സെക്രട്ടേറിയറ്റിലും വിവിധ വകുപ്പു ഡയറക്ടറേറ്റുകളിലും ചുവപ്പുനാടയുടെ കെട്ടഴിക്കാൻ വീണ്ടുമൊരു മഹായജ്ഞത്തിന് ഒരുങ്ങുകയാണ് എൽ.ഡി.എഫ് സർക്കാർ. 37 വകുപ്പുകളിലായി നിലവിൽ 1,21,665 ഫയലുകൾ തീരുമാനം കാത്തുകിടപ്പുണ്ടെന്നാണ് കണക്ക്. 17300 ഫയലുകളുമായി റവന്യൂവകുപ്പാണ് ഇതിൽ മുന്നിൽ. ഇവയിൽ അധികപങ്കും ജനങ്ങളുടെ ആവശ്യങ്ങളുമായി ബന്ധപ്പെട്ടവയാകുമെന്നത് തീർച്ച. സർക്കാർ ഒാഫീസുകളിലെ മെല്ലെപ്പോക്ക് വ്യക്തികളെയും സ്ഥാപനങ്ങളെയും മാത്രമല്ല സർക്കാർ ആഭിമുഖ്യത്തിലുള്ള വിവിധ വികസന പദ്ധതികളെയും പ്രതികൂലമായി ബാധിക്കാറുണ്ട്. സേവനം അനിശ്ചിതമായി മുടങ്ങുന്നതു മൂലം ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങൾ വളരെ അധികമാണ്. ഒരു ഗതിയുമില്ലാതെ അപേക്ഷകൻ ആത്മഹത്യയിലേക്കു വരെ നീങ്ങുമെന്നതിന് തെളിവ് ധാരാളമുണ്ട്. പോക്കുവരവ് ശരിയാക്കാൻ വർഷങ്ങളോളം വില്ലേജ് ഒാഫീസ് കയറിയിറങ്ങി മടുത്ത് ഒടുവിൽ അതേ ഒാഫീസിന് തീവയ്ക്കാൻ മുതിർന്ന ഒരു നിസഹായന്റെ ദുരന്തകഥ ഇൗ അടുത്ത കാലത്താണ് വായിച്ചത്. ഇതുപോലെ മനസുമടുത്ത് അതിക്രമങ്ങൾക്ക് മുതിരുന്നവർ പലേടത്തുമുണ്ട്. ഒാരോ ഫയലും ഒാരോ ജീവിതമാണെന്ന സത്യം ഉദ്യോഗസ്ഥർ മറക്കരുതെന്ന് കൂടക്കൂടെ മുഖ്യമന്ത്രി പിണറായി വിജയന് ഒാർമ്മിപ്പിക്കേണ്ടി വരുന്നത് ചുവപ്പുനാടയുടെ കെട്ടുകൾ കൂടുതൽ മുറുകുന്നതു കാണുമ്പോഴാണ്.
ഫയലുകൾ കുന്നുകൂടുകയും തീരുമാനം അനിശ്ചിതമായി വൈകുകയും ചെയ്യുമ്പോൾ ഫയൽ തീർപ്പ് യജ്ഞങ്ങൾ പണ്ടുമുതലേ നടക്കാറുള്ളതാണ്. കാലഹരണപ്പെട്ടവ ഉപേക്ഷിച്ചും ആകാവുന്നവയിലെല്ലാം തീർപ്പുണ്ടാക്കിയും ശുദ്ധീകരണം നടത്തിയ ശേഷവും ഫയലുകൾ കുന്നുകൂടാറുണ്ട്. അത് പൂർണമായും ഒഴിവാക്കാനുമാകില്ല. തീരുമാനമെടുക്കുന്നതിൽ അറിഞ്ഞോ അറിയാതെയോ വരുത്തുന്ന കാലതാമസമാണ് ഫയൽ കൂമ്പാരങ്ങൾ സൃഷ്ടിക്കുന്നത്. ഒാഫീസ് മേധാവികൾ നിർബന്ധബുദ്ധി കാണിച്ചാൽ എളുപ്പം പരിഹാരം കാണാവുന്ന പ്രശ്നമാണിത്. കാര്യക്ഷമതാരാഹിത്യവും അച്ചടക്കമില്ലായ്മയും സിവിൽ സർവീസിനെ അടിമുടി ബാധിക്കുന്നതാണ് ചുവപ്പുനാടയുടെ കനം വർദ്ധിപ്പിക്കുന്നത്.
