വിതുര: തൊളിക്കോട് പഞ്ചായത്തിലെ ചായം വർഡിലെ മൺപുറം-നടുവത്തുമുറി റോഡിന് ഒടുവിൽ ശാപമോക്ഷമായി. വർഷങ്ങളായി തകർന്നു തരിപ്പണമായി കിടക്കുന്ന ഇൗ റോഡിലൂടെയുള്ള വാഹനയാത്രയും കാൽനടയാത്രയും അസാദ്ധ്യമാണ്. റോഡിന്റെ തകർച്ച മൂലം അനവധി അപകടങ്ങൾ അരങ്ങേറി. ബൈക്കപകടങ്ങളുടെ പരമ്പര തന്നെ നടന്നിട്ടുണ്ട്. റോഡ് ടാറിംഗ് നടത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാർ നിരവധി തവണ ത്രിതല പഞ്ചായത്ത് അധികാരികൾക്കും പൊതുമരാമത്ത് വകുപ്പ് അധികാരികൾക്ക് നിവേദനം നൽകിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് വേളകളിൽ വോട്ട് തേടിയെത്തുന്ന രാഷ്ട്രീയ കക്ഷിക്കാരോട് റോഡിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടാറുണ്ടെങ്കിലും എല്ലാം ശരിയാക്കാമെന്ന് മറുപടിയാണ് ലഭിക്കാറുള്ളത്. എന്നാൽ കാര്യം സാധിച്ചുകഴിഞ്ഞാൽ തിരിഞ്ഞുനോക്കാറില്ലെന്ന് നാട്ടുകാർ പറയുന്നു. മഴക്കാലമായാൽ റോഡ് ചെളിക്കളമായി മാറും. പൊട്ടി പൊളിഞ്ഞ് കിടക്കുന്ന റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് കേരളകൗമുദി അനവധി തവണ വാർത്ത നൽകിയിട്ടുണ്ട്. ഒടുവിൽ കെ.എസ്. ശബരിനാഥൻ എം.എൽ.എ ഫണ്ടിൽ നിന്നും 22 ലക്ഷം രൂപ അനുവദിക്കുകയായിരുന്നു. റോഡിന്റെ നിർമ്മാണോദ്ഘാടനം കെ.എസ്. ശബരിനാഥൻ എം.എൽ.എ നിർവഹിച്ചു. ചായം വാർഡ്മെമ്പർ ബി. ബിജു, കോൺഗ്രസ് തൊളിക്കോട് മണ്ഡലം പ്രസിഡന്റ് ചായം സുധാകരൻ വിവിധ രാഷ്ട്രീയ കക്ഷിനേതാക്കളും കുടുംബശ്രീ പുരുഷസ്വാശ്രയസംഘം ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു. ചായം-മൺപുറം-നടുവത്തുമുറി- റോഡ് ഗതാഗതയോഗ്യമാക്കുന്നതിനായി തുക അനുവദിച്ച കെ.എസ്. ശബരിനാഥൻ എം.എൽ.എക്ക് ചായം രാജീവ് ഗാന്ധി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഭാരവാഹികളും കോൺഗ്രസ് ചായം വാർഡ് കമ്മിറ്റിയും നന്ദി രേഖപ്പെടുത്തി.