vld-3

വെള്ളറട: ഏറെ സന്തോഷവതിയായി യാത്ര പറഞ്ഞ് പോയ മകളുടെ മുഖമായിരുന്നു ഇന്നലെ വരെ രാജന്റെ മനസിൽ. പക്ഷേ, ഇന്നലെ കണ്ടത്. ജീർണിച്ച അവളുടെ മൃതശരീരം. ആ പിതാവിന്റെ നെ‌ഞ്ച് നുറുങ്ങിപ്പോയി. ആറു വയസിൽ അമ്മയെ നഷ്ടപ്പെട്ടെങ്കിലും അതിന്റെ കുറവ് അറിയിക്കാതെ രാജൻ വളർത്തിക്കൊണ്ടു വന്ന പെൺകിടാവാണവൾ. കാണാതായെങ്കിലും എപ്പോഴെങ്കിലും അവൾ ചിരിതൂകി വീട്ടിലേക്ക് കടന്നു വരുമെന്ന് കരുതി കാത്തിരുന്ന അച്ഛൻ ഈ കാഴ്ച സഹിക്കാനാവാത്ത നൊമ്പരമായി. ജൂൺ 21ന് ഏറെ സന്തോഷവതിയായി അച്ഛനോടും കുടുംബാംഗങ്ങളോടും യാത്ര പറഞ്ഞ് കൂട്ടുകാ‌ർക്ക് പലഹാരവും എടുത്ത് അച്ഛൻ നൽകിയ പാലും കുടിച്ചാണ് രാഖി പുറത്തേക്കു പോയത്. 33 ദിവസങ്ങൾക്കുശേഷം ദുർവിധി പിതാവ് രാജനായി കരുതിവച്ചത് മകളുടെ ചേതനയറ്റ ശരീരവും.

അമ്പൂരിയിൽ എത്തുന്നതുവരെയും തന്റെ മകൾക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്നാണ് വിശ്വസിച്ചിരുന്നത്. തട്ടാം മുക്കിലെത്തിയതോടെ വൻ ജനാവലിയെയാണ് ആദ്യം കണ്ടത്. ഇതോടെ പിതാവിന്റെ സമനിലതെറ്റി. അമ്പൂരി ഗ്രാമപഞ്ചായത്തിലെ പഞ്ചായത്ത് ഓഫീസ് വാർഡിലെ തട്ടാംമുക്കിലെ സൈനികനായ കാമുകന്റെ പുരയിടത്തിൽ ജീർണിച്ച നിലയിൽ കണ്ടെത്തിയത് തന്റെ ജീവനായ മകളാണെന്ന് തിരിച്ചറിഞ്ഞതോടെ അയാൾ വിറങ്ങലിച്ചു. ചായക്കടയിൽ നിന്ന് താൻ നൽകിയ പാലും കുടിച്ച് അക്കു വിളിക്കുന്നുവെന്ന് പറഞ്ഞ് ട്രെയിൻ ടിക്കറ്റിനുള്ള പൈസയുമായി യാത്രപറഞ്ഞുപോയതാണ് മകളെന്ന് പിതാവ് തേങ്ങലോടെ പറയുന്നു.

രാഖിയുടെ ആറാമത്തെ വയസിലാണ് വെള്ളറട മണലി സ്വദേശിയായ മാതാവ് സെൽവി മരണമടഞ്ഞത്. സ്വന്തമായി പുത്തൻകടയിൽ ചായക്കച്ചവടം ചെയ്ത കിട്ടുന്ന വരുമാനം കൊണ്ട് മൂന്നുമക്കളെയും നല്ല നിലയിലാക്കുന്നതിനാണ് ശ്രമിച്ചത്. രാഖിയെ സിവിൽ എൻജിനിയറിംഗ് വരെ പഠിപ്പിച്ചു. അവൾക്ക് വിവാഹത്തിന് ആവശ്യമായതെല്ലാം സമ്പാദിച്ചു. എപ്പോൾ വേണമെങ്കിലും വിവാഹം കഴിച്ച് നൽകാൻ ഒരുക്കമായിരുന്നു. എങ്ങനെയാണ് മകൾ ഇതിൽവന്ന് പെട്ടതെന്ന് അറിയില്ല. മൂത്തമകൾ ഷൈനിയെ വിവാഹം കഴിച്ച് അയച്ചു. അവർ ഭർത്താവുമൊത്ത് ഭർത്തൃഗൃഹത്തിലാണ് താമസിക്കുന്നത്. ജോയി മകനാണ്.