ആഗസ്റ്റ് ഒന്നുമുതൽ ഒക്ടോബർ 31 വരെയുള്ള 90 ദിവസങ്ങളാണ് സെക്രട്ടേറിയറ്റിലും വിവിധ വകുപ്പ് ഡയറക്ടറേറ്റുകളിലും കെട്ടിക്കിടക്കുന്ന ഫയലുകളിൽ തീരുമാനമെടുക്കാൻ വേണ്ടിയുള്ള തീവ്രയജ്ഞത്തിനായി നിശ്ചയിച്ചിരിക്കുന്നത്. ഫയലുകളുടെ കാലപ്പഴക്കം കണക്കാക്കി തരംതിരിച്ചാവും പരിശോധനയും തീരുമാനമെടുക്കലും. ഇതിനായുള്ള ജോലി ഇൗമാസം 31ന് മുമ്പ് പൂർത്തിയാക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകിക്കഴിഞ്ഞു. അദാലത്തുകൾ സംഘടിപ്പിച്ചും തുടർപരിശോധനകൾ വഴിയും ഫയലുകളിൽ തീർപ്പുണ്ടാക്കാനാണ് ഉദ്ദേശിക്കുന്നത്. ജനങ്ങളുടെ ആവശ്യങ്ങൾ ഉൾക്കൊള്ളുന്ന ഫയലുകളിൽ ആഗസ്റ്റ് 31 നകം തീരുമാനമെടുക്കണമെന്നാണ് നിർദ്ദേശം. ഉദ്യോഗസ്ഥന്മാരുടെ ആവലാതികളും പരാതികളുമായി ബന്ധപ്പെട്ടുതന്നെ ആയിരക്കണക്കിന് ഫയലുകളുണ്ട്. വകുപ്പുമേധാവികൾ ഉഷാറായാൽ ഇവയിൽ പലതിനും എളുപ്പം തീർപ്പുണ്ടാക്കാവുന്നതാണ്.
ഫയൽ തീർപ്പാക്കൽ യജ്ഞം നടന്നതുകൊണ്ടുമാത്രം ആശ്വാസം ഉണ്ടാകണമെന്നില്ല. ഫയലിന് കൈക്കൊള്ളുന്ന തീരുമാനമാണ് പ്രധാനം. താഴെതലങ്ങളിൽ തീരുമാനമില്ലാതെ വരുമ്പോഴാകുമല്ലോ ആളുകൾ ഭരണസിരാകേന്ദ്രത്തിലേക്ക് അപേക്ഷ അയച്ച് പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. ദുരിതാശ്വാസ സഹായം, ചികിത്സാആനുകൂല്യങ്ങൾ, വിവിധ കേസുകളുമായി ബന്ധപ്പെട്ടുള്ള നഷ്ടപരിഹാരം, നിയമനം, സ്ഥലംമാറ്റം, പെൻഷൻ തുടങ്ങി ആവശ്യങ്ങൾ അനവധിയുണ്ടാകും. നിത്യജീവിതവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ കാലവിളംബമില്ലാതെ നടന്നുകിട്ടുമ്പോഴാണ് സർക്കാരിന്റെ ഉദാരതയും പ്രതിബദ്ധതയും ജനങ്ങൾക്ക് അനുഭവവേദ്യമാകുന്നത്. സിവിൽ സർവീസ് എത്രത്തോളം കാര്യപ്രാപ്തിയോടെ വർത്തിക്കുന്നോ അത്രയധികമാകും സർക്കാരിനോടുള്ള ജനങ്ങളുടെ സ്നേഹാദരങ്ങൾ. പ്രവർത്തിക്കുന്ന സർക്കാർ എന്ന വിശേഷണത്തിന് അർഹമാകുന്നതും അപ്പോഴാണ്.
ഇ -ഗവേണൻസിന്റെ ഇക്കാലത്ത് ഫയലുകൾ ആരുടെയും മേശമേൽ ഫയലായി കുന്നുകൂട്ടേണ്ട ആവശ്യമില്ല. ഉടനുടൻ തീരുമാനമെടുത്ത് ഫയൽ ക്ളോസ് ചെയ്യുന്ന സംവിധാനം ഫലപ്രദമായി പല വകുപ്പുകളിലും നടപ്പാകുന്നുണ്ട്. ഇനിയും അവ എത്താത്ത ഇടങ്ങളിൽ എത്രയും വേഗം നടപ്പാക്കാൻ നടപടി എടുക്കണം. ജനങ്ങൾ കൂടുതലായി ആശ്രയിക്കേണ്ടി വരുന്ന റവന്യൂ ഒാഫീസുകളിലെ കാലതാമസമാണ് പ്രധാനമായും വിമർശന വിധേയമാകാറുള്ളത്. തദ്ദേശസ്ഥാപനങ്ങളിലെ മെല്ലെപ്പോക്കും ജനങ്ങളെ ഒട്ടൊന്നുമല്ല വട്ടം കറക്കാറുള്ളത്. ഭരണസിരാകേന്ദ്രത്തിലെ തീവ്രയജ്ഞംപോലെ താഴെ തലങ്ങളിലും ഇടയ്ക്കിടെ ഇതുപോലുള്ള മഹായജ്ഞങ്ങൾ ആവശ്യമാണ്. അപേക്ഷ സമർപ്പിച്ച് പരിഹാര നടപടിക്കായി സർക്കാർ ഒാഫീസുകളിൽ നിരന്തരം കയറിയിറങ്ങേണ്ടി വരുന്ന സ്ഥിതിവിശേഷം ക്രമേണയെങ്കിലും മാറ്റിയെടുക്കേണ്ടതുണ്ട്. സർക്കാർ ഒാഫീസുകളുടെ പ്രവർത്തനങ്ങളിൽ മന്ത്രിമാർ സദാ ശ്രദ്ധിക്കുന്നുണ്ടെന്ന് വന്നാൽത്തന്നെ സ്ഥിതി മെച്ചപ്പെടും. ഉദ്യോഗസ്ഥ മേധാവികളും കൂടുതൽ ഉത്തരവാദിത്വബോധം കാണിക്കണം.