തിരുവനന്തപുരം: ജയ്ശ്രീറാം നിർബന്ധമായി വിളിപ്പിക്കുന്നതിനെതിരെ പ്രതികരിച്ച സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെതിരായ ബി.ജെ.പിയുടെ ഭീഷണി അപലപനീയമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.
രാജ്യത്തിന് നിരവധി അഭിമാന മുഹൂർത്തങ്ങൾ സമ്മാനിച്ചിട്ടുള്ള അടൂരിനെതിരെയാണ് ബി.ജെ.പി അസഹിഷ്ണുതയുടെ വാളോങ്ങിയത്. മോദി സർക്കാർ രണ്ടാമത് അധികാരമേറ്റതിന് ശേഷവും ഇത്തരം അതിക്രമങ്ങൾ തുടരുന്ന പശ്ചാത്തലത്തിലാണ് സാംസ്കാരിക നായകർ രംഗത്തെത്തിയത്. ഇവരെയെല്ലാം ബി.ജെ.പി ചന്ദ്രനിലേക്ക് അയക്കുമോ?. ജയ്ശ്രീറാം മുഴക്കാനാണ് ജനങ്ങൾ വോട്ട് ചെയ്തതെന്ന് പറയുന്ന ബി.ജെ.പി വക്താവ് മൂഢസ്വർഗത്തിലാണ്. നിർബന്ധിപ്പിച്ച് ജയ് വിളിപ്പിക്കുന്നത് മതനിരപേക്ഷ രാഷ്ട്രത്തിന് ചേർന്നതല്ല. സാംസ്കാരിക നായകർക്കെതിരായ പ്രസ്താവന പിൻവലിച്ച് പൊതുസമൂഹത്തോട് മാപ്പ് പറയാൻ ബി.ജെ.പി തയ്യാറാകണമെന്നും മുല്ലപ്പള്ളി പറഞ്ഞു.