തിരുവനന്തപുരം:ഭരണമുന്നണിയിലെ രണ്ടാം കക്ഷിയായിട്ടും മൂവാറ്റുപുഴ എം. എൽ. എ അടക്കമുള്ള എറണാകുളത്തെ സി.പി.ഐ നേതാക്കളെ പൊലീസ് മർദ്ദിച്ചതിൽ സി.പി.ഐ അണികളിൽ അമർഷം പുകയുമ്പോഴും ഉപതിരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ട് വിവാദം ഒഴിവാക്കാനാണ് സി.പി.എം, സി.പി.ഐ നേതൃത്വങ്ങൾ ശ്രമിക്കുന്നത്. സി.പി.ഐയെ സാന്ത്വനിപ്പിക്കാനുള്ള പ്രതികരണങ്ങൾ ഇന്നലെ സി.പി.എം നേതാക്കളിൽ നിന്നുണ്ടായി.
മുഖ്യമന്ത്രിയെയും സി.പി.എം സംസ്ഥാന സെക്രട്ടറിയെയും പാർട്ടിയുടെ വികാരം അറിയിച്ചെങ്കിലും പരസ്യമായി പ്രതികരിച്ച് സ്ഥിതി വഷളാക്കേണ്ടെന്ന നിലപാടിലാണ് സി.പി.ഐ നേതൃത്വവും. വിട്ടുവീഴ്‌ചയ്‌ക്ക് സന്നദ്ധമായിട്ടും തങ്ങളുമായി ഒരു ചർച്ചയ്ക്കും തയ്യാറാകാത്ത നിഷേധാത്മക സമീപനമാണ് എറണാകുളത്തെ സി.പി.ഐ നേതൃത്വത്തിന്റേതെന്ന പരിഭവമാണ് സി.പി.എം ജില്ലാകമ്മിറ്റിക്ക്. ജില്ലയിലെ പ്രശ്നം കൂടുതൽ വഷളാകുന്ന സ്ഥിതിക്ക് ഇരുപാർട്ടികളുടെയും സംസ്ഥാന നേതൃത്വങ്ങൾ വരുംദിവസങ്ങളിൽ ഒത്തുതീർപ്പ് നീക്കങ്ങൾ നടത്തിയേക്കും. എറണാകുളം നിയമസഭാമണ്ഡലത്തിലും ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രത്യേകിച്ചും.
സംസ്ഥാന നേതൃത്വത്തിന്റെ മൗനത്തിനെതിരെ എറണാകുളത്തുൾപ്പെടെ സി.പി.ഐ പ്രവർത്തകർക്കിടയിൽ രോഷം പുകയുന്നുണ്ട്. നെടുങ്കണ്ടം കസ്റ്റഡിമരണക്കേസിൽ ഇടുക്കി എസ്.പിക്കെതിരെ പ്രതിഷേധമാർച്ച് നടത്തിയ ജില്ലാ നേതൃത്വം ആഭ്യന്തരവകുപ്പിനെ വിമർശിച്ചതിനെ സംസ്ഥാന എക്സിക്യൂട്ടീവ് തള്ളിപ്പറഞ്ഞതിനെ ചിലരെല്ലാം ഇതിനോട് ചേർത്തുവായിക്കുന്നു. പ്രവർത്തകരുടെ വികാരം നേതൃത്വത്തിന് കാണാതിരിക്കാനാകുമോയെന്ന ചോദ്യവുമുയരുന്നു. മുറിവിൽ മുളക് തേയ്‌ക്കുമ്പോലെ പ്രതിപക്ഷനേതാക്കൾ സി.പി.ഐയെ പരിഹസിക്കുകയുമാണ്.
സംഭവത്തിൽ മുഖ്യമന്ത്രിയെ പ്രതിഷേധം അറിയിക്കുകയും മുഖ്യമന്ത്രി കളക്ടറെക്കൊണ്ട് അന്വേഷിപ്പിക്കാൻ തീരുമാനിക്കുകയും ചെയ്തു. അന്വേഷണ ഫലം വരുന്നത് വരെ കാക്കാനാണ് സി.പി.ഐ തീരുമാനം.
മുഴുവൻ വകുപ്പുകളുടെയും പ്രവർത്തനക്ഷമത വിലയിരുത്താൻ ആഗസ്റ്റ് ആദ്യം എൽ.ഡി.എഫ് ചേരും. സി.പി.ഐ മന്ത്രിമാരുടെ വകുപ്പുകളിൽ അതിനുള്ള തയ്യാറെടുപ്പും തുടങ്ങിയിരിക്കെയാണ് പുതിയ വിവാദങ്ങൾ.
മന്ത്രിസഭായോഗത്തിലും
ഇന്നലെ മന്ത്രിസഭായോഗത്തിലും പ്രശ്നം ചർച്ചയായി. ലോക്കൽ പൊലീസിന് എറണാകുളം ജില്ലയിലെ എം.എൽ.എയെയോ ഭരണകക്ഷിക്കാരനായ ജില്ലാ സെക്രട്ടറിയെയോ അറിയില്ലെന്നാണോയെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ ചോദിച്ചു. കൈയിലടിക്കുകയും കുതിരയടിക്കുകയും ചെയ്യുന്ന പൊലീസ് ക്രൂരത കമ്മ്യൂണിസ്റ്റുകാർക്കറിയാം. എം.എൽ.എയെ പൊലീസ് മർദ്ദിച്ചത് ശരിയായില്ലെന്ന് മറ്റ് ചില മന്ത്രിമാരും പറഞ്ഞു. ഭരണത്തിലിരിക്കുമ്പോൾ സമരം സൂക്ഷിച്ചുവേണം, സമരം അക്രമാസക്തമായാൽ ഭരണപക്ഷമെന്നോ പ്രതിപക്ഷമെന്നോ നോക്കാതെ പൊലീസ് ചിലപ്പോൾ അടിച്ചെന്നിരിക്കും എന്ന് മന്ത്രി എ.കെ. ബാലൻ പറഞ്ഞു. പൊലീസിന് ആരെയും മർദ്ദിക്കാമെന്നാണോ എന്ന് മന്ത്രിമാരായ വി.എസ്. സുനിൽകുമാറും പി. തിലോത്തമനും ചോദിച്ചു. ഇതോടെ ഇടപെട്ട മുഖ്യമന്ത്രി, കളക്ടറുടെ റിപ്പോർട്ട് വന്ന ശേഷം നടപടി തീരുമാനിക്കാമെന്ന് പറഞ്ഞ് ചർച്ച അവസാനിപ്പിച്ചു.