ജപ്പാനിലെ ടോക്കിയോയിൽ ഒളിമ്പിക് കായിക മഹാമഹം അരങ്ങേറാൻ ഇനി ഒരുവർഷം തികച്ചില്ല. ഇന്നലെ ജപ്പാൻകാർ ഒളിമ്പിക്സിന്റെ ഒരുവർഷ കൗണ്ട് ഡൗൺ ആരംഭിച്ചു.
2020 ജൂലായ് 24 മുതൽ ആഗസ്റ്റ് ഒമ്പതുവരെയാണ് ടോക്കിയോയിൽ 32-ാമത് ഒളിമ്പിക്സ് അരങ്ങേറുന്നത്. നാലുവർഷത്തെ കാത്തിരിപ്പിന് ശേഷമെത്തുന്ന കായിക മാമാങ്കത്തിൽ മെഡലുകൾ വാരിക്കൂട്ടാനുള്ള അവസാന ഒരുക്കത്തിലാണ് പല രാജ്യങ്ങളും. ഒളിമ്പിക്സിലെ പവർ ഹൗസൊന്നുമല്ലെങ്കിലും ഇന്ത്യയും ഇക്കുറി മികച്ച തയ്യാറെടുപ്പിലാണ്.
കഴിഞ്ഞ 31 ഒളിമ്പിക്സുകളിൽ നിന്ന് 28 മെഡലുകൾ ഇന്ത്യ നേടിയിട്ടുണ്ട്. ഹോക്കിയുടെ പ്രതാപകാലത്ത് എട്ട് സ്വർണങ്ങൾ സ്വന്തമാക്കിയിരുന്നു. 2008 ൽ ഷൂട്ടിംഗിൽ അഭിനവ് ബിന്ദ്രയിലൂടെ ആദ്യ വ്യക്തിഗത സ്വർണവും. ഏഴ് വെള്ളിയും 12 വെങ്കലങ്ങളും ഇന്ത്യൻ താരങ്ങൾ സ്വന്തമാക്കിയിരുന്നു. 2008 ഒളിമ്പിക്സു മുതൽ ഒന്നിലേറെ ഇനങ്ങളിൽ മെഡൽ നേടാൻ ഇന്ത്യയ്ക്ക് കഴിയുന്നുണ്ട്. റിയോയിൽ 2016 ൽനടന്ന അവസാന ഒളിമ്പിക്സിൽ ബാഡ്മിന്റണിൽ പി.വി. സിന്ധുവും (വെള്ളി), ഗുസ്തിയിൽ സാക്ഷിമാലിക്കും (വെങ്കലം) മെഡലുകൾ നേടി ഇക്കുറി നിരവധി കായിക ഇനങ്ങളിൽ മെഡൽ പ്രതീക്ഷയുമായാണ് ഇന്ത്യ ടോക്കിയോയിലേക്ക് കണ്ണുംനട്ടിരിക്കുന്നത്. മെഡൽ പ്രതീക്ഷയുള്ള പ്രധാന കായിക ഇനങ്ങളെയും താരങ്ങളെയും കുറിച്ച്.
ഷൂട്ടിംഗ്
2004 ൽ രാജ്യവർദ്ധൻ സിംഗ് റാത്തോഡിന്റെ വെള്ളിയിലൂടെയാണ് ഇന്ത്യ ഷൂട്ടിംഗിൽ തിളങ്ങാൻ തുടങ്ങിയത്. തുടർന്ന് ബിന്ദ്ര, വിജയ് കുമാർ, ഗഗൻനാരംഗ് എന്നിവരിലൂടെ മെഡൽ നേട്ടം. റിയോയിൽ മെഡലില്ല. ഇത്തവ പ്രതീക്ഷ സൗരഭ് ചൗധരി, അൻജും മൗദ്‌ഗിൽ, അപൂർവി ചന്ദേല, അഭിഷേക് വർമ്മ, രാഹി സർനോബാത്ത് , മൻഭാക്കർ തുടങ്ങിയവരിൽ.
