1

പൂവാർ: അമ്പൂരിയിൽ യുവതിയെ കൊന്നു വീട്ടുവളപ്പിൽ കുഴിച്ചുമൂടിയ സംഭവത്തിൽ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന കാമുകൻ അഖിലേഷ് നായരെ കസ്റ്റഡിയിൽ കിട്ടാൻ പൊലീസ് ശ്രമം ഊർജിതമാക്കി.

സംഭവശേഷം ഡൽഹിയിലെ സൈനിക ഓഫീസിലേക്ക് മടങ്ങിയ അഖിലേഷിനെ നാട്ടിലെത്തിക്കുന്നതിനായി സൈനിക ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടു. അവിടെ നിന്നു ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ കേരള പൊലീസ് ഡൽഹിയിലെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ നെയ്യാറ്റിൻകര ഡിവൈ.എസ്.പി പറഞ്ഞു.

വീട്ടിനുള്ളിൽ വച്ചാണ് രാഖിമോളെ അഖിലേഷ് കഴുത്തുഞെരിച്ചു കൊന്നത്. നിലവിളി പുറത്തുകേൾക്കാതിരിക്കാൻ വീടിനു പുറത്ത് അഖിലേഷിന്റെ സുഹൃത്ത് ആദർശ് കാർ സ്റ്റാർട്ട് ചെയ്ത് ഫുൾ ആക്സിലേറ്റർ കൊടുത്ത് ഇരപ്പിച്ചുകൊണ്ടിരുന്നു. മൃതദേഹം കുഴിച്ചുമൂടാൻ വീടിനു പിറകിൽ നേരത്തേ തന്നെ കുഴി തയ്യാറാക്കിയിരുന്നു. കൊലനടത്തിയ ശേഷം തങ്ങൾ മൂന്നുപേരും ഒരുമിച്ചാണ് മൃതദേഹം കുഴിച്ചുമൂടിയതെന്നും പൊലീസ് കസ്റ്റഡിയിലുള്ള ആദർശ് പറഞ്ഞു. മൃതദേഹം അഴുകി ദുർഗന്ധം പുറത്തുവരാതിരിക്കാനും നായയോ എലിയോ കടിച്ചുവലിക്കാതിരിക്കാനും ഉപ്പ് വിതറിയെന്നും കുഴി അറിയാതിരിക്കാൻ സ്ഥലത്ത് കമുകിൻ തൈകൾ നട്ടെന്നും ആദർശ് വെളിപ്പെടുത്തി. മൃതദേഹത്തിന്റെ കഴുത്തെല്ലുകൾക്ക് പൊട്ടലുണ്ടെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇത് കഴുത്തുഞെരിച്ചാണ് കൊലനടത്തിയതെന്ന മൊഴി സ്ഥിരീകരിക്കുന്നു. കൊലയ്ക്കുമുമ്പ് ലൈംഗിക പീഡനം നടന്നിട്ടുണ്ടോയെന്ന് രാസപരിശോധനയ്ക്കുശേഷം മാത്രമേ വ്യക്തമാകൂ. അഖിലേഷിന്റെ സഹോദരൻ രാഹുലിനെ കണ്ടെത്താനും പൊലീസ് ശ്രമം ഊർജിതമാക്കി.

പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ രാഖിമോളുടെ മൃതദേഹം ഇന്നലെ ബന്ധുക്കൾ ഏറ്രുവാങ്ങി വീട്ടുവളപ്പിൽ സംസ്കരിച്ചു.

കൊലപാതക പദ്ധതി

വീട്ടുകാർ ഉറപ്പിച്ച വിവാഹത്തിന് തടസമാകുമെന്ന് കരുതിയാണ് പൂവാർ പുത്തൻകട ജോയി സദനത്തിൽ രാജന്റെ മകൾ രാഖിമോളെ ആറുവർഷം പ്രണയിച്ച കാമുകനായ സൈനികൻ അഖിലേഷ് നായർ ദാരുണമായി കൊലപ്പെടുത്തിയതെന്നാണ് കൂട്ടു പ്രതിയായ ആദർശിന്റെ മൊഴി. അഖിലേഷിന്റെ അയൽവാസിയാണ് ആദർശ്. അഖിലേഷിന്റെ ജ്യേഷ്ഠൻ രാഹുലുമായി ചേർന്നാണ് കൊലപാതകത്തിന് പദ്ധതി തയ്യാറാക്കിയതെന്നും ആദർശ് സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

