asan

തിരുവനന്തപുരം: മഹാകവി കുമാരനാശാന്റെ പാദമുദ്ര അവസാനമായി പതിഞ്ഞ കൊല്ലം ബോട്ടു ജെട്ടിയിൽ എട്ട് അടി ഉയരമുള്ള വെങ്കല പ്രതിമ സ്ഥാപിക്കുന്നതിന് സ്ഥലം അനുവദിച്ച് റവന്യൂ വകുപ്പ് ഉത്തരവിറക്കി. മഹാകവിയുടെ സ്മാരകം നിർമ്മിക്കാനായി കൊല്ലത്തെ കാവ്യകൗമുദി സാഹിത്യസമിതിക്കാണ്‌ ബോട്ടു ജെട്ടിക്ക് കിഴക്കായും അഷ്ടമുടി കായലിന് തെക്കായുമുള്ള 10 ചതുരശ്രമീറ്റർ സ്ഥലം സർക്കാർ അനുവദിച്ചത്.

1924 ജനുവരി 16ന് കൊല്ലം ബോട്ടുജെട്ടിയിൽ നിന്ന് ആലപ്പുഴയിലേക്കുള്ള റഡീമർ ബോട്ടുയാത്രയ്ക്കിടെ പല്ലനയിൽ വച്ചാണ് ആശാൻ ബോട്ടുമുങ്ങി മരിച്ചത്. സ്‌മാരകം നിർമ്മിക്കാൻ കൊല്ലം കോർപറേഷൻ കഴിഞ്ഞവർഷത്തെ ബഡ്‌ജറ്റിൽ പണം വകയിരുത്തിയിട്ടുണ്ട്.

കേരള സർവകലാശാലയ്ക്കു മുന്നിൽ കിഴക്കൻ ചക്രവാളത്തിലേക്ക് വിരൽചൂണ്ടിയുള്ള ആശാന്റെ വെങ്കലപ്രതിമ 1973 ഏപ്രിലിൽ സ്ഥാപിച്ചെങ്കിലും ദീർഘകാലത്തെ കർമ്മ മണ്ഡലമായിരുന്ന കൊല്ലം ജില്ലയിൽ സ്‌മാരകമുണ്ടായിരുന്നില്ല. ആശാൻ പ്രതിമയ്ക്കായി കൊല്ലം ബോട്ടുജെട്ടിക്ക് സമീപം സ്ഥലം വേണമെന്ന് സാഹിത്യസമിതി സർക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു. കൊല്ലം താലൂക്ക് ഈസ്റ്റ് വില്ലേജിൽപെട്ട, ബി.ടി.ആർ പ്രകാരം പുറമ്പോക്ക് എന്ന് രേഖയിലുള്ള ബോട്ടുജെട്ടിയുടെ സ്ഥലമാണ് ഇതിനായി കളക്ടർ കണ്ടെത്തിയത്. താലൂക്ക് കച്ചേരി ജംഗ്ഷനിൽ നിന്ന് ആശ്രാമത്തേക്കുള്ള ലിങ്ക് റോഡിൽ കെ.എസ്.ആർ.ടി.സി റോഡിന് എതിർവശത്തായുള്ള സ്ഥലം അനുവദിക്കാമെന്ന് കൊല്ലം ഡി.ടി.പി.സി സെക്രട്ടറിയും കൊല്ലം കോർപറേഷൻ സെക്രട്ടറിയും ഇൻലാൻഡ് നാവിഗേഷൻ ചീഫ് എൻജിനിയറും റിപ്പോർട്ട് നൽകിയിരുന്നു.

സ്ഥലത്തിന്റെ കമ്പോളവില 19.20 ലക്ഷം രൂപയാണ്. അതിന്റെ 0.5 ശതമാനം തുക പ്രതിവർഷം പാട്ടത്തുകയായി നിശ്ചയിച്ച് ഭൂമി നൽകാനാണ് റവന്യൂ വകുപ്പിന്റെ ഉത്തരവ്. പ്രതിവർഷം 960 രൂപയാണ് പാട്ടത്തുക. മുനിസിപ്പൽ, കോർപറേഷൻ പ്രദേശങ്ങളിലെ ഭൂമി പതിവ് ചട്ടങ്ങൾ പ്രകാരമുള്ള വ്യവസ്ഥകൾക്ക് വിധേയമായാണ് ഭൂമി അനുവദിച്ചത്. ഈ ഭൂമിയിൽ മറ്റു നിർമ്മാണങ്ങൾ പാടില്ലെന്നും ഭൂമി പാട്ടത്തിന് നൽകാനോ ദുരുപയോഗപ്പെടുത്താനോ പണയപ്പെടുത്താനോ പാടില്ലെന്നും നിർദ്ദേശിച്ചിട്ടുണ്ട്. മൂന്നുവർഷത്തിനിടയിൽ പ്രതിമ നിർമ്മാണം പൂർത്തീകരിക്കണമെന്നും അഡി. സെക്രട്ടറി ടെസി പി.ജോസ് ഇന്നലെ പുറത്തിറക്കിയ ഉത്തരവിലുണ്ട്.