gopalakrishnan

തിരുവനന്തപുരം: ജയ് ശ്രീറാം വിളിക്കാത്തതിന്റെ പേരിലുള്ള ആൾക്കൂട്ട ആക്രമണങ്ങളെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സാമൂഹ്യ, സാംസ്‌കാരിക പ്രവർത്തകരെഴുതിയ കത്തിൽ ഒപ്പുവച്ച സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെ ബി.ജെ.പി സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണൻ ഫേസ് ബുക്കിലൂടെ രൂക്ഷമായി വിമർശിച്ചു. അതിന് തക്ക മറുപടിയുമായി അടൂരും അദ്ദേഹത്തെ പിന്തുണച്ച് ചലച്ചിത്ര പ്രവർത്തകരും രംഗത്തെത്തിയതോടെ വിവാദം കനക്കുന്നു.

ജയ് ശ്രീറാം വിളി സഹിക്കുന്നില്ലങ്കിൽ അടൂരിന് പേര് മാറ്റി അന്യഗ്രഹങ്ങളിൽ പോകാമെന്നാണ് ബി. ഗോപാലകൃഷ്ണൻ വിമർശിച്ചത്. വേണ്ടി വന്നാൽ അടൂരിന്റെ വീടിന്റെ മുന്നിൽ ജയ് ശ്രീറാം വിളിക്കുമെന്ന മുന്നറിയിപ്പുമുണ്ട്.

മാതൃകാ പുരുഷനായ ശ്രീരാമന്റെ മഹത്വം സംഘപരിവാർ കളങ്കപ്പെടുത്തുകയാണെന്ന് അടൂർ തിരിച്ചടിച്ചു. ചന്ദ്രനിലേക്ക് ടിക്കറ്റ് തന്നാൽ പോകാമെന്നും തന്റെ വീടിന്റെ മുന്നിൽ ജയ് ശ്രീറാം വിളിക്കാൻ താനും കൂടാമെന്നും അദ്ദേഹം പരിഹസിച്ചു.

ഗോപാലകൃഷ്‌ണന്റെ പോസ്റ്റിന്റെ പ്രസക്ത ഭാഗങ്ങൾ

രാമനും കൃഷ്ണനും ഒന്നാണ്. രാമായണ മാസമായതിനാൽ ഇന്ത്യയിലും അയൽ രാജ്യങ്ങളിലും ജയ് ശ്രീറാം വിളി എന്നുമുയരും. അത് കേൾക്കാൻ പറ്റില്ലെങ്കിൽ ശ്രീഹരിക്കോട്ടയിൽ പേര് രജിസ്റ്റർ ചെയ്ത് അടൂരിന് ചന്ദ്രനിലേക്ക് പോകാം. ഇന്ത്യയിൽ ജയ് ശ്രീറാം മുഴക്കാൻ തന്നെയാണ് ജനങ്ങൾ വോട്ട് ചെയ്തത്. ഇനിയും മുഴക്കും. അത് ജനാധിപത്യ അവകാശമാണ്. ഗാന്ധിജി ഉണ്ടായിരുന്നങ്കിൽ അടൂരിന്റെ വീട്ടുപടിക്കൽ ഉപവാസം കിടന്നേനെ. അടൂർ ആദരിക്കപ്പെടേണ്ട സംവിധായകനാണ്. പക്ഷേ രാജ്യത്തിന്റെ സംസ്‌കാരത്തെ അപലപിക്കരുത്. ജയ് ശ്രീറാം വിളിച്ചതിന് മമത ഹിന്ദുക്കളെ തടവിലിട്ടപ്പോഴും ശരണം വിളിച്ചതിന് പിണറായി വിജയൻ 144 പ്രഖ്യാപിച്ച് കേസെടുത്തപ്പോഴും സഹപാഠിയുടെ നെഞ്ചിൽ കത്തി ഇറക്കിയപ്പോഴും അടൂർ മൗനവ്രതത്തിലായിരുന്നോ? ജയ് ശ്രീറാം വിളിക്കെതിരെ പ്രതികരിക്കുന്നത് കിട്ടാത്ത മുന്തിരിയുടെ കയ്പ് കൊണ്ടാണെന്ന് അറിയാം. കേന്ദ്ര സർക്കാരിൽ നിന്ന് ഒന്നും കിട്ടാത്തതിനോ അതോ കിട്ടാനോ...പരമപുച്ഛത്തോടെ...

ഞാനും വിശ്വാസിയാണ്: അടൂർ

പ്രധാനമന്ത്രിക്ക് തങ്ങൾ നൽകിയ കത്തിന് കടകവിരുദ്ധമായ കാര്യങ്ങളാണ് ഗോപാലകൃഷ്ണൻ പറയുന്നതെന്ന് അടൂർ കേരളകൗമുദിയോട് പറഞ്ഞു. ജയ് ശ്രീറാം വിളി പ്രകോപനപരമായ യുദ്ധകാഹളമായി മാറുന്നു എന്നാണ് കത്തിൽ പറഞ്ഞത്. ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നത് രാജ്യത്തിന് നാണക്കേടാണ്. മാതൃകാപുരുഷനായ ശ്രീരാമനെ അപമാനിക്കുന്നതിന് തുല്യമാണിത്. സംഘപരിവാറിന്റെ ഈ ചെയ്തികൾ അദ്ദേഹത്തിന്റെ പേര് കളങ്കപ്പെടുത്തും. ഇത് തടയണമെന്നാണ് തങ്ങൾ ആവശ്യപ്പെട്ടത്. ഇന്ത്യയിൽ എല്ലാവർക്കും സ്വതന്ത്രമായി ചിന്തിക്കാനും പ്രവർത്തിക്കാനും അവകാശമുണ്ട്. ഇത്തരം പ്രവൃത്തികൾക്കെതിരെ കേന്ദ്ര സർക്കാർ നടപടിയെടുക്കണമെന്നാണ് ആവശ്യപ്പെട്ടത്. ടിക്കറ്റ് തന്നാൽ ചന്ദ്രനിലേക്ക് പോകാം. എന്റെ വീടിന് മുന്നിൽ ജയ് ശ്രീറാം വിളിക്കുമെന്ന് പറഞ്ഞവർ വന്നാൽ അവർക്കൊപ്പം ഞാനും കൂടാം. ഞാനുമൊരു വിശ്വാസിയാണ്. അതിലെനിക്ക് സന്തോഷമേയുള്ളൂ - അടൂർ പറഞ്ഞു.

ബി. ഗോപാലകൃഷ്ണന്റെ വാക്കുകൾ സാംസ്‌കാരിക കേരളത്തിന് അപമാനമാണ്. അടൂരിനും ഏതൊരാൾക്കും സ്വതന്ത്രമായ അഭിപ്രായ പ്രകടനത്തിന് അവകാശമുണ്ട്.

- ഡി.വൈ.എഫ്.ഐ