വെമ്പായം: മേഖലയിൽ പകർച്ചവ്യാധികൾ വ്യാപകമാകുമ്പോഴും കന്യാകുളങ്ങര കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ആവശ്യത്തിന് ജീവനക്കാരില്ല. ഉച്ചകളിഞ്ഞാൽ ഇവിടെ ഒരു ഡോക്ടറും നഴ്സും മാത്രമാണ് ഡ്യൂട്ടിയിൽ ഉണ്ടാവുക. പനി ഉൾപ്പടെ പകർച്ചവ്യാധികൾ വ്യാപകമായതോടെ ഉച്ചകഴിഞ്ഞും ഇവിടെ രോഗികളുടെ വൻതിരക്കാണ്. അപകടങ്ങളിൽ പരുക്കേറ്റ് വരുന്ന രോഗികളുടെ മുറിവ് തുന്നികെട്ടുന്നതിന് പോലും ആശുപത്രിയിൽ ആളില്ലാത്ത അവസ്ഥയാണ്. ഇത് കാരണം ആശുപത്രിയിൽ എത്തുന്ന രോഗികളെ പലപ്പോഴും മെഡിക്കൽ കോളേജിലേക്ക് വിടുകയാണ് ചെയ്യുന്നത്.
കുറച്ച്നാൾ മുൻപ് വരെ പ്രസവ പരിരക്ഷാ ചികിത്സകൾ ഉൾപ്പടെ മാതൃകാ പരമായി പ്രവർത്തിച്ചു വന്നിരുന്ന ആശുപത്രിയായിരുന്നു ഇത്. ആവശ്യത്തിന് സൗകര്യങ്ങളുണ്ടായിട്ടും ഡോക്ടർമാരുടെ കുറവ് കിടത്തി ചികിത്സിക്കുന്നവരുടെ എണ്ണം ദിനം പ്രതി കുറയാൻ കാരണമായിട്ടുണ്ട്.
മേഖലയിലെ ഏക കമ്മ്യൂണിറ്റി സെന്ററാണ് കന്യാകുളങ്ങരയയിലുള്ള ഈ ആശുപത്രി. പിന്നെയുള്ളത് വാമനപുരത്തെ പ്രാഥമിക ചികിത്സ കേന്ദ്രവും നെടുമങ്ങാട് താലൂക്ക് ആശുപത്രിയുമാണ്. രോഗികൾക്ക് ഇവിടങ്ങളിലെത്താൻ കിലോമീറ്ററുകൾ താണ്ടണം. പ്രാഥമിക ചികിത്സാ കേന്ദ്രമായിരുന്ന ആശുപത്രിയെ സി.എച്ച്.സിയായി ഉയർത്തിയപ്പോൾ അതിന് ആനുപാതികമായി ഡോക്ടർമാരെയും സ്റ്റാഫ് നഴ്‌സുമാരെയും നിയമിച്ചിരുന്നതാണ്. പിന്നീട് ജീവനക്കാരുടെ എണ്ണം ഒന്നൊന്നായി കുറയുകയായിരുന്നു.
അറുപത് പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്. കിടത്തി ചികിത്സ ആവശ്യമായി വരുന്ന രോഗികളെ നെടുമങ്ങാടുള്ള താലൂക്ക് ആശുപത്രിയിലേക്കും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പറഞ്ഞുവിടുകയാണ് ചെയ്യുന്നതെന്നും ആക്ഷേപമുണ്ട്.