ബാഡ്മിന്റൺ
ലണ്ടനിൽ സൈനയും റിയോയിൽ സിന്ധുവും മെഡൽ നേടിയിരുന്നു. ഇക്കുറിയും ഇവരിൽത്തന്നെയാണ് പ്രതീക്ഷ. എന്നാൽ ജാപ്പനീസ് താരങ്ങളിൽനിന്ന് ശക്തമായ വെല്ലുവിളി നേരിടേണ്ടിവരും. ഇനിയുള്ള ഒരുവർഷം ജാപ്പനീസ് താരങ്ങളെ നേരിട്ട് വിജയങ്ങൾ നേടാനായാൽ ഇന്ത്യൻ താരങ്ങൾക്ക് ആത്മവിശ്വാസം വർദ്ധിക്കും. പുരുഷ വിഭാഗത്തിൽ കെ. ശ്രീകാന്തും എച്ച്.എസ്. പ്രണോയ്‌യുമാണ് പ്രതീക്ഷകൾ. പരിക്കുകളിൽ നിന്ന് ഇന്ത്യൻ താരങ്ങൾ പൂർണ മുക്തരാകേണ്ടതുണ്ട്.
ബോക്സിംഗ്
2012ന് ശേഷം ഇന്ത്യൻ ബോക്സർമാർ ഒളിമ്പിക് മെഡൽ തൊട്ടിട്ടില്ല. വരുന്ന സെപ്തംബറിൽ റഷ്യയിൽ ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പ് നടക്കുന്നുണ്ട്. ഇൗ ചാമ്പ്യൻഷിപ്പിലെ ഇന്ത്യൻ താരങ്ങളുടെ പ്രകടനം ഒളിമ്പിക്സിലേക്കുള്ള ദിശാസൂചിയാകും. ശിവഥാപ്പയെപ്പോലുള്ള യുവതാരങ്ങൾ പ്രതീക്ഷയുണർത്തുന്നുണ്ട്. മേരികോം ടോക്കിയോയിലും മത്സരിക്കാനിറങ്ങും.
അത്‌ലറ്റിക്സ്
ഒളിമ്പിക്സ് ചരിത്രത്തിലാദ്യമായി അത്‌ലറ്റിക്സിൽ ഒരു മെഡൽ ഇന്ത്യ ടോക്കിയോയിൽ സ്വപ്നം കാണുന്നു. ഹിമദാസ് (400 മീറ്റർ), നീരജ് ചോപ്ര (ജാവലിൻ ത്രോ), എന്നിവരാണ് വെങ്കലത്തിലെങ്കിലും എത്തുമെന്ന് കരുതുന്നത്. ലോക യൂത്ത് ചാമ്പ്യൻഷിപ്പിലെ സ്വർണമെഡൽ ജേതാവാണ് ഹിമ. നീരജ് ജാവലിനിൽ തുടർച്ചയായി മികച്ച പ്രകടനം നടത്തുന്നു. അന്തർദേശീയ നിലവാരം കാത്തുസൂക്ഷിക്കുന്നു. ഒരുവർഷത്തോളം ഫോം നിലനിലനിറുത്താൻ ഇരുവർക്കും കഴിയണം.
ജിംനാസ്റ്റിക്സ്
കഴിഞ്ഞ തവണ ദീപാകർമർക്ക് തലനാരിഴയ്ക്കാണ് മെഡൽ നഷ്ടമായത്. ദീപ തന്നെയാണ് ടോക്കിയോയിലും ഇന്ത്യയുടെ പ്രതീക്ഷ. റിയോ ഒളിമ്പിക്സിന് ശേഷം പരിക്കിന്റെ പിടിയിലായിരുന്നു ഇൗ ത്രിപുരക്കാരി. പരിക്കിൽനിന്ന് മോചിതയായി പരിശീലനം പുനരാരംഭിച്ച ദീപയ്ക്ക് ഒളിമ്പിക്സിന്റെ സമയമാകുമ്പോഴേക്കും ഫോമിലേക്ക് എത്താനാകും എന്നാണ് പ്രതീക്ഷ.
