metro

തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ സ്വകാര്യ പങ്കാളിത്ത നയത്തോടുള്ള വിരോധം മാറ്റിവച്ച്, തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികളുമായി മുന്നോട്ടുപോവാൻ സർക്കാർ തീരുമാനം. സ്വകാര്യ പങ്കാളിത്തം നിർബന്ധമാക്കിയുള്ള കേന്ദ്രസർക്കാരിന്റെ പുതിയ മെട്രോനയത്തിന് അനുസരിച്ച് ഡി.എം.ആർ.സി പുതുക്കിയ പദ്ധതിരേഖ (ഡി.പി.ആർ) രണ്ടുവർഷത്തിലേറെയായി പൊടിപിടിച്ച് കിടക്കുകയായിരുന്നു. ഈ ഡി.പി.ആർ ബോർഡ് അംഗീകരിച്ചെന്നും മന്ത്രിസഭ കൂടി അംഗീകരിച്ച ശേഷം ഡി.പി.ആർ വേഗത്തിൽ കേന്ദ്രാനുമതിക്ക് അയയ്ക്കുമെന്നും പദ്ധതി നടത്തിപ്പിനുള്ള കേരള റാപ്പിഡ് ട്രാൻസിറ്റ് കോർപറേഷൻ (കെ.ആർ.ടി.എൽ) ഡയറക്ടർ ബോർഡംഗമായ ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ കേരളകൗമുദിയോട് പറഞ്ഞു.

'' ലൈറ്റ് മെട്രോ പദ്ധതികൾക്ക് വേഗത്തിൽ കേന്ദ്രാനുമതി നേടിയെടുക്കാനാണ് ശ്രമം. ഇതിനുള്ള നടപടികൾ ത്വരിതപ്പെടുത്തും. നാലുതരത്തിലാണ് ലൈറ്റ് മെട്രോയ്ക്ക് പണം കണ്ടെത്തേണ്ടത്. കേന്ദ്ര വിഹിതം, സംസ്ഥാനവിഹിതം, സ്വകാര്യ പങ്കാളിത്തം, ദീർഘകാല വായ്പ എന്നിവയാണവ. ഈ നാലുമാർഗങ്ങളും ഉപയോഗിക്കേണ്ടി വരും. കേന്ദ്രത്തിന്റെ പുതിയ മെട്രോനയത്തിൽ തട്ടി ലൈറ്റ് മെട്രോ പദ്ധതി തടസപ്പെട്ടിരിക്കുകയായിരുന്നു. കേന്ദ്രം നയം വ്യക്തമാക്കിയ ശേഷം ഡി.പി.ആർ അയയ്ക്കാമെന്നായിരുന്നു തീരുമാനം. എന്നാൽ, പദ്ധതി വൈകിയാൽ ചെലവ് താങ്ങാനാവില്ലെന്ന് മെട്രോമാൻ ഇ. ശ്രീധരൻ മുന്നറിയിപ്പ് നൽകിയതോടെ സർക്കാർ പുനഃപരിശോധന നടത്തുകയായിരുന്നു.

ലൈറ്റ് മെട്രോയുടെ വിശദമായ പദ്ധതിരേഖയും (ഡി.പി.ആർ) പൊതുഗതാഗത നവീകരണപദ്ധതിയും സംസ്ഥാനം തയ്യാറാക്കിയിട്ടുണ്ട്. മെട്രോയുടെ ഡിപ്പോയ്ക്കും യാർഡിനുമായി സ്ഥലമേറ്റെടുത്തു. തിരുവനന്തപുരത്ത് മൂന്ന് മേൽപ്പാലങ്ങളുടെ സ്ഥലമെടുപ്പ് നടപടിയായി. 272 കോടിയുടെ ഭരണാനുമതിയും നൽകി. മെട്രോയ്ക്ക് അപേക്ഷിച്ചിട്ടുള്ള ഏഴ് നഗരങ്ങൾക്ക് ഇത്രയും നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ ഒന്നരവർഷമെങ്കിലും വേണം. മാത്രമല്ല, മെട്രോപദ്ധതികളുടെ നിലവാരം നിശ്ചയിക്കാനുള്ള കേന്ദ്രസർക്കാർ സമിതിയുടെ അദ്ധ്യക്ഷൻ ഇ. ശ്രീധരനാണ്. വേണ്ടരീതിയിൽ പദ്ധതിരേഖ തയ്യാറാക്കി കേന്ദ്ര മാനദണ്ഡങ്ങളെല്ലാം പാലിച്ച് അപേക്ഷിച്ചാൽ കേന്ദ്രവിഹിതം നേടിയെടുക്കാമെന്ന് ശ്രീധരൻ സർക്കാരിന് ഉറപ്പുനൽകിയിട്ടുണ്ട്.

150 കോടി

6728 കോടിയുടെ പദ്ധതിയിൽ 150 കോടിക്ക് മാത്രമാണ് സ്വകാര്യ പങ്കാളിത്തം. അതും ടിക്കറ്റ് വിതരണം, എലിവേറ്റർ, ലിഫ്‌റ്റ് എന്നിവയിൽ മാത്രം.

പണം എവിടെനിന്ന്

1.35 ശതമാനം പലിശയ്ക്ക് വായ്പ നൽകാൻ ഫ്രഞ്ച് ഏജൻസി സന്നദ്ധതയറിയിച്ചിട്ടുണ്ട്. ഈ വായ്പയ്ക്ക് 25 വർഷം തിരിച്ചടവും 5 വർഷം മോറട്ടോറിയവും ലഭ്യമാവും. കിഫ്ബിയിൽ നിന്ന് പണം കണ്ടെത്താനും ശ്രമിക്കുന്നു.