പൂവാർ: അമ്പൂരി സ്വദേശി അഖിലേഷുമായി രാഖിയുടെ ബന്ധത്തിന് ആറുവർഷത്തെ പഴക്കമുണ്ട്. ഇത് വീട്ടുകാർക്കും നാട്ടുകാരിൽ ചിലർക്കും അറിയാം. തിരുപുറം പുത്തൻകടയിൽ ജോയ് ഭവനിൽ രാഖിമോളെ, അമ്പൂരി തട്ടാം മുക്കിൽ അഖിലേഷ് നായരുടെ വീട്ടുപറമ്പിൽ കൊന്ന് കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ വാർത്ത നാട്ടുകാർ ഞെട്ടലോടെയാണ് കേട്ടത്.
അഖിലേഷുമായുള്ള രാഖിയുടെ പ്രണയബന്ധത്തിനെ ആദ്യമെല്ലാം എതിർത്തെങ്കിലും പിന്നീട് അവളുടെ ഇഷ്ടത്തിന് കൂട്ടുനിൽക്കുകയായിരുന്നു. മൊബൈലിൽ അഖിലേഷിന്റെ ഫോട്ടോ കാണിച്ചു കൊടുത്തിട്ടുണ്ടെന്ന് രാഖിയുടെ രണ്ടാനമ്മ സിൽവി ഓർമ്മിച്ചു. അവളുടെ ആഗ്രഹങ്ങൾക്ക് ആരും എതിരല്ലായിരുന്നു. കൂടുതൽ പഠിക്കണമെന്നും, നല്ല ജോലി സമ്പാദിക്കണമെന്നും അവൾ ആഗ്രഹിച്ചിരുന്നുവെന്ന് സഹോദരി ഷൈനി പറഞ്ഞു. അതേസമയം രാഖിയുടെ പ്രണയത്തെ ചൊല്ലി ചിലപ്പോഴെല്ലാം ചില്ലറ വഴക്കുകൾ വീട്ടിൽ നടക്കാറുണ്ടെന്ന് അയൽവാസികൾ പറഞ്ഞു. ആത്മഹത്യ ചെയ്ത നെയ്യാറ്റിൻകര മുൻ ഡിവൈ.എസ്.പി ഹരികുമാർ രാഖിയുടെ അയൽക്കാരനാണ്. വഴക്കിനിടയിൽ ഒരു ദിവസം അദ്ദേഹം വീട്ടിൽ വന്ന് അന്യ സമുദായക്കാരനെ പ്രണയിച്ചതിന് മകളെ വഴക്കു പറയരുതെന്ന് ഉപദേശിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു. പുത്തൻകടയിൽ ചായക്കട നടത്തുന്ന രാജന്റെ ചെറിയ വരുമാനം കൊണ്ട് ജീവിതം കഴിഞ്ഞുകൂടുന്നതിനിടെയാണ് രാഖിയുടെ അമ്മ കാൻസർ ബാധിച്ച് മരിച്ചത്. പിന്നീടാണ് രാജൻ സിൽവിയെ വിവാഹം കഴിച്ചത്. നല്ല കുടുംബാന്തരീക്ഷമായിരുന്നു രാഖിയുടെ വീട്ടിൽ. കൊന്നുകളയാൻ മാത്രം എന്ത് തെറ്റാണ് ഈ പെൺകുട്ടി ചെയ്തതെന്നാണ് നാട്ടുകാരുടെ ചോദ്യം.