ബ്യൂണസ് അയേഴ്സ് : കോപ്പ അമേരിക്ക ഫുട്ബാളിന്റെ ലൂസേഴ്സ് ഫൈനലിൽ ചുവപ്പുകാർഡ് കണ്ട അർജന്റീന ക്യാപ്ടൻ ലയണൽ മെസിക്ക് വിവാദ പരാമർശങ്ങളുടെ പേരിൽ തെക്കേ അമേരിക്കൻ ഫുട്ബാൾ ഫെഡറേഷൻ ഒരു മത്സരവിലക്ക് കൂടി നൽകി. ചിലിതാരം ഗാരി മെഡലുമായുള്ള കയ്യാങ്കളിയെത്തുടർന്നാണ് മെസിക്ക് ചുവപ്പുകാർഡ് കിട്ടിയിരുന്നത്.
മത്സരശേഷം ടൂർണമെന്റിന്റെ സംഘാടകർക്കും റഫറിമാർക്കും എതിരെ കടുത്ത ഭാഷയിൽ മെസി വിമർശനം ഉന്നയിച്ചിരുന്നു. ബ്രസീലിനെ ചാമ്പ്യന്മാരാക്കാൻ റഫറിമാർ മനപൂർവം കളിക്കുകയാണെന്നായിരുന്നു മെസിയുടെ ആക്ഷേപം. സർവത്ര അഴിമതി നിറഞ്ഞ ടൂർണമെന്റിന്റെ മൂന്നാം സ്ഥാനക്കാർക്കുള്ള മെഡൽ തനിക്ക് വേണ്ടെന്നും മെസി പറഞ്ഞിരുന്നു. മെസി കടുത്ത കുറ്റമാണ് ചെയ്തതെങ്കിലും അഞ്ചുതവണ ലോകത്തെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട ആളായതിനാൽ വിലക്ക് ഒരു മത്സരമായി ചുരുക്കുകയാണെന്ന് കോൺമിബാൾ അധികൃതർ അറിയിച്ചു.