ബീജിംഗ്: ചോറും മീൻകറിയും, ബിരിയാണിയുമൊക്കെ തിന്നുന്ന മനുഷ്യൻ സമീപ ഭാവിയിൽ ഇല്ലാതാകും. പകരം വൈദ്യുതി തിന്ന് ജീവിക്കുന്ന മനുഷ്യരായിരിക്കും ലോകം നിറയെ. അതോടെ കൃഷി ലോകത്തുനിന്നുതന്നെ പൂർണമായും ഇല്ലാതാകും... സ്വപ്നം കണ്ടതല്ല. ഇക്കാര്യം യാഥാർത്ഥ്യമാക്കാനുള്ള കഠിന പരിശ്രമത്തിലാണ് ഒരു സംഘം ചൈനീസ് ശാസ്ത്രജ്ഞർ. ഇത് യാഥാർത്ഥ്യമാകുന്നതോടെ ജനിക്കുന്നവരെല്ലാം അതിമാനുഷികരായിരിക്കും. അതായത് എല്ലാകാര്യത്തിലും നിലവിലുള്ള മനുഷ്യരെക്കാൾ എഴുപതുശതമാനത്തിലധികം കഴിവുണ്ടാവും.ചൈനീസ് അക്കാദമി ഒഫ് സയൻസസിനു കീഴിലുള്ള ടിയാൻജിൻ ഇൻസ്റ്റിട്ട്യൂട്ട് ഒഫ് ഇൻഡസ്ട്രിയൽ ബയോടെക്‌നോളജിയിലെ ഗവേഷകരാണ് പഠനം നടത്തിയത്.
ജീൻ എഡിറ്റിംഗിലൂടെ (ഒരു ജീവിയുടെ സ്വഭാവം അടുത്ത തലമുറയിലേക്ക് കൈമാറ്റം ചെയ്യുന്നത് ജീനുകളാണ്.അത്യന്താധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ജീനിൽ മാറ്റം വരുത്തുന്നതാണ് ജീൻ എഡിറ്റിംഗ് ) ഇലക്ട്രോണുകളിൽ നിന്ന് നേരിട്ട് ഊർജം സ്വീകരിക്കാൻ കഴിയുന്ന സൂപ്പർബാക്ടീരിയയ്ക്ക് രൂപം നൽകാൻ ശാസ്ത്രജ്ഞർക്ക് കഴിഞ്ഞതോടെയാണ് കറണ്ട് തിന്ന് ജീവിക്കുന്ന മനുഷ്യർ എന്ന ആശയത്തിലേക്ക് ശാസ്ത്രജ്ഞർ വിരൾ ചൂണ്ടിയത്. ബാക്ടീരിയയുടെ കോശങ്ങളിൽ സാധ്യമായ സംഗതി മനുഷ്യരുടെ കോശങ്ങളിലും സാധ്യമാവുകയേ വേണ്ടൂ. ഇതിന് വളരെ എളുപ്പമാണെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.
മനുഷ്യനുൾപ്പെടെയുള്ള ജീവികളുടെ ദഹനേന്ദ്രിയ വ്യവസ്ഥകളിൽ കാണുന്ന ഈ കോളി ബാക്ടീരിയുടെ ജീനിൽ മറ്റൊരു ജീൻ കൂട്ടിച്ചേർത്താണ് സൂപ്പർബാക്ടീരിയകളെ സൃഷ്ടിച്ചത്. കൂട്ടിച്ചേർത്ത ജീനിന്റെ സഹായത്തോടെയാണ് ബാക്ടീരിയയുടെ കോശത്തിൽ ഒരു പ്രോട്ടീൻ സൃഷ്ടിക്കപ്പെട്ടു. പരിസരത്ത് സ്വതന്ത്രമായി ചലിക്കുന്ന ഇലക്ട്രോണുകളെ പിടിച്ചെടുത്ത് ഊർജമായി ഉപയോഗിക്കാൻ ഈ പ്രോട്ടീൻ ബാക്ടീരിയകളെ സഹായിക്കുന്നു. കറണ്ട് ആഹാരമാക്കിയ ഈ ബാക്ടീരിയകളുടെ പ്രവർത്തനശേഷി എഴുപതുശതമാനത്തോളം കൂട്ടാനും കഴിഞ്ഞെന്നും ശാസ്ത്രജ്ഞർ അവകാശപ്പെടുന്നു.
സാധാരണഗതിയിൽ മനുഷ്യനടക്കമുള്ള ജീവികളുടെ കോശങ്ങൾക്ക് കറണ്ടിൽ നിന്ന് നേരിട്ട് ഊർജം സ്വീകരിക്കാൻ കഴിയില്ല. അതിനാലാണ് അവയ്ക്ക് വൈദ്യുതാഘാമേൽക്കുന്നത്. ജീനിൽ മാറ്റം വരുത്തി ഈ പ്രശ്നം ഒഴിവാക്കാൻ കഴിയുമെന്നാണ് ശാസ്ത്രജ്ഞർ കരുതുന്നത്. കറണ്ടിൽ നിന്ന് കോശങ്ങൾക്ക് നേരിട്ട് ഊർജം സ്വീകരിക്കാൻ കഴിഞ്ഞാൽ അത് വലിയമുന്നേറ്റത്തിന് തുടക്കംകുറിക്കും. മാരകരോഗങ്ങളെയും വാർദ്ധക്യത്തെയുമൊക്കെ അകറ്റിനിറുത്താൻ ഇതിലൂടെ കഴിയുമെന്നും പ്രതീക്ഷിക്കുന്നു. പക്ഷേ, ഇതിന് കടമ്പകൾ ഏറെയുണ്ട്. ഇപ്പോഴും ഈ നിലയിൽ ഗവേഷണം ആരംഭിച്ചിട്ടുമില്ല.