2

വിഴിഞ്ഞം: വിവര സാങ്കേതിക വിദ്യയ്ക്ക് നൽകുന്ന പ്രാധാന്യത്തിനൊപ്പം വിദ്യാർത്ഥികൾ മാനുഷിക വീക്ഷണവും വളർത്തിയെടുക്കണമെന്ന് ഗവർണർ പി. സദാശിവം പറഞ്ഞു. വെങ്ങാനൂർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ശതാബ്ദി ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്കൂളുകൾ വിദ്യാർത്ഥികളിൽ ലിംഗവിവേചനത്തെപ്പറ്റി അവബോധം സൃഷ്ടിക്കണമെന്നും വിദ്യാർത്ഥിയെ സ്വന്തം കാലിൽ നിൽക്കാൻ ഓരോ വിദ്യാലയവും എത്രത്തോളം പ്രാപ്തമാക്കുന്നുവെന്നത് സമൂഹത്തെ സ്വാധീനിക്കുമെന്നും അദ്ദേഹം പറഞ്ഞു. എം. വിൻസന്റ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂളിലെ ശതാബ്ദി മന്ദിരത്തിന്റെ തറക്കല്ലിടൽ കർമ്മവും ഗവർണർ നിർവഹിച്ചു. സ്കൂളിലെ മുൻ അദ്ധ്യാപകനായ രാമകൃഷ്ണൻ നായരും മുൻ വിദ്യാർത്ഥിയും മുന്നാക്ക സമുദായ കൗൺസിൽ ചെയർമാനുമായ റിട്ട. ജസ്റ്റിസ് എം.ആർ. ഹരിഹരൻ നായരും സംഭാവനയായി നൽകിയ ഓരോ ലക്ഷം രൂപയുടെ ചെക്ക് പാലിയം ഇന്ത്യ സ്ഥാപക ഡയറക്ടറായ ഡോ. എം.ആർ. രാജഗോപാലിന് ഗവർണർ കൈമാറി. മേയർ വി.കെ. പ്രശാന്ത്, മുൻ അംബാസഡർ ടി.പി. ശ്രീനിവാസൻ, സ്കൂൾ മാനേജർ ദീപ്തി ഗിരീഷ്, വാർഡ് കൗൺസിലർ സന്തോഷ്, രാമകൃഷ്ണൻ നായർ, സ്കൂൾ ഹെഡ്മിസ്ട്രസ് പി.എൽ. ശ്രീലതാദേവി എന്നിവർ സംസാരിച്ചു.