july25a
രാജൻ പത്രോസ്,​ പ്രതാപൻ,​ അബ്ദുൾ വഹാബ്,​ ഷെമീർ എന്നിവർ

ആറ്റിങ്ങൽ: 20 ലക്ഷത്തോളം രൂപയുടെ വ്യാജ നോട്ടും നോട്ട് അടിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളുമായി അഞ്ച് പേർ പൊലീസ് പിടിയിലായി. വ്യാജ നോട്ടടിക്കുന്ന സംഘത്തിലെ മുഖ്യ പ്രതി കോഴിക്കോട് കുന്നമംഗലം പുൽപ്പറമ്പിൽ ഹൗസിൽ ഷെമീർ (38), കടയ്ക്കാവൂർ തെക്കുംഭാഗം തീർത്ഥം വീട്ടിൽ രാജൻ പത്രോസ് (61), ചിറയിൻകീഴ് കൂന്തള്ളൂർ, തിട്ടയിൽ മുക്കിൽ പിണർവിളാകത്ത് വീട്ടിൽ നാസർ എന്ന് വിളിക്കുന്ന പ്രതാപൻ (48), പോത്തൻകോട് നന്നാട്ടുകാവിൽ ബിലാൽ മൻസിലിൽ അബ്ദുൾ വഹാബ് (52),​ ഫെറോക്ക് സ്വദേശി ഉണ്ണിക്കൃഷ്ണൻ എന്ന റഷീദ്‌ (50)​ എന്നിവരാണ് പിടിയിലായത്.

കുന്നമംഗലത്തും ഫെറോക്കിലും നടത്തിയ റെയ്ഡിലാണ്‌ റഷീദിനെ (50) പിടികൂടിയത്. വ്യാജ നോട്ട് അടിക്കുന്ന ഉപകരണങ്ങളും 14 ലക്ഷത്തോളം രൂപയും അവിടെനിന്നു കണ്ടെടുത്തെന്ന് ആറ്റിങ്ങൽ സി.ഐ വി.വി. ദിപിൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇനിയും കൂടുതൽ പ്രതികൾ ഉണ്ടാകുമെന്നാണ് നിഗമനം.

വലയിലായത് ഇങ്ങനെ....

ആറ്റിങ്ങലിലെ ഒരു സ്വകാര്യ ആശുപത്രിയിൽ കുട്ടിയുടെ ചികിത്സയ്ക്കായി എത്തിയ രാജൻ പത്രോസ് ബില്ല് അടയ്ക്കാനായി നൽകിയത് 2500 രൂപയാണ്. ഒരു 2000 ന്റെ നോട്ടും ഒരു അഞ്ഞൂറും. രണ്ടു നോട്ടുകളും വ്യാജമാണെന്ന് തിരിച്ചറിഞ്ഞ ജീവനക്കാരൻ ഇയാളെ ഇരിക്കാൻ പറഞ്ഞ് പൊലീസിൽ വിവരം അറിച്ചു. കഴിഞ്ഞൊരു ദിവസം 500 ന്റെ നോട്ട് ഇയാൾ നൽകിയിരുന്നു. ഇത് വ്യാജനാണെന്ന് കണ്ടെത്തി നശിപ്പിച്ചു. ആറ്റിങ്ങൽ എസ്.ഐ ശ്യാം എത്തി നോട്ട് പരിശോധിച്ച് വ്യാജനാണെന്ന് തിരിച്ചറിഞ്ഞ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ആദ്യം പിടിയിലായവരെക്കൊണ്ട് മൂന്നു ലക്ഷത്തിന്റെ ഓർഡർ നൽകിയാണ് ഷെമീറിനെ ആറ്റിങ്ങലിൽ വരുത്തിയത്.

വ്യാജ നോട്ട് നിർമ്മാതാവ് ഷെമീർ

കോഴിക്കോട് മുക്കം കള്ളന്തോട് എന്ന സ്ഥലത്ത് ഡി.ടി.പി സെന്ററിന്റെ മറവിലാണ്‌ ഷെമീർ വ്യാജ നോട്ടുകൾ നിർമ്മിച്ചിരുന്നത്. മുമ്പ് ജയിൽവാസം അനുഭവിച്ചിട്ടുള്ള ഷെമീർ കള്ളനോട്ട് കേസുകളിൽ നേരത്തേ പിടിയിലായവരിൽ നിന്നു ലഭിച്ച ഉപദേശപ്രകാരമാണ് വ്യാജ നോട്ട് നിർമ്മാണം ആരംഭിച്ചത്.

യഥാർത്ഥ നോട്ട് വിലകൂടിയ സ്കാനറിൽ പകർപ്പെടുത്ത് 75 ജി.എസ്.എം പേപ്പറിൽ പ്രിന്റ് ചെയ്ത് ഗ്ലീറ്റ് സ്റ്റിക്കർ ഒട്ടിച്ച് ഇസ്തിരി ഇട്ടാണ്‌ 2000,​ 500,​ 200 രൂപയുടെ നോട്ടുകൾ നിർമ്മിച്ചിരുന്നത്. ഒരുലക്ഷത്തി പതിനായിരം നല്ല നോട്ടുകൾ നൽകുമ്പോൾ 3 ലക്ഷത്തിന്റെ വ്യാജൻ നൽകും. ഒരുവർഷമായി വ്യാജ നോട്ട് നിർമ്മിച്ച് വിതരണം ചെയ്യുന്നതായി ഷെമീർ പറഞ്ഞു.