മലയിൻകീഴ്: മലയിൻകീഴ് താലൂക്ക് ആശുപത്രിയിൽ കുടിവെള്ളമില്ലാതെ രോഗികൾ വലയുന്നു. കുടിവെള്ളക്ഷാമം അനുഭവപ്പെട്ടിട്ട് ആഴ്ചകൾ കഴിഞ്ഞു. ആശുപത്രിയിൽ കിണറും കുഴൽക്കിണറും വാട്ടർ അതോറിറ്റിയുടെ പൈപ്പ് കണക്ഷനുമുണ്ട്. എന്നാൽ ഇവയിൽ നിന്ന് ലഭിക്കുന്ന വെള്ളം ആശുപത്രി ആവശ്യങ്ങൾക്ക് തികയുന്നില്ല. പ്രാഥമിക ആരോഗ്യകേന്ദ്രമായിരുന്നപ്പോൾ സ്ഥാപിച്ചതാണ് ഇവയെല്ലാം. പി.എച്ച്.സി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററായി ഉയർത്തിയപ്പോഴും നിലവിൽ താലൂക്ക് ആശുപത്രിയായപ്പോഴും കുടിവെള്ള ലഭ്യതയ്ക്കുള്ള സംവിധാനം പഴയതുതന്നെ. ആശുപത്രി പി.എച്ച്.സി.ആയിരുന്നപ്പോഴേ ആവശ്യത്തിനുള്ള വെള്ളം കിണറ്റിൽ ഇല്ലാത്തതുകാരണമാണ് വാട്ടർ അതോറിറ്റിയുടെ പൈപ്പ് കണക്ഷൻ എടുക്കുന്നത്. എന്നാൽ വാട്ടർ അതോറിറ്റിയിൽ നിന്ന് കിട്ടുന്ന വെള്ളം ശേഖരിച്ച് വയ്ക്കുന്നതിനുള്ള ശേഷി ഇവിടുത്തെ ടാങ്കിനില്ല. ആകെ പൈപ്പ് കണക്ഷൻ വഴി വെള്ളം വരുന്നത് ആഴ്ചയിൽ മൂന്ന് ദിവസം മാത്രമാണ്. അതും കൃത്യമല്ല. വെള്ളം മുടങ്ങാതിരിക്കാൻ ആശുപത്രിയിൽ കുഴൽക്കിണർ നിർമ്മിച്ചെങ്കിലും അതും വിജയം കണ്ടില്ല. വെള്ളമില്ലാതെ രോഗികളും കൂട്ടിരിപ്പുകാരും ബഹളം മുണ്ടാക്കിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം ഫയർഫോഴ്സ് വെള്ളമെത്തിച്ചെങ്കിലും അത് മലിനജലമായിരുന്നു. പാറക്കുഴിയിലെ വെള്ളമെന്നാണ് നാട്ടുകാരും രോഗികളും പറയുന്നത്. അടിയന്തരമായി താലൂക്ക് ആശുപത്രിയിൽ കുടിവെള്ളമെത്തിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നാണ് പൊതു ആവശ്യം.