തിരുവനന്തപുരം : രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജിയിൽ കേരള ടെക്‌നിക്കൽ സർവകലാശാലയുടെ പുതിയ ബി.ടെക് കോഴ്സ് ആരംഭിച്ചു. മന്ത്രി കെ.ടി. ജലീൽ എല്ലാ എൻജിനിയറിംഗ് കോളേജുകളിലുമായി വീഡിയോ സ്ക്രീനിംഗ് പ്രകാരം തുടക്കമിട്ട പുതുക്കിയ ബി.ടെക് പാഠ്യക്രമത്തിൽ വിവിധ വിഭാഗങ്ങളിലായി ശാസ്ത്ര സാങ്കേതിക രംഗത്തെ വിദഗ്ദ്ധരെ ഉൾപ്പെടുത്തി പഠന ചർച്ചാ ക്ളാസുകളും സെമിനാറുകളും നടത്തും. യോഗാപരിശീലനം, വീഡിയോ ഷോകൾ, ഗ്ളാസ് പെയിന്റിംഗ്, സംഗീത - ഡാൻസ് ക്ളാസുകൾ, ക്വിസ് മത്സരങ്ങൾ, ഗണിത മത്സരങ്ങൾ എന്നിവയും ശാസ്ത്ര അഭിരുചി വികസിപ്പിക്കുന്നതിനായി കോളേജിലെ ഇന്നോവേഷൻ ലബോറട്ടറിയിൽ പരിശീലനവും നൽകും.

കേരള ടെക്‌നിക്കൽ സർവകലാശാലയുടെ ഇൻഡക്ഷൻ പ്രോഗ്രാം സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായി രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജിയിൽ സംഘടിപ്പിച്ച സമ്മേളനം മാനേജിംഗ് കൺസൾട്ടന്റ് എൻ. സേതുമാധവൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. രവീന്ദ്രനാഥൻ, വൈസ് പ്രിൻസിപ്പൽ ഡോ.കെ. ബാലൻ, പ്രൊഫ. രജിത്ത് കെ. നായർ, ഡോ. മഹേഷ് കൃഷ്ണ, ഡോ.എം.ഡി. ശ്രീകുമാർ, ഡോ. സാം, ഡോ. വി.ടി. ഗോപകുമാർ തുടങ്ങി വിവിധ എൻജിനിയറിംഗ് വിഭാഗം മേധാവികൾ പങ്കെടുത്തു.