shaji

തിരുവനന്തപുരം: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ തമിഴ്‌നാട് സ്വദേശികളുടെ കാർ തടഞ്ഞ് ആക്രമിച്ച് മാലയും പണവും മൊബൈൽ ഫോണും കവർന്ന കേസിൽ ഒരാളെ സിറ്റി ഷാഡോ പൊലീസ് പിടികൂടി. നേമം പൊന്നുമംഗലം ഹസീന മൻസിലിൽ സ്വർണപ്പല്ലൻ ഷാജി എന്നു വിളിക്കുന്ന ഷാജി (36) ആണ് തിരുവല്ലം പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ മേയിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. വേളിയിൽ നിന്ന് ജോലി കഴിഞ്ഞ് മാർത്താണ്ഡത്തെ കുലശേഖരത്തേക്ക് മടങ്ങവെ യുവാക്കൾ സഞ്ചരിച്ച കാർ തിരുവല്ലം വണ്ടിത്തടം കുരിശടി ഭാഗത്തു വച്ച് ബൈക്കിലെത്തിയ ഷാജിയും കൂട്ടാളികളും തടയുകയും യാത്രക്കാരെ ആക്രമിച്ച് കവർച്ച നടത്തുകയുമായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ പാലപ്പൂര് വാടകയ്ക്ക് താമസിക്കുന്ന അഞ്ചുതെങ്ങ് സ്വദേശി ഉഷയും ഇവർക്കൊപ്പം താമസിക്കുന്ന പൂന്തുറ സ്വദേശി മുഹമ്മദ് ഇജാസും പിടിയിലായി. എന്നാൽ സംഘത്തിലെ പ്രധാനി ഷാജിയെ പിടിക്കാനായില്ല. ജില്ലകളിൽ മാറിമാറി ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ സിറ്റി ഷാഡോ പൊലീസിന്റെ രഹസ്യ നീക്കത്തിലൂടെയാണ് വലയിലാക്കിയത്.

സിറ്റി പൊലീസ് കമ്മിഷണർ ദിനേന്ദ്ര കശ്യപ്,​ ഡി.സി.പി ആർ. ആദിത്യ, സ്‌പെഷ്യൽ ബ്രാഞ്ച് എ.സി പ്രമോദ് കുമാർ, കൺട്രോൾ റൂം എ.സി ശിവസുതൻ പിള്ള, തിരുവല്ലം എസ്.എച്ച്.ഒ സജികുമാർ, എസ്.ഐ സമ്പത്ത്, ഷാഡോ എ.എസ്.ഐമാരായ യശോധരൻ, ലഞ്ചുലാൽ, ഷാഡോ ടീമംഗങ്ങൾ എന്നിവരാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്.