യു.ഡി.എഫിന്റെ സെക്രട്ടേറിയറ്റ് ഉപരോധത്തിൽ നിന്ന് ജോസഫ് വിഭാഗം വിട്ടുനിന്നു
തിരുവനന്തപുരം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലി കേരള കോൺഗ്രസിലെ ജോസഫ്, ജോസ് വിഭാഗങ്ങൾ തമ്മിൽ ഉടലെടുത്ത തർക്കം ഇന്നലെ പുലർച്ചെ രണ്ട് മണിവരെ നീണ്ട മാരത്തൺ ചർച്ചകൾക്കൊടുവിൽ പരിഹരിച്ചെങ്കിലും, മുന്നണിക്കുള്ളിൽ പുതിയ അസ്വസ്ഥതയ്ക്ക് അത് വഴിമരുന്നിട്ടു.
ജോസ് കെ. മാണി പക്ഷത്തിന് പ്രാമുഖ്യം കൊടുക്കുന്ന സമീപനം യു.ഡി.എഫ് നേതൃത്വത്തിൽ നിന്നുണ്ടായെന്ന വികാരം പങ്കിടുന്ന പി.ജെ. ജോസഫ് പക്ഷം വ്രണിത ഹൃദയരാണ്. ഇന്നലെ യു.ഡി.എഫിന്റെ സെക്രട്ടേറിയറ്റ് ഉപരോധസമരത്തിൽ നിന്ന് ജോസഫും സി.എഫ്. തോമസും മോൻസ് ജോസഫും അടക്കമുള്ള മുൻനിര നേതാക്കൾ വിട്ടുനിന്നത് പ്രതിഷേധത്തിന്റെ സൂചനയായി. ആ പക്ഷത്ത് നിന്ന് തോമസ് ഉണ്ണിയാടൻ മാത്രമാണ് പങ്കെടുത്തത്. കോട്ടയത്ത് നിൽക്കേണ്ടത് അനിവാര്യമായതിനാൽ സമരത്തിൽ പങ്കെടുത്തില്ലെന്നാണ് അവരുടെ വിശദീകരണം. ജോസ് കെ. മാണി സമരത്തിന്റെ മുൻനിരയിലുണ്ടാവുകയും ചെയ്തു. ഇടത് സർക്കാരിനെതിരായ ഉപരോധ സമരം തിരുവനന്തപുരത്ത് നടക്കുന്ന വേളയിൽ തന്നെ, കോട്ടയത്ത് പി.ജെ. ജോസഫ് യു.ഡി.എഫ് സമീപനത്തിലുള്ള അതൃപ്തി പരസ്യമാക്കി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വേണമെന്ന നിലപാടിൽ നിന്ന് ഒരിഞ്ച് പിന്മാറാൻ ഇരുപക്ഷവും കൂട്ടാക്കാതിരുന്നതോടെയാണ് ബുധനാഴ്ച രാത്രി ആരംഭിച്ച ഉഭയകക്ഷിചർച്ചകളിൽ കോൺഗ്രസ് നിലപാട് കടുപ്പിച്ചത്. ഒത്തുതീർപ്പിന് വഴങ്ങിയില്ലെങ്കിൽ പ്രസിഡന്റ് സ്ഥാനം തങ്ങൾ തന്നെ ഏറ്റെടുക്കുമെന്ന് കോൺഗ്രസ് നേതൃത്വം കടുപ്പിച്ചതോടെയാണ്, ഒത്തുതീർപ്പ് ഫോർമുലയെന്ന നിലയിൽ അവശേഷിക്കുന്ന കാലാവധി തങ്ങൾ പങ്കിട്ടെടുക്കാമെന്ന നിലയിലേക്ക് ഇരുവിഭാഗങ്ങളും വഴങ്ങിയത്. എന്നാൽ ആദ്യ അവസരത്തെച്ചൊല്ലി വീണ്ടും ഇരുകൂട്ടരും തർക്കിച്ചത് ചർച്ച നീളാനിടയാക്കി.
പ്രസിഡന്റ് സ്ഥാനം പങ്കിടുന്നതുമായി ബന്ധപ്പെട്ട് തുടക്കത്തിലുണ്ടാക്കിയ കരാറിൽ, കോൺഗ്രസ് സ്ഥാനമൊഴിയുമ്പോൾ ജോസ് പക്ഷത്തുള്ള സെബാസ്റ്റ്യൻ കുളത്തിങ്കലിന് നൽകാമെന്ന് പേരുപറഞ്ഞ് എഴുതിച്ചേർത്തിരുന്നു. ഈ സാഹചര്യത്തിൽ ഏതെങ്കിലും വിഭാഗത്തിനല്ല, ആ വ്യക്തിക്ക് നൽകുന്നുവെന്ന വാദമാണ് കോൺഗ്രസ് ഉയർത്തിയത്. പഞ്ചായത്ത് ഭരണസമിതിയിൽ കേരള കോൺഗ്രസിന്റെ ആറ് അംഗങ്ങളിൽ നാല് പേരുടെ പിന്തുണ ജോസ് പക്ഷത്തിനായതും ആദ്യ ടേം അവർക്കനുകൂലമാക്കുന്നതിൽ കാര്യങ്ങളെത്തിച്ചു. രണ്ടംഗങ്ങളുള്ള ജോസഫിന് ആറ് മാസം നൽകുന്നത് അതിനാലാണെന്നും കോൺഗ്രസ് വൃത്തങ്ങൾ പറയുന്നു.
എന്നാൽ, ആദ്യ ഊഴം കിട്ടിയില്ലെങ്കിൽ മുന്നണി വിടുമെന്ന ഭീഷണി ഉയർത്തിയാണ് ജോസ് പക്ഷം അത് നേടിയെടുത്തതെന്ന ആക്ഷേപം ജോസഫ് ക്യാമ്പുയർത്തുന്നുണ്ട്. മുന്നണിക്ക് കോട്ടമുണ്ടാകാതിരിക്കാനാണ് വഴങ്ങിയത്. മുന്നണിക്കായി വിട്ടുവീഴ്ച ചെയ്യുന്ന തങ്ങളെ നേതൃത്വം അവഗണിക്കുന്നുവെന്ന പരിഭവമാണ് ഇന്നലെ സമരത്തിൽ നിന്നുൾപ്പെടെ പ്രമുഖരെ വിട്ടുനിൽക്കാൻ പ്രേരിപ്പിച്ചത്. രാജ്യസഭാ, ലോക്‌സഭാ സീറ്റുകളുടെ കാര്യത്തിലുണ്ടായത് ജില്ലാ പഞ്ചായത്തിലും ആവർത്തിക്കപ്പെട്ടുവെന്നാണ് പറയുന്നത്.
മുന്നണിയിലെത്തിയ ശേഷം അവഗണന മാത്രമാണെന്ന വികാരമാണ് ജോസഫ് പക്ഷത്തിന്. കെ.എം. മാണിയും കൂട്ടരും യു.ഡി.എഫ് വിട്ടപ്പോൾ തിരിച്ചെത്തിക്കാൻ മുൻകൈയെടുത്തിട്ടും രാജ്യസഭാ, ലോക്‌സഭാ സീറ്റുകളുടെ കാര്യം വന്നപ്പോൾ അവഗണിച്ചു.