veedu-sandarsanam

ചിറയിൻകീഴ്: സി.പി.എം ഗൃഹ സന്ദർശന പരിപാടിക്ക് ചിറയിൻകീഴ് നിയോജകമണ്ഡലത്തിലെ ആൽത്തറമൂട്ടിൽ തുടക്കമായി. മണ്ഡലത്തിലെ ലോക്കൽ കമ്മിറ്റികളുടെയും ബ്രാഞ്ച് കമ്മിറ്റികളുടെയും നേതൃത്വത്തിൽ പ്രത്യേകം സ്ക്വാഡുകളായാണ് ഗൃഹസന്ദർശനം. സന്ദർശനത്തിൽ വീടുകളിലെ കുടുംബാംഗങ്ങളുടെ ചോദ്യങ്ങൾക്ക് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദൻ മറുപടി നൽകി. പ്രധാനമായും ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് ഉയർന്നത്. പാർട്ടിയുടെയും സർക്കാരിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങളെക്കുറിച്ച് ജനങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ആരായാൻ സി.പി.എം നേതാക്കളും പ്രവർത്തകരും ജനപ്രതിനിധികളുമാണ് ഗൃഹസന്ദർശനം നടത്തുന്നത്.

ജില്ലാ കമ്മിറ്റി അംഗം ആർ.സുഭാഷ്, ഏരിയാ കമ്മിറ്റി അംഗം വി.വിജയകുമാർ, ചിറയിൻകീഴ് ലോക്കൽ കമ്മിറ്റി സെക്രട്ടറി സി.രവീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി.പി.സുലേഖ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആർ.സരിത, ഗോപകുമാർ, എം.ഒ. ഷിബു എന്നിവർ പങ്കെടുത്തു.