കിളിമാനൂർ: വ്യാജ എലിപ്പനി പ്രചാരണത്തിൽ കുടുങ്ങിയ വെണ്ണിച്ചിറയിലെ നീന്തൽക്കുളത്തിന് ഇനിയും ശാപമോക്ഷമായില്ല. കിളിമാനൂർ പഞ്ചായത്തിലെ ഏറ്റവും വലിയ ജലാശയമാണ് പോങ്ങനാടിന് സമീപം വെണ്ണിച്ചിറയിലുള്ളത്.
ഇക്കഴിഞ്ഞ മെയ് മാസത്തിൽ നാട്ടിൽ പകർച്ചാപനി പടർന്നു പിടിച്ചു. വെണ്ണിച്ചിറയിൽ നീന്തൽ പരിശീലനത്തിൽ ഏർപ്പെട്ടിരുന്ന ചില കുട്ടികൾക്കും പനി പിടിപ്പെട്ടിരുന്നു. അക്വാട്ടിക് ക്ലബിന്റെ വളർച്ചയിൽ അസൂയാലുക്കളായിരുന്ന ചിലർ പകർച്ചാപനിയെ എലിപ്പനിയായി ചിത്രീകരിച്ച് ക്ലബിന്റെ പ്രവർത്തനത്തെ തടസപ്പെടുത്താൻ രംഗത്തെത്തി. ഇവരുടെ കുപ്രചരണത്തിൽ അകപ്പെട്ട ഒരു ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വേണ്ടത്ര പരിശോധനകൾ നടത്താതെ കുളത്തിലെ വെള്ളത്തിൽ എലിപ്പനിയുള്ളതായി മുളയ്ക്കലത്ത് കാവ് കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർക്ക് വ്യാജ റിപ്പോർട്ട് നൽകി. ഇത് മാദ്ധ്യമ വാർത്തയായതോടെ എം.എൽ.എയെയും ജില്ലാ മെഡിക്കൽ ഓഫിസർ ഉൾപ്പെടെയുള്ളവർ കുളം സന്ദർശിക്കുകയും ചെയ്തു. തുടർന്ന് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഈ കുളത്തിൽ പ്രവേശിക്കുന്നതും, കുളം മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതും കർശനമായി നിരോധിച്ചതായി ബോർഡ് മെഡിക്കൽ ഓഫീസറുടെയും പഞ്ചായത്ത് പ്രസിഡന്റിനെയും പേരിൽ സ്ഥാപിക്കുകയും ചെയ്തു.
ഇതിനിടയിൽ കുളത്തിലെ വെള്ളത്തിന്റെ സാമ്പിൾ തിരുവനന്തപുരത്തെ പബ്ലിക് ഹെൽത്ത് ലാബോറട്ടറിയിൽ പരിശോധനയ്ക്ക് അയച്ചു. പരിശോധന ഫലത്തിൽ എലിപ്പനി വയറസ് കണ്ടെത്തിയിരുന്നില്ല. ഇതിനിടയിൽ പഞ്ചായത്ത് കുളം വറ്റിച്ച് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി ജലം സംഭരിക്കുകയും ചെയ്തു. എന്നിട്ടും നാട്ടുകാരിൽ ഭീതി പടർത്തിയ വ്യാജ എലിപ്പനി സംബന്ധിച്ച ബോർഡ് എടുത്ത് മാറ്റുന്നതിനോ നീന്തൽ പരിശീലന കേന്ദ്രം പുനരാരംഭിക്കുന്നതിന് സാഹചര്യം ഒരുക്കുന്നതിനോ അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.