hiway

കഴക്കൂട്ടം: കേരളത്തിലെ ഏറ്റവും നീളം കൂടിയ കഴക്കൂട്ടത്തെ എലിവേറ്റഡ് ഹൈവേയുടെ നിർമ്മാണം പുരോഗമിക്കുകയാണ്. 30 മീറ്റർ ഇടവിട്ട് 71 കോൺക്രീറ്റ് തൂണുകൾ സ്ഥാപിച്ചാണ് ടെക്നോപാർക്ക് ഫേസ് ത്രീ മുതൽ ദേശീയപാതയിൽ സി.എസ്.ഐ ആശുപത്രി വരെ 2.72 കിലോമീറ്ററിൽ എലിവേറ്റഡ് ഹൈവേ നിർമ്മിക്കുന്നത്. ആദ്യഘട്ടമെന്ന നിലയിൽ 25 തൂണുകളുടെ പണി പുരോഗമിക്കുകയാണ്. ഒരു മാസത്തിനകം ഇത് പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. നൂറുകണക്കിന് തൊഴിലാളികൾ രാവും പകലും ഇടതടവില്ലാതെ ഹൈവേയുടെ നിർമ്മാണത്തിന് രംഗത്തുണ്ട്. കഴക്കൂട്ടം ജംഗ്ഷൻ മുതൽ സി.എസ്.ഐ ആശുപത്രി വരെ ഏറ്റെടുത്ത ഭൂമിക്ക് നഷ്ടപരിഹാരം ഇതുവരെ നൽകിയിട്ടില്ല. ആറ്റിൻകുഴി മുതൽ കഴക്കൂട്ടം ജംഗ്ഷൻ വരെയുള്ള നാലുവരിപ്പാത അടച്ച് ഇരുവശത്തെ സർവീസ് റോഡുകൾ വഴിയാണ് നിലവിൽ വാഹനങ്ങൾ കടത്തിവിടുന്നത്. കഴക്കൂട്ടം ജംഗ്ഷൻ കഴിഞ്ഞ് പണി ആരംഭിക്കുമ്പോൾ സി.എസ്.ഐ ആശുപത്രി വരെയുള്ള ദേശീയപാത അടയ്ക്കും. തുടർന്ന് സർവീസ് റോഡുകൾ നിർമ്മിച്ച് വാഹനങ്ങൾ കടത്തിവിടുന്നതിന് മുന്നോടിയായി കഴക്കൂട്ടം മുതൽ സി.എസ്.ഐ ആശുപത്രി വരെയുള്ള ഇരുവശത്തെയും മരങ്ങൾ മുറിച്ച് മാറ്റുകയാണ്. നാല് വർഷം മുമ്പ് നാട്പാക്കിന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണ് ടെക്‌നോപാർക്ക് മുതൽ കഴക്കൂട്ടം വരെ എലിവേ​റ്റഡ് ഹൈവേ നിർമ്മിക്കണമെന്ന ആശയം ഉയർന്നത്. കഴക്കൂട്ടം - മുക്കോല പാതയിരട്ടിപ്പിക്കലിന്റെ നിർമ്മാണ ഉദ്ഘാടന സമയത്ത് കേന്ദ്രമന്ത്റി നിതിൻ ഗഡ്കരിയാണ് പാത ഇരട്ടിപ്പിക്കലിൽ ഉൾപ്പെടാതിരുന്ന ഈ പദ്ധതി പ്രഖ്യാപിച്ചത്.

1.എലിവേറ്റഡ് ഹൈവേ - സി.എസ്.ഐ ആശുപത്രി മുതൽ

ടെക്‌നോപാർക്ക് വരെ.

2.ദൂരം - 2 .72 കിലോമീ​റ്റർ

3. റോഡിന്റെ വീതി - 45 മീ​റ്റർ

4. കഴക്കൂട്ടം ജംഗ്ഷൻ മുതൽ സി.എസ്.ഐ ആശുപത്രി വരെയുള്ള 1.32 കിലോമീ​റ്ററിന് നിലവിൽ 30 മീ​റ്റർ വീതി

5.നിർമ്മാണച്ചുമതല - ആർ.ഡി.എസ് (രാമേശ്വർ ദയാൽ ആൻഡ് സൺസ്), സി.വി.സി.സി (ചെറിയാൻ വർക്കി കൺസ്ട്രക്‌ഷൻ)

6.കാലാവധി - 24 മാസം

ഫോട്ടോ: നിർമ്മാണം പുരോഗമിക്കുന്ന കഴക്കൂട്ടത്തെ

എലിവേറ്റഡ് ഹൈവേയുടെ കോൺക്രീറ്റ് തൂണുകൾ