില്ലാതിരുന്നതിനെ തുടർന്ന് അന്വേഷിച്ചു. മൊബൈലിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. ജോലിസ്ഥലത്ത് എത്തിയിട്ടില്ലെന്ന് അറിഞ്ഞതോടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിൽ അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് ജൂലായ് ആറിന് പൊലീസിൽ അറിയിച്ചത്.
പൊലീസിന്റെ അന്വേഷണത്തിൽ യുവതിയും അഖിലേഷ് നായരും തമ്മിൽ ഏറെക്കാലമായി പ്രണയത്തിലായിരുന്നെന്ന് കണ്ടെത്തി. അഖിലേഷിനെക്കുറിച്ചുള്ള അന്വേഷണത്തിനിടെയാണ് അയൽവാസിയായ ആദർശ് ഇയാളുടെ ഉറ്റ സുഹൃത്താണെന്നു കണ്ടെത്തിയത്.തുടർന്ന് ആദർശിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ കൊലപാതക വിവരം പുറത്തായി.
കാട്ടാക്കട തഹസീൽദാർ ഗോപകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം പുറത്തെടുത്ത മൃതദേഹം ഫോറൻസിക് വിദഗ്ദ്ധരുടെ പരിശോധനയിൽ, കാണാതായ രാഖിമോളുടേതു തന്നെയെന്ന് സ്ഥിരീകരിച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റിയ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം നടത്തും. നെയ്യാറ്റിൻകര ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
കൊല നടത്തിയത്
കാമുകിയെ
ഒഴിവാക്കാൻ
രാഖിയും അഖിലേഷുമായുള്ള പ്രണയബന്ധം യുവതിയുടെ വീട്ടിൽ അറിയാമായിരുന്നു. രാഖിയെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന കാമുകൻ അഖിലേഷ് നായർക്ക് മറ്റൊരു പെൺകുട്ടിയുമായി വീട്ടുകാർ വിവാഹം നിശ്ചയിച്ചതോടെ, കാമുകിയെ ഒഴിവാക്കാൻ അഖിലേഷ് കൊലപാതകം ആസൂത്രണം ചെയ്തു നടപ്പാക്കിയെന്നാണ് കരുതുന്നത്.
ജൂൺ 21- ന് വീട്ടിൽ നിന്ന് പുറപ്പെടുന്നതിനു മുമ്പ്, അക്കു (അഖിലേഷിന്റെ വിളിപ്പേര്) വിളിച്ചെന്നും, നെയ്യാറ്റിൻകര റെയിൽവേ സ്റ്റേഷനിൽ കാത്തുനില്പുണ്ടെന്നും പറഞ്ഞിട്ടാണ് രാഖി ഇറങ്ങിയത്. മെബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോൾ കാൾ വന്നത് അമ്പൂരിയിൽ നിന്നാണെന്ന് മനസ്സിലായി. വിശദമായ അന്വേഷണത്തിൽ അമ്പൂരിയിലെ അഖിലേഷിന്റെ വീട് കണ്ടെത്തി. വീട്ടിൽ അന്വേഷിച്ചപ്പോൾ ഇയാൾ ഡൽഹിയിലെ സൈനിക കേന്ദ്രത്തിലേക്കു മടങ്ങിപ്പോയെന്നാണ് പറഞ്ഞത്. എന്നാൽ നാട്ടിലേക്കു പോയ അഖിലേഷ് തിരികെ എത്തിയിട്ടില്ലെന്ന് വിവരം ലഭിച്ചു. സംഭവത്തിനു ശേഷം അഖിലേഷിന്റെ ജ്യേഷ്ഠൻ രാഹുലിനെക്കുറിച്ചും വിവരമില്ല.