കല്ലറ: പണിതിട്ടും പണി തീരാത്ത അവസ്ഥയിലാണ് കല്ലറ പഞ്ചായത്തിലെ പൊതുശ്മശാനം. കല്ലറ പഞ്ചായത്തിൽ കുറമ്പയത്ത് 2008ലാണ് 14 ലക്ഷം രൂപ ചെലവിട്ട് ശ്മശാനത്തിന്റെ പണികൾ ആരംഭിച്ചത്. പണികൾ തുടങ്ങിയിട്ട് ഒരു പതിറ്റാണ്ട് പിന്നിട്ടു. പണം തീരുന്നതല്ലാതെ ശ്മശാനത്തിന്റെ പണികൾ തീരുന്നില്ല.
തുടക്കത്തിൽ തന്നെ ഇഴഞ്ഞ പണി നിശ്ചിത സമയത്ത് പൂർത്തിയാക്കാനായില്ല. തുടർന്ന് 2009-ൽ പുനരുദ്ധാരണ പരിപാടി എന്ന നിലയിൽ 9 ലക്ഷവും പിന്നാലെ 2010-ൽ വീണ്ടും നാല് ലക്ഷം രൂപയും കൂടി ശ്മശാനത്തിലായി ചെലവാക്കി.
2010ൽ ശ്മശാനത്തിന്റെ ഉദ്ഘാടനം നടന്നു. നിർമ്മാണത്തിലെ അപാകതയും അധികൃതരുടെ പിടിപ്പുകേടും കാരണം ശ്മശാനത്തിൽ വിരലിലെണ്ണാവുന്ന മൃതദേഹങ്ങളെ സംസ്‌കരിച്ചിരുന്നുള്ളൂ. ആരും തിരിഞ്ഞ് നോക്കാതായതോടെ ശ്മശാനം കാടുകയറി സാമൂഹ്യ വിരുദ്ധരുടെ താവളമായി .ശ്മശാനത്തിനകത്തുള്ള വൈദ്യുത ഉപകരണങ്ങളും പൈപ്പുകളുമൊക്കെ നശിപ്പിച്ചു. ഒടുവിൽ ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ പുതിയ ഭരണസമിതി 75 ലക്ഷം രൂപ ചെലവാക്കി ശ്മശാനം പുനരുദ്ധരിക്കാനായി പദ്ധതിയിട്ടു. അതിന്റെ പണികൾ ഇപ്പോൾ നടക്കുകയാണ്.