vanitha-mathil-congress

തിരുവനന്തപുരം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദത്തിനായി കേരള കോൺഗ്രസ്-എമ്മിലെ ജോസഫ്,​ ജോസ് വിഭാഗങ്ങൾ തമ്മിലെ തർക്കം തീർപ്പാകാത്ത സാഹചര്യത്തിൽ തത്കാലം പ്രസിഡന്റ് സ്ഥാനം തിരിച്ചെടുക്കാൻ കോൺഗ്രസ് തീരുമാനം. യു.ഡി.എഫിലെ ധാരണപ്രകാരമായിരുന്നു അവസാന ഒന്നര വർഷത്തേക്ക് കേരള കോൺഗ്രസ്-എമ്മിന് വേണ്ടി കോൺഗ്രസ് കഴിഞ്ഞ ദിവസം പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞത്. എന്നാൽ,​ പിന്നാലെ പിളർന്നു കഴിഞ്ഞ കേരള കോൺഗ്രസിലെ ഇരുവിഭാഗവും വെവ്വേറെ സ്ഥാനാർത്ഥികളെ ഇറക്കി രംഗത്ത് വന്നതോടെ പ്രതിസന്ധിയായി.

ഇന്നലെ രാത്രി വൈകുവോളം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ഔദ്യോഗികവസതിയായ കന്റോൺമെന്റ് ഹൗസിൽ കേരള കോൺഗ്രസിലെ ഇരു വിഭാഗം നേതാക്കളുമായി യു.ഡി.എഫ് നേതൃത്വം ചർച്ച നടത്തിയിട്ടും തർക്കത്തിന് പരിഹാരമായില്ല. ഇരുവിഭാഗങ്ങളും തീരുമാനങ്ങളിലുറച്ചു നിന്നതാണ് പ്രശ്നം. ആദ്യം പി.ജെ. ജോസഫുമായും പിന്നീട് ജോസ് കെ.മാണിയുമായും വെവ്വേറെ ചർച്ച നടത്തിയ നേതൃത്വം അതിന് ശേഷം ഇരുവിഭാഗങ്ങളെയും ഒരുമിച്ചിരുത്തിയും ചർച്ച നടത്തി. ഇരുവിഭാഗങ്ങളോടും വിട്ടുവീഴ്ചയ്ക്ക് നേതൃത്വം അഭ്യർത്ഥിച്ചെങ്കിലും വഴങ്ങിയില്ല. ഈ സാഹചര്യത്തിലാണ് ഇരുകൂട്ടരും തർക്കം പറഞ്ഞു തീർക്കുന്നത് വരെ പ്രസിഡന്റ് പദം തങ്ങൾ തന്നെ കൈയിൽ വയ്ക്കാമെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചത്. ഭരണപ്രതിസന്ധി ഒഴിവാക്കാനാണിത്. കേരള കോൺഗ്രസ് അംഗങ്ങൾ അംഗീകരിച്ചില്ലെങ്കിലും ജനപക്ഷത്തിന്റെ പിന്തുണ ഉറപ്പിച്ച് ഭൂരിപക്ഷമുണ്ടാക്കാമെന്ന് കോൺഗ്രസ് കരുതുന്നുണ്ട്.

ഇരുപത്തിരണ്ടംഗ കൗൺസിലിൽ കോൺഗ്രസിന്റെ എട്ടും കേരള കോൺഗ്രസ്-എമ്മിന്റെ ആറും ഉൾപ്പെടെ യു.ഡി.എഫിന് 14 പേരുണ്ട്. സി.പി.എമ്മിന്റെ ആറും സി.പി.ഐയുടെ ഒന്നും ചേർത്ത് ഇടതുപക്ഷത്തിന് ഏഴ് പേരുണ്ട്. ജനപക്ഷത്തിന് ഒരംഗമുണ്ട്. ആറിൽ അഞ്ച് പേരും തങ്ങൾക്കൊപ്പമെന്ന് ജോസ് കെ.മാണി വിഭാഗം പറയുമ്പോൾ രണ്ട് പേർ തങ്ങൾക്കൊപ്പമാണെന്നാണ് ജോസഫിന്റെ അവകാശവാദം. തർക്കം കാരണം ഇന്നലെ കോൺഗ്രസിന്റെയും കേരള കോൺഗ്രസിന്റെയും അംഗങ്ങൾ വിട്ടുനിന്നതോടെ ക്വാറം തികയാതെ വന്നതിനെ തുടർന്ന് തിരഞ്ഞെടുപ്പ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.