udf

തിരുവനന്തപുരം: ഒരു നിയന്ത്രണവുമില്ലാതെ പൊലീസ് തോന്നിയ പോലെയാണ് പ്രവർത്തിക്കുന്നതെന്നും കഴിവില്ലെങ്കിൽ മുഖ്യമന്ത്രി രാജിവച്ച് പോകണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇന്നലെ നടന്ന യു.ഡി.എഫിന്റെ സെക്രട്ടേറിയറ്റ് ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിണറായി സർക്കാരിനെതിരായ അന്തിമ സമരത്തിനാണ് യു.ഡി.എഫ് തയ്യാറെടുക്കുന്നത്. 30ന് ചേരുന്ന യു.ഡി.എഫ് യോഗം ഇതു സംബന്ധിച്ച് തീരുമാനമെടുക്കും.

എല്ലാം ശരിയാക്കാൻ വന്നവർ കേരള ജനതയെ ശരിയാക്കിക്കൊണ്ടിരിക്കുകയാണ്. പി.എസ്.സിയിലും യൂണിവേഴ്സിറ്റി പരീക്ഷകളിലുമുള്ള വിശ്വാസം നഷ്ടമായി. പരീക്ഷാ തട്ടിപ്പിൽ ഒരന്വേഷണവും നടക്കില്ലെന്ന് മുഖ്യമന്ത്രിയുടെ പ്രസ്‌താവനയോടെ വ്യക്തമായി. സി.പി.ഐക്കാരെ പൊലീസ് മർദ്ദിച്ചതിനെതിരെ കാനം രാജേന്ദ്രൻ മിണ്ടുന്നില്ല. പാവപ്പെട്ടവർക്ക് മൂന്ന് ലക്ഷം രൂപയുടെ ചികിത്സാ ആനുകൂല്യം ലഭ്യമാക്കുന്ന കാരുണ്യ നിറുത്തി ഇൻഷ്വറൻസ് പദ്ധതി കൊണ്ടുവന്നു. ജീവനക്കാർക്കുള്ള ഇൻഷ്വറൻസ് പദ്ധതി റിലയൻസിന് നൽകിയതിലൂടെ അംബാനിക്ക് കേരളത്തിന്റെ വാതായനങ്ങൾ തുറന്നിട്ടു. സർക്കാരിനെതിരായ യു.ഡി.എഫിന്റെ ധവളപത്രം ഈ മാസം അവസാനം ഇറക്കുമെന്നും ചെന്നിത്തല പറഞ്ഞു.

പിണറായി സർക്കാർ തെറ്റ് തിരുത്താനല്ല, ആവർത്തിക്കാനും ന്യായീകരിക്കാനുമാണ് ശ്രമിക്കുന്നതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി പറഞ്ഞു. യൂണിവേഴ്സിറ്റി കോളേജിലെ ഗുരുതരമായ പ്രശ്‌നം ചർച്ചയാവുമ്പോഴാണ് കഴിഞ്ഞ ദിവസം മഹാരാജാസ് കോളേജിൽ അനധികൃതമെന്ന് കണ്ട് പൂട്ടിയ മുറി എസ്.എഫ്.ഐക്കാർ തല്ലിപ്പൊളിച്ചത്. മനുഷ്യത്വമില്ലാത്ത സർക്കാരാണിതെന്ന് ജനങ്ങൾ വിശ്വസിക്കുന്നു. പാർലമെന്റ് തിരഞ്ഞെടുപ്പിലെ വിധിയെഴുത്ത് ഇതിനേറ്റവും വലിയ ഉദാഹരണമാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

യു.ഡി.എഫിന്റെ സമരം സംസ്ഥാനമാകെ ആളിപ്പടരുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. പൊലീസ് രാജാണ് സംസ്ഥാനത്ത് നടമാടുന്നതെന്നും മുല്ലപ്പള്ളി ആരോപിച്ചു.