udf

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ സംഭവങ്ങളെക്കുറിച്ച് ജുഡിഷ്യൽ അന്വേഷണം നടത്തുക, പി.എസ്.സി പരീക്ഷാ തട്ടിപ്പ് സി.ബി.ഐ അന്വേഷിക്കുക, വൈദ്യുതിചാർജ് വർദ്ധന പിൻവലിക്കുക, കാരുണ്യ പദ്ധതി നിലനിറുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് യു.ഡി.എഫ് ഇന്നലെ നടത്തിയ സെക്രട്ടേറിയറ്റ് ഉപരോധത്തിൽ നഗരം സ്‌തംഭിച്ചു. രാവിലെ ആറ് മുതൽ സ്ത്രീകളടക്കം നൂറുകണക്കിന് പ്രവർത്തകർ സെക്രട്ടേറിയറ്റിന്റെ മൂന്ന് കവാടങ്ങളും ഉപരോധിച്ചു.

കന്റോൺമെന്റ് ഗേറ്റിന് സമീപത്തെ വഴികളെല്ലാം പൊലീസ് നേരത്തേ അടച്ചിരുന്നു. മന്ത്രിമാരും ഉന്നതോദ്യോഗസ്ഥരും ജീവനക്കാരും ഇതു വഴിയാണ് സെക്രട്ടേറിയറ്റിലെത്തിയത്. തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കിയിരുന്നു. നഗരമദ്ധ്യത്തിലെ മിക്ക വഴികളും പൊലീസ് കയറും ബാരിക്കേഡും കെട്ടി അടച്ചതോടെ കാൽനടയാത്രക്കാരുൾപ്പെടെ ദുരിതത്തിലായി.

ഉപരോധസമരം രാവിലെ പത്തോടെ വടക്കുഭാഗത്തെ പ്രധാന കവാടത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്‌തു. സോളമൻ അലക്സ് അദ്ധ്യക്ഷത വഹിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, എ.ഐ.സി.സി ജനറൽസെക്രട്ടറി കെ.സി. വേണുഗോപാൽ, എം.എം. ഹസൻ, എൻ. പീതാംബരക്കുറുപ്പ്, കെ.പി.എ. മജീദ്, എം.കെ. മുനീർ, ജോസ് കെ. മാണി, തോമസ് ഉണ്ണിയാടൻ, അനൂപ് ജേക്കബ്, ജോണി നെല്ലൂർ, എ.എ. അസീസ്, റാംമോഹൻ, എം.പി. സാജു തുടങ്ങിയവർ സംസാരിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.സി. ജോസഫ്, വി.എസ്. ശിവകുമാർ, എം. വിൻസെന്റ്, കെ.എസ്. ശബരീനാഥൻ, പന്തളം സുധാകരൻ, ജോസഫ് വാഴയ്‌ക്കൻ, ടി. ശരത്ചന്ദ്രപ്രസാദ്, വർക്കല കഹാർ, നെയ്യാറ്റിൻകര സനൽ, മണക്കാട് സുരേഷ്, ബീമാപള്ളി റഷീദ് തുടങ്ങിയവർ പങ്കെടുത്തു.

ഉച്ചയ്‌ക്ക് ഒന്നു വരെയായിരുന്നു ഉപരോധം. ഒരു മണിയോടെ പ്രധാന കവാടത്തിൽ മുതിർന്ന നേതാക്കളുൾപ്പെടെ അറസ്റ്റ് വരിച്ചു.