നെടുമങ്ങാട്: വാഹന പാർക്കിംഗും ഗതാഗതക്കുരുക്കും ഒഴിവാക്കാൻ നെടുമങ്ങാട് നഗരത്തിൽ പൊലീസ് സ്ഥാപിച്ച നോ പാർക്കിംഗ് ബോർഡുകളോട് 'നോ പറഞ്ഞ്' അനധികൃത പാർക്കിംഗുകാർ. പൊലീസ് മുൻകൈ എടുത്ത് സ്ഥാപിച്ച ബോർഡുകളെ നോക്കുകുത്തിയാക്കിയാണ് ഇപ്പോൾ അനധികൃത പാർക്കിംഗ്. കച്ചേരിനട മുതൽ ചന്തമുക്ക് വരെ പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിച്ച ബോർഡുകൾ ഉറപ്പിക്കണോ, ഇളക്കി മാറ്റണോ എന്നറിയാതെ കുഴങ്ങുകയാണ് പൊലീസുകാർ. തിരക്കേറിയ ജംഗ്‌ഷനുകളിൽ റോഡിന്റെ ഇരുവശത്തുമാണ് പാർക്കിംഗ് പുരോഗമിക്കുന്നത്. സ്കൂളും ഓഫീസും വിട്ട് കഴിഞ്ഞാൽ നഗരഹൃദയം ഗതാഗത കുരുക്കിലമരും. വാഹനങ്ങൾ നടപ്പാതകൾ കൈയേറി തലങ്ങും വിലങ്ങും പാർക്ക് ചെയ്യുന്നതോടെ വഴിയാത്രക്കാർ റോഡിൽ ഇറങ്ങി വാഹനങ്ങൾക്ക് നടുവിലൂടെ സാഹസികമായി സഞ്ചരിക്കേണ്ട ദുരവസ്ഥയാണ്. ആശുപത്രി ജംഗ്‌ഷൻ, കുളവിക്കോണം,പാളയം, സത്രംമുക്ക് എന്നിവിടങ്ങളിലും കാൽനടക്കാർ അപകടത്തിൽ പെടുന്നത് പതിവായിട്ടുണ്ട്. ഇതേതുടർന്ന് നഗരസഭയുടെ നിർദ്ദേശ പ്രകാരം പൊലീസ് ഇരുനൂറിലേറെ നോ പാർക്കിംഗ് ബോർഡുകളാണ് തയ്യാറാക്കിയത്.ആദ്യപടിയായി ചന്തമുക്ക് റോഡിൽ സ്ഥാപിച്ച ബോർഡുകളാണ് നോക്കുകുത്തിയായത്. ഓട്ടോ,ടാക്സി തൊഴിലാളികൾ, ട്രേഡ് യൂണിയൻ നേതാക്കൾ,വ്യാപാരികൾ, കെ.എസ്.ആർ.ടി.സി അധികൃതർ എന്നിവരുമായി പൊലീസ് മൂന്ന് വട്ടം യോഗം ചേർന്ന് നടപ്പിലാക്കിയ തീരുമാനമാണ് പാഴായത്.
''നമ്മുടെ നഗരം, സുരക്ഷിത നഗരം'' എന്ന പദ്ധതിക്കാണ് നഗരസഭയും പൊലീസും ചേർന്ന് രൂപം നൽകിയത്. സ്ത്രീകളുടെയും കാൽനട യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുക, സാമൂഹ്യവിരുദ്ധ ശല്യം അമർച്ച ചെയ്യുക, നിരോധിത പുകയില ഉത്പന്നങ്ങൾ കണ്ടെത്തുക, അനധികൃത വാഹന പാർക്കിംഗിന് അറുതി വരുത്തുക തുടങ്ങിയ നിർദേശങ്ങളാണ് പദ്ധതിയുടെ ഭാഗമായി അംഗീകരിച്ചത്. നെടുമങ്ങാട് സർക്കിൾ ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ ആരംഭിച്ച സുരക്ഷ നടപടികളെല്ലാം മുളയിലേ നുള്ളിയ അവസ്ഥയിലാണ് ! സ്ത്രീസുരക്ഷ ഉറപ്പാക്കാൻ വനിത പൊലീസുകാരെ നിയോഗിക്കാനും ബസ് സ്റ്റാൻഡിൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കാനും പദ്ധതി തയാറാക്കിയെങ്കിലും ഒന്നും നടപ്പായില്ല.