ജൂൺ 21ന് നാലുദിവസത്തെ അവധി കഴിഞ്ഞ് വീട്ടിൽ നിന്നു ജോലിസ്ഥലമായ എറണാകുളത്തേക്ക് പോകവേ പുതുതായി പണിയുന്ന വീട് കാണിച്ചുതരാമെന്നു പറഞ്ഞാണ് അഖിലേഷ് രാഖിമോളെ നെയ്യാറ്റിൻകരയിലേക്ക് വിളിച്ചുവരുത്തിയത്. റെയിൽവേ സ്റ്റേഷനിൽ കാറുമായി കാത്തുനിന്ന അഖിലേഷ് രാത്രി എട്ടരയോടെ യുവതിയുമായി വീട്ടിലെത്തി. പ്രണയത്തിൽ നിന്നു പിന്മാറണമെന്ന് അഖിലേഷ് രാഖിയോട് ആവശ്യപ്പെട്ടു. ഇതേചൊല്ലി ഇരുവരും ഏറെ നേരം കലഹിച്ചു. തുടർന്നാണ് രാഹുലുമായി ചേർന്ന് കൊലനടത്തിയത്.

 കൊലയിൽ അവസാനിച്ച മിസ് കാൾ

വിദ്യാർത്ഥിയായിരിക്കെ ആറു വർഷം മുമ്പ് രാഖിമോളുടെ ഫോണിലേക്ക് വന്ന അഖിലേഷിന്റെ മിസ്‌കാളാണ് നാടിനെ നടുക്കിയ അരുംകൊലയിൽ അവസാനിച്ചത്. മിസ് കാൾ സൗഹൃദം പ്രണയത്തിലെത്തി.

രണ്ടുവ‌ർഷം മുമ്പ് മകൾക്ക് വിവാഹാലോചനകൾ വന്നതോടെയാണ് വീട്ടുകാർ ബന്ധം അറിയുന്നത്. ആദ്യം എതിർത്തെങ്കിലും പിടിവാശിക്കാരിയായ മകളുടെ ആഗ്രഹത്തിനു മുന്നിൽ രാജൻ വഴങ്ങി.

ഒരു വർഷം മുമ്പ് പഠനാവശ്യത്തിനാണെന്ന് പറഞ്ഞ് രാഖിമോൾ അച്ഛനോട് രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. എവിടെയാണ് പണം അടയ്ക്കേണ്ടതെന്ന് അച്ഛൻ ചോദിച്ചതിനെ തുടർന്ന് ഇരുവരും തമ്മിൽ വഴക്കായി. പിന്നീട്‌ അഖിലേഷിന് കൊടുക്കാനെന്ന് പറഞ്ഞു. അഖിലേഷ് വന്നുചോദിച്ചാൽ പണം തരാമെന്ന് അച്ഛൻ രാജൻ പറഞ്ഞെങ്കിലും രാഖിമോൾ കേട്ടില്ല. ഇതേ ചൊല്ലി വലിയ ബഹളം ഉണ്ടായി.

ഓലത്താന്നി വിക്ടറി സ്കൂളിൽ നിന്നു പ്ലസ് ടു പാസായ ശേഷം പരണിയം ബി.എസ്.എസിൽ നിന്നുമാണ്‌ സിവിൽ എൻജിനിയറിംഗ് ഡിപ്ലോമ നേടിയത്. തുടർ പഠനം ലക്ഷ്യമിട്ട് പണം സമ്പാദിക്കാനാണ് ഒന്നര വർഷം മുമ്പ് എറണാകുളത്ത് ജോലിയിൽ പ്രവേശിച്ചത്. കാൾ സെന്ററിലെ ജോലി കഴിഞ്ഞ് ബാക്കി സമയം ഡിഗ്രിക്ക് പഠിക്കാൻ തയ്യാറെടുക്കുകയായിരുന്നു.