വർക്കല: അടഞ്ഞു കിടക്കുന്ന മൈതാനം റെയിൽവേ ഗേറ്റിനു മുകളിൽ ഫുട്ട് ഓവർബ്രിഡ്ജ് നിർമ്മിക്കണമെന്ന ആവശ്യം ഇനിയും പരിഹരിക്കപ്പെടുന്നില്ല. വർക്കലയെ രണ്ടായി വിഭജിക്കുന്ന റെയിൽവേ പാതയിൽ തിരക്കേറിയ ജംഗ്ഷനാണ് മൈതാനം ഗേറ്റ്. 17 വർഷം മുൻപ് പൂട്ടിയ ഗേറ്റിനു ബദലായി റെയിൽവേ അണ്ടർപാസേജ് നിർമ്മിച്ചെങ്കിലും മൈതാനം ഗേറ്റിന്റെ ഇരുഭാഗത്തെയും പ്രദേശങ്ങളിലെ ജനങ്ങളുടെ യാത്രാക്ലേശത്തിന് പരിഹാരം കാണാൻ അധികൃതർക്ക് കഴിഞ്ഞില്ല.
വർഷങ്ങൾക്ക് മുൻപ് റെയിൽവേ മന്ത്റിയായിരുന്ന നിതീഷ് കുമാറും പിന്നീട് ലാലുപ്രസാദ് യാദവും ശിവഗിരി സന്ദർശന വേളയിൽ റെയിൽവേ ഗേറ്റ് പുനഃസ്ഥാപിക്കുമെന്നും കാൽനടയാത്രക്കാർക്കായി നടപ്പാലം നിർമ്മിക്കുമെന്നും പരസ്യപ്രസ്താവന നടത്തിയിരുന്നു. നിതീഷ് കുമാറാകട്ടെ നേരിട്ട് സ്ഥലം സന്ദർശിച്ചു. ലാലുപ്രസാദ് യാദവിന്റെ ഇടപെടലിനെ തുടർന്ന് ലെവൽക്രോസ് പുനഃസ്ഥാപിക്കുന്നതിനുളള നടപടികൾ ആരംഭിക്കുകയും ഇതിന്റെ ഭാഗമായി കാവൽപുര കെട്ടുകയും ലൈനിന്റെ വശങ്ങളിൽ കോൺക്രീറ്റ് സ്ലാബുകൾ ഉറപ്പിച്ച് വാഹന സഞ്ചാരയോഗ്യമാക്കുകയും ചെയ്തിരുന്നു. എന്നാൽ റെയിൽവേ സേഫ്റ്റിയുമായി ബന്ധപ്പെട്ട് ഉദ്യാഗസ്ഥർ സാങ്കേതിക തടസങ്ങൾ ഉന്നയിച്ചതിനെ തുടർന്ന് ഗേറ്റ് ഗതാഗതത്തിന് തുറന്നു നൽകിയില്ല. ഇട്ട സ്ലാബുകൾ ഇളക്കി മാറ്റുകയും ചെയ്തു. റെയിൽവേ സഹമന്ത്റിയായിരുന്ന ഇ. അഹമ്മദ് ഈ വിഷയത്തിൽ ഇടപെട്ടെങ്കിലും റെയിൽവേ ഉദ്യാഗസ്ഥരുടെ മനോഭാവത്തിന് മാറ്റമുണ്ടായില്ല. ഫുട്ട് ഓവർബ്രിഡ്ജ് നിർമ്മാക്കാമെന്ന റെയിൽവേയുടെ വാഗ്ദാനവും ജലരേഖയായി മാറി.