തിരുവനന്തപുരം: അക്രമത്തിന്റെ പേരിൽ യൂണിവേഴ്‌സിറ്റി കോളേജിനെ തകർക്കാൻ സംഘടിത ശ്രമം നടക്കുന്നുവെന്നാരോപിച്ച് എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ 'തെറ്റിനെക്കാൾ വലയി ശരിയാണ് ഞങ്ങൾ' എന്ന മുദ്രാവാക്യം ഉയർത്തി മഹാപ്രതിരോധം തീർത്തു. ഇന്നലെ രാവിലെ പത്തോടെ ആരംഭിച്ച പരിപാടിയിൽ മുൻകാല വിദ്യാർത്ഥികൾ, എസ്.എഫ്.ഐ പ്രവർത്തകർ, നേതാക്കൾ, അദ്ധ്യാപകർ, പ്രിൻസിപ്പൽമാർ, എന്നിവരും സി.പി.എം നേതാക്കളും പ്രവർത്തകരും പ്രതിരോധം തീർക്കാനെത്തി. പ്രതിരോധത്തിൽ ആയിരത്തോളം വിദ്യാർത്ഥികൾ അണിനിരന്നു. പരിപാടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യൂണിവേഴ്‌സിറ്റി കോളേജിൽ നിന്ന് വൻ വിദ്യാർത്ഥി പങ്കാളിത്തത്തോടെയുള്ള പ്രകടനം കാമ്പസിന് പുറത്തെത്തി.
യൂണിവേഴ്‌സിറ്റി കോളേജിന് മുന്നിൽ ശുഭ്രപതാകകളുമായി ആടിയും പാടിയും നൃത്തം ചെയ്‌തും ചിത്രം വരച്ചും മഹാപ്രതിരോധത്തിന്റെ പുത്തൻ സമരാദ്ധ്യായത്തിനാണ് എസ്.എഫ്.ഐ തുടക്കം കുറിച്ചത്. യൂണിവേഴ്‌സിറ്റി കോളേജിലെ പൂർവ വിദ്യാർത്ഥിയും വിഖ്യാത ചലച്ചിത്രകാരനുമായ ഷാജി എൻ. കരുൺ മഹാപ്രതിരോധം ഉദ്‌ഘാടനം ചെയ്‌തു. തെറ്റ് പറ്റിയത് സമ്മതിച്ചെന്നും എന്നാൽ തിരുത്തിയ ശേഷവും എസ്.എഫ്.ഐയെ വേട്ടയാടുകയാണെന്നും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി സച്ചിൻ ദേവ് പറഞ്ഞു. എം.ജി റോഡിന് ഇരുവശവുമായി കോളേജിനോട് ചേർന്ന് പ്രത്യേക പന്തൽ ഒരുക്കിയിരുന്നു.
യൂണിവേഴ്‌സിറ്റി കോളേജ് എസ്.എഫ്.ഐ യൂണിറ്റ് കൺവീനർ എ.ആർ. റിയാസ് അദ്ധ്യക്ഷനായി. ഗ്രാൻഡ് മാസ്‌റ്റർ ജി.എസ്. പ്രദീപ്, കവി ഗിരീഷ് പുലിയൂർ, മുൻ പ്രിൻസിപ്പൽമാരായ പ്രൊഫ. ജി. ഗോപാലകൃഷ്‌ണൻ, പ്രൊഫ. വി. മാധവൻ പിള്ള എന്നിവർ സംസാരിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം. വിജയകുമാർ, വി. ശിവൻകുട്ടി, എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി.എ. വിനീഷ്, പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി വിനോദ് വൈശാഖി, ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി എസ്.പി. ദീപക് തുടങ്ങി യവരും അഭിവാദ്യം അർപ്പിക്കാനെത്തി. യൂണിവേഴ്‌സിറ്റി കോളേജ് യൂണിയൻ മുൻ ചെയർമാനും നിലവിൽ ട്രാവൻകൂർ ടൈറ്റാനിയം ചെയർമാനുമായ എ.എ. റഷീദ് സ്വാഗതവും എസ്.എഫ്.ഐ യൂണിറ്റ് ജോയിന്റ് കൺവീനർ സി. വീണ നന്ദിയും പറഞ്ഞു.