നെയ്യാറ്റിൻകര: പ്രാവച്ചമ്പലം - നെയ്യാറ്റിൻകര നാലുവരിപ്പാതയോടൊപ്പം വൈദ്യുത വിതരണം വികസിത രാജ്യങ്ങളിലേതുപോലെ ഹൈടെക്കായി മാറാനുള്ള ഒരുക്കം തുടങ്ങി. പുതിയ നാലുവരിപ്പാതയ്ക്ക് മദ്യത്തായി ഡിവൈഡറിലെ സ്പെയിസിൽ കുഴിച്ചിടാനുള്ള വൈദ്യുത കേബിളുകളും നെയ്യാറ്റിൻകരയിൽ സജ്ജീകരിക്കാൻ തുടങ്ങി.
ഏകദേശം 40 വർഷം മുൻപാണ് നെയ്യാറ്റിൻകര സബ് സ്റ്റേഷൻ തൊഴുക്കലിൽ സ്ഥാപിച്ചത്. നിലവിലുള്ള 66 കെ.വി സബ് സ്റ്റേഷൻ 110 കെ.വി ആയി ഉയർത്താൻ കഴിഞ്ഞ കുറെ വർഷങ്ങളായി ആരംഭിച്ച ശ്രമമാണ് ഇപ്പോൾ യാഥാർത്ഥ്യമാകുന്നത്. ഇതിലേക്കായി 10 കോടി രൂപയാണ് ചെലവ്. ഏതാണ്ട് മൂന്നേമുക്കാൽ ഏക്കർ സ്ഥലത്താണ് തൊഴുക്കലിലെ സബ് സ്റ്റേഷൻ സ്ഥാപിച്ചിരിക്കുന്നത്. മുൻകാലത്ത് പണിത എട്ട് ക്വാർട്ടേഴ്‌സുകൾ പൊളിച്ചുമാറ്റിയാണ് 2017 ആഗസ്റ്റ് 25ന് 110 കെ.വി സബ് സ്റ്റേഷൻ നിർമിക്കാൻ തുടങ്ങിയത്. പുതിയ സബ് സ്റ്റേഷൻ നിർമാണം പൂർത്തിയാകുന്നതോടെ 625 ആംപിയറിൽ വൈദ്യുത വിതരണം നടത്താനുള്ള ശേഷി നെയ്യാറ്റിൻകര സബ് സ്റ്റേഷനുണ്ടാകും.
വോൾട്ടേജ് ക്ഷാമം ഉണ്ടാകാതിരിക്കാൻ നെയ്യാറ്റിൻകരയിൽ 110 കെ.വി സബ് സ്റ്റേഷൻ പണി ഏതാണ്ട് പൂർത്തിയായി വരുന്നു. നിർമാണ പ്രവർത്തനങ്ങളും ഏതാണ്ട് തീരാറായി. ആഗസ്റ്റ് മാസം അവസാനം ഉദ്ഘാടനം ചെയ്യാനുള്ള ശ്രമത്തിലാണ് കെ.എസ്.ഇ.ബി അധികൃതർ.
വൈദ്യുത ലൈനുകൾ കേബിളാക്കി 110 കെ.വി സബ് സ്റ്റേഷൻ നിർമാണത്തിനൊപ്പം ഇരുപതുകോടി ചെലവിൽ ഇലക്ട്രിക് ലൈനുകൾ കേബിൾ ആക്കി മാറ്റുന്ന പദ്ധതിയും പുരോഗമിക്കുകയാണ്. അതിന്റെ ഭാഗമായി പത്ത് കിലോമീറ്റർ അണ്ടർഗ്രൗണ്ട് എച്ച്.ടി കേബിളുകളും ഇരുപത് കിലോമീറ്റർ ഓവർഹെഡ് എച്ച്.ടി കേബിളുകളും മുപ്പതുകിലോമീറ്റർ ഓവർഹെഡ് എൽ.ടി കേബിളുകളും സ്ഥാപിച്ചു.
16 ട്രാൻസ്‌ഫോർമറുകളും ഒട്ടേറെ പോസ്റ്റുകളും ഇതിനകം മാറ്റി സ്ഥാപിച്ചു. ഇനിയും ട്രാൻസ്ഫോർമറുകൾ മാറ്റി സ്ഥാപിക്കാനുണ്ട്. അത് തുടരുമെന്ന് വൈദ്യുതി വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥർ പറഞ്ഞു. ചുരുക്കത്തിൽ വൈദ്യുതി വിതരണവും ഹൈട്ടെക്കാകുന്നതോടെ പ്രദേശത്തെ വോൾട്ടേജ് ക്ഷാമത്തിനും വൈദ്യുത മുടക്കത്തിനും പരിഹാരം കാണാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.