pm-cycle

ആംസ്റ്റർഡാം: പഞ്ചായത്തംഗമായാൽപ്പോലും കാറിലേ സഞ്ചരിക്കൂ എന്ന് ചിലർക്ക് വാശിയാണ്. ഇവർ നെതർലാൻഡ്‌സ് പ്രധാനമന്ത്രി മാർക്ക് റൂട്ടിനെ കണ്ടുപഠിക്കണം. സൈക്കിളാണ് കക്ഷിയുടെ ഇഷ്ടവാഹനം.കൂടുതൽ യാത്രയും അതിൽത്തന്നെ. എന്തിനേറെ പാർലമെന്റിൽ സ്ഥിരമായ് എത്തുന്നതും സൈക്കിളിൽ തന്നെ. സൈക്കിൾ യാത്രയ്ക്ക് മറ്റുള്ളവരെ പ്രേരിപ്പിക്കുന്നതും മാർക്കിന്റെ പതിവാണ്. നെതർലാൻഡ്സിൽ എത്തിയിട്ടുള്ള പല രാഷ്ട്രത്തലവന്മാരും ഇക്കാര്യം നേരിട്ടറിഞ്ഞിട്ടുള്ളതാണ്. ദൂരയാത്രകൾ വേണ്ടിവരുമ്പോൾ മാത്രമാണ് വാഹനങ്ങൾ ഉപയോഗിക്കുന്നത്.

സൈക്കിൾ യാത്ര ശീലമാക്കാൻ പലതുണ്ട് കാരണങ്ങൾ എന്നാണ് മാർക്ക് പറയുന്നത്. ആരോഗ്യംതന്നെ ഫസ്റ്റ്. വയസ് 52 ആയെങ്കിലും ബി.പി,ഷുഗർ, കൊളസ്ട്രോൾ തുടങ്ങിയ പതിവുരോഗങ്ങളൊന്നും അദ്ദേഹത്തിന്റെ ഏഴയലത്ത് എത്തിയിട്ടില്ല. സൈക്കിൾ ചവിട്ടുന്നത് ക്ഷീണിപ്പിക്കില്ലേ എന്ന് മാർക്കിനോട് ചോദിച്ചേക്കരുത്. അദ്ദേഹത്തിന് ദേഷ്യം വരും. സൈക്കിൾ ചവിട്ടിയിയാൽ ചുറുചുറുക്ക് കൂടുമെന്നാണ് മാർക്ക് അനുഭവം സാക്ഷിയാക്കി പറയുന്നത്.

പരിസ്ഥിതി ദോഷമുണ്ടാകുന്നില്ല എന്നതാണ് സൈക്കിൾ ഇഷ്ടവാഹനമായി തിരഞ്ഞെടുക്കാനുള്ള രണ്ടാമത്തെ കാരണം. അതിരാവിലെ ഒാഫീസിലെത്തുന്നതാണ് മാർക്കിന്റെ ശീലം. മറ്റുള്ളവർ ഉറക്കപ്പായിൽ നിന്ന് എഴുന്നേൽക്കുമ്പോൾ അദ്ദേഹം ജോലി തുടങ്ങിയിട്ടുണ്ടാവും. ട്രാഫിക് ബ്ലോക്കിൽപ്പെട്ട് വട്ടംചുറ്റാതെ കൃത്യസമയത്ത് ഒാഫീസിലെത്താൻ മാർക്കിനെ സഹായിക്കുന്നത് സൈക്കിളാണ്.

സൈക്കിളിനെക്കുറിച്ച് പറയാൻ മാർക്കിന് നൂറുനാവാണെങ്കിലും അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് സൈക്കിളെന്നുകേൾക്കുന്നതേ പേടിയാണ്. സുരക്ഷാപ്രശ്നങ്ങൾ തന്നെ കാരണം.