ആർച്ചറി
അതാനുദാസ്, തരുൺദീപ് റായ്, പ്രവീൺ ജാദവ് എന്നിവരടങ്ങിയ പുരുഷ റിക്കർവ് ടീം കഴിഞ്ഞമാസമാണ് ഒളിമ്പിക്സിന് യോഗ്യത നേടിയത്. ലോക ചാമ്പ്യൻഷിപ്പിൽ വെള്ളിനേടാൻ ഇവർക്ക് കഴിഞ്ഞിരുന്നു. ഇന്ത്യൻ വനിതാ ടീമിന് ഇനിയും ഒളിമ്പിക്സ് യോഗ്യത നേടാനായിട്ടില്ല. നവംബറിൽ നടക്കുന്ന ഏഷ്യൻ ക്വാളിഫിക്കേഷൻ ടൂർണമെന്റിലൂടെ വനിതാ റിക്കർവ് ടീമും ടോക്കിയോയ്ക്ക് ടിക്കറ്റെടുക്കും എന്നാണ് പ്രതീക്ഷ. വെറ്ററൻ താരം ദീപികാകുമാരിക്ക് ഇക്കുറിയെങ്കിലും മെഡൽ നേടാനാകുമോ എന്ന ചോദ്യവും അവശേഷിക്കുന്നുണ്ട്.
ഗുസ്തി
കഴിഞ്ഞ മൂന്ന് ഒളിമ്പിക്സുകളിൽ ഇന്ത്യയ്ക്ക് ഗുസ്തിയിൽ മെഡലുണ്ടായിരുന്നു. ബെയ്‌ജിംഗിൽ വെങ്കലവും ലണ്ടനിൽ വെള്ളിയും നേടിയ സുശീലിന് ഒരങ്കത്തിന് കൂടി ബാല്യമുണ്ടാകില്ല. ബജ്‌റംഗ് പൂനിയയാണ് ടോക്കിയോയിൽ ഇന്ത്യയുടെ ബെസ്റ്റ് ബെറ്റ്. 65 കി.ഗ്രാം വിഭാഗത്തിൽ ഏഷ്യൻ ഗെയിംസിലും കോമൺ വെൽത്ത് ഗെയിംസിലും സ്വർണം ബജ്റംഗിനായിരുന്നു. കഴിഞ്ഞ വർഷത്തെ ലോക ചാമ്പ്യൻഷിപ്പിൽ രണ്ടാംസ്ഥാനവും.
. 32-ാമത് ഒളിമ്പിക്സിനാണ് ടോക്കിയോയിൽ അരങ്ങൊരുങ്ങുന്നത്.
. ടോക്കിയോയിൽ ഒളിമ്പിക്സ് എത്തുന്നത് രണ്ടാംതവണ
. 1964 ൽ ടോക്കിയോ ഒളിമ്പിക്സിന് വേദിയായിരുന്നു.
. 33 കായിക ഇനങ്ങളിലായി 339 മത്സരങ്ങൾ ഉണ്ടാകും.
. 15 പുതിയ ഒളിമ്പിക്സ് കായിക ഇനങ്ങൾ
ജാപ്പനീസ് ശില്പി റയോ തനി ഗുലി രൂപകല്പന ചെയ്ത മിറായ്‌തോവയാണ് ഒളിമ്പിക്സിന്റെ ഒഫിഷ്യൽ മാസ്കറ്റ്.
സോമിറ്റി പാരാലിസിക്സിന്റെ ഭാഗ്യചിഹ്നം.
മെഡലുകൾ ഇ മാലിന്യത്തിൽനിന്ന്
ഇലക്ട്രോണിക്സ് മാലിന്യങ്ങൾ റീസൈക്കിൾ ചെയ്താണ ടോക്കിയോ ഒളിമ്പിക്സ് വിജയികൾക്കുള്ള മെഡലുകൾ നിർമ്മിക്കുന്നത്. ഇതിന്റെ മാതൃക ഇന്നലെ പുറത്തിറക്കി. പരിസ്ഥിതി സംരക്ഷണത്തിന്റെ അവശ്യകത വിളംബരം ചെയ്യാനാണ് ഇൗ നീക്കം. പ്രമുഖ മൊബൈൽ ഫോൺ കമ്പനിയായ ഡോക്കോമോയാണ് ഇ മാലിന്യങ്ങൾ ശേഖരിക്കുന്നത്. എട്ട് ടണ്ണോളം മാലിന്യങ്ങൾ മെഡൽ നിർമ്മാണത്തിനായി ഉപയോഗിക